അഭിമന്യു വധക്കേസ്; രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി

#ന്യൂസ് ഡെസ്ക്

കൊച്ചി: അഭിമന്യു കൊലപാതകക്കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒക്ടോബർ 15നാണ് കേസിൽ പ്രതികളുടെ വിചാരണ ആരംഭിക്കുക. വിചാരണയ്ക്കിടെ കോടതി മുറിയിൽ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രതികൾ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. പരസ്യവിചാരണ കേസിനെ സ്വാധീനിക്കുമെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി.

മഹാരാജാസ് കോളേജിൽ പഠിക്കുന്ന വിദ്യാർഥികളാണ് കേസിലെ സാക്ഷികൾ. കോടതിക്ക് 30 മീറ്റർ അകലെ മാത്രമാണ് കോളേജ്. അതുകൊണ്ട് കുട്ടികൾ കൂടുതലായി കോടതിയിലേക്ക് വരുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും. പ്രതികളുടെ ഫോട്ടോ എടുക്കാൻ സാധ്യതയുണ്ട്. അത് അവരുടെ ഭാവിജീവിതത്തെ ബാധിക്കും തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ടുവെച്ചത്. എന്നാൽ ഈ വാദങ്ങൾ ഒന്നും അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ മൗലികമായ അവകാശമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രതികളുടെ ഹർജി തള്ളിയത്.

കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്. ഒക്ടോബർ 15 മുതൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സാക്ഷിവിസ്താരം ഉൾപ്പെടെയുള്ള മുഴുവൻ നിയമനടപടികളും പൂർത്തിയാക്കും. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. എട്ട് വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് പ്രതികൾ കോടതിയിൽ ഹാജരായത്.

Content Highlights: Ernakulam Principal Sessions Court rejected the accused's plea for a secret in-camera trial., Trial in the Abhimanyu murder case is set to begin on October 15., Court dismissed claims that public and media presence would influence the proceedings., High Court directed to complete the trial within four months.