‘ഹോൺ മുഴക്കി, പക്ഷേ അവർക്കു രക്ഷപ്പെടാനായില്ല...’- കേരള എക്സ്പ്രസിലെ ലോക്കോപൈലറ്റ്

ഷൊർണൂർ/എറണാകുളം: “പെട്ടെന്നു വളവുതിരിഞ്ഞുവരികയായിരുന്നു. അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ ഹോണൊക്കെയടിച്ചു. പക്ഷേ, വളരെ അടുത്തായിരുന്നു. അവർക്കു രക്ഷപ്പെടാനായില്ല. രണ്ടുപേർ പാലത്തിൽനിൽക്കുന്നതാണു കണ്ടത്. അടിയന്തരസന്ദർഭങ്ങളിൽ മുഴക്കാറുള്ള ഹോണും മുഴക്കി. പക്ഷേ, അവർ വളരെ അടുത്തായിരുന്നു. പിന്നെ എന്തുപറ്റിയെന്ന് അറിയില്ല”-കേരള എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ചന്ദ്രശേഖർ എറണാകുളം സ്റ്റേഷനിലെത്തിയപ്പോൾ ‘മാതൃഭൂമി’ വാർത്താസംഘത്തോടു പറഞ്ഞു.
ഷൊർണൂർ റെയിൽവേ പാലത്തിൽവെച്ച്, തിരുവനന്തപുരത്തേക്കുപോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് മൂന്നേ അഞ്ചോടെ നടന്ന അപകടം അപ്പോൾത്തന്നെ ലോക്കോപൈലറ്റ് ബി കാബിനിലെ സ്റ്റേഷൻമാസ്റ്ററെ വിളിച്ച് അറിയിക്കുകയായിരുന്നു.
പാലത്തിലുണ്ടായിരുന്നവർക്ക് തീവണ്ടി വരുന്നതുകണ്ട് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ലെന്നാണു പ്രാഥമികവിവരം. മൂന്നുപേരെ തീവണ്ടി ഇടിച്ചിടുകയും മറ്റൊരാൾ പുഴയിലേക്കു ചാടുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സേലം റെയിൽവേസ്റ്റേഷനിൽനിന്ന് വണ്ടിയുടെ നിയന്ത്രണമേറ്റെടുത്ത ലോക്കോപൈലറ്റുമാരാണ് വണ്ടിയിലുണ്ടായിരുന്നതെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
‘വശത്തേക്കു മാറാനായതു രക്ഷയായി’
ഷൊർണൂർ: 'അവർ ഓടിമാറും മുൻപ് എൻജിൻ വന്നിടിച്ചു. ഞാനും മറ്റൊരാളും വശത്തേക്ക് ഇറങ്ങിനിന്നു'. അതുകൊണ്ട് രക്ഷപ്പെട്ടു.
കേരള എക്സ്പ്രസിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ ദൃക്സാക്ഷിയും കൂടെ ജോലിചെയ്തിരുന്ന തൊഴിലാളിയുമായ ശക്തിവേൽ പറഞ്ഞു.
കരാറുകാരനെതിരേ കേസെടുക്കുമെന്ന് റെയിൽവേ
പാലക്കാട്: ശുചീകരണ കരാറുകാരനെതിരേ ക്രിമിനൽ കേസെടുക്കുമെന്നും ഇദ്ദേഹത്തിന്റെ കരാർ റദ്ദാക്കുമെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ. പാളത്തിലൂടെ തീവണ്ടികൾ കടന്നുവരുമെന്ന് തൊഴിലാളികളെ ബോധവത്കരിച്ച് സുരക്ഷ ഉറപ്പാക്കാതിരുന്നതിനാണ് നടപടിയെന്ന് റെയിൽവേ പത്രക്കുറിപ്പിൽ പറഞ്ഞു. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിക്കുമെന്നും പത്രക്കുറിപ്പ് പറഞ്ഞു.
ട്രാക്കിലെ ചപ്പുചവറുകൾ പെറുക്കിമാറ്റാനാണ് കരാർ നൽകിയത്. എന്നാൽ, സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചിട്ടുള്ള പാലത്തിൽനിന്ന് ചപ്പുചവറുകൾ നീക്കേണ്ട ആവശ്യമില്ല. ഒന്നാം ലെവൽക്രോസ് മുതൽ ഭാരതപ്പുഴയിലെ പാലംവരെ ചപ്പുചവറുകൾ പെറുക്കിനീക്കാനുള്ള കരാറാണ് നൽകിയിരുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ലെവൽക്രോസിലേക്കു റോഡ് മാർഗം എത്താനുമാവും. പണിപൂർത്തിയാക്കിയശേഷം സ്റ്റേഷൻ പരിസരത്തെത്താൻ തൊഴിലാളികൾ റെയിൽവേപാലം ഉപയോഗിച്ചതാവാം അപകടത്തിനു കാരണമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാൽ സുരക്ഷാക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
ഷൊർണൂരിലേക്കുള്ള അപ് ലൈനിൽ മണിക്കൂറിൽ 30 കിലോമീറ്ററെന്ന വേഗനിയന്ത്രണം നിലവിലുണ്ട്. എന്നാൽ, ഡൗൺ ലൈനിൽ വേഗനിയന്ത്രണമില്ല. ഈ ട്രാക്കിലൂടെയാണ് തൊഴിലാളികൾ നടന്നുവന്നിരുന്നത്. വണ്ടി പോയതും ഇതേവഴിയാണ്. പാലക്കാട്-തൃശ്ശൂർ റെയിൽപ്പാതയിലെ പാലത്തിൽ തീവണ്ടികളുടെ പരമാവധിവേഗം മണിക്കൂറിൽ 70 കിലാമീറ്ററാണ്. ഇതേ വേഗത്തിലായിരുന്നു സഞ്ചാരം.
Content Highlights: about the kerala express accident