അഭയ കേസിലെ നാര്‍ക്കോപരിശോധന: ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടെന്ന് ജോമോന്‍

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ | Photo -  Mathrubhumi archives
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ | Photo - Mathrubhumi archives

കോട്ടയം: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനയുടെ വീഡിയോ, ജസ്റ്റിസ് സിറിയക് ജോസഫ് ഫോറന്‍സിക് ലാബിലെത്തി കണ്ടെന്ന് കേസില്‍ നിയമപോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ജോമോന്റെ,' ദൈവത്തിന്റെ സ്വന്തം വക്കീല്‍' എന്ന ആത്മകഥയിലാണ് ഇക്കാര്യമുള്ളത്. ആത്മകഥ ഉടന്‍ പുറത്തിറങ്ങും. അന്ന് കര്‍ണാടക ചീഫ് ജസ്റ്റീസ് ആയിരുന്നു സിറിയക് ജോസഫ്.

2008 മേയ് 24-നാണ് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വീഡിയോ കണ്ടത്. 45 മിനിറ്റ് അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഇക്കാര്യം, സി.ബി.ഐ. എസ്.പി. നന്ദകുമാരന്‍ നായരുടെ റിപ്പോര്‍ട്ടിലുമുണ്ട്.

ജസ്റ്റിസ് അവിടെ എത്തിയതിന്റെ ചിത്രവും വീഡിയോയും സി.ബി.ഐ. സമര്‍പ്പിച്ചു. ലാബിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ.എസ്. മാലിനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റുചെയ്തത് 2008 നവംബര്‍ 19-നാണ്. അതിന് ആറ് മാസം മുമ്പായിരുന്നു ജസ്റ്റിസിന്റെ സന്ദര്‍ശനം.

നാര്‍ക്കോ പരിശോധന പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ അനുമതി തേടണമെന്നേ പറഞ്ഞിട്ടുള്ളൂ. ഈ കേസില്‍ മാനദണ്ഡങ്ങള്‍പ്രകാരമാണ് പരിശോധന നടത്തിയത്. ഇക്കാര്യം വിചാരണക്കോടതി മുമ്പാകെ ബോധിപ്പിക്കുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടെന്നും ജോമോന്‍ പറയുന്നു.

കേസില്‍ നല്ലൊരു സാക്ഷിയാകേണ്ട എസ്.ദാസിന്റെ മൊഴിയെടുത്തപ്പോഴും സി.ബി.ഐ.യ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ജോമോന്‍ വിശദീകരിക്കുന്നു. സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപമുള്ള ജെറുസലേം പള്ളിയുടെ കാവല്‍ക്കാരനായിരുന്നു ദാസ്.

പ്രതികള്‍ കോണ്‍വെന്റിന്റെ മതില്‍ച്ചാടി പോകുന്നത് കണ്ടെന്ന് ദാസ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മൊഴി രേഖപ്പെടുത്തിയപ്പോള്‍, സിസ്റ്റര്‍ അഭയ മരിച്ച രാത്രി എന്നുള്ളത് കൃത്യമായി ചോദിച്ച് എഴുതാഞ്ഞത് വീഴ്ചയായി. മറ്റൊരു സാക്ഷിയായ അടയ്ക്ക രാജു എല്ലാ പ്രതികളെയും സംഭവസമയത്ത് സ്ഥലത്ത് കണ്ടെന്ന് പറയുന്നുണ്ട്. രണ്ട് മൊഴികളും ഒത്തുനോക്കിയാല്‍ കുറവ് കണ്ടെത്താമായിരുന്നു- ആത്മകഥയില്‍ പറയുന്നു.

Content Highlights: Abhaya case Jomon Puthenpurakkal narco analysis Justice Cyriac Joseph