ഇനി കൊങ്ങിയും കമ്മിയുമില്ല; രണ്ടും കൂടി ചേര്‍ന്ന് കൊമ്മി മാത്രം-അബ്ദുള്ളക്കുട്ടി

കോഴിക്കോട്: സൈബര്‍ പോരാളികള്‍ പരസ്പരം വിളിക്കും പോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് കൊമ്മി എന്ന് വിളിക്കാമെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ബിജെപിക്കെതിരേ സി.പി.എമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. ബി.ജെ.പിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും എ.ബി അബ്ദുള്ളക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പി.ബി തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയന്‍ വിഭാഗവും ഒന്നിച്ച് മുന്നോട്ട് പോവാനുള്ള തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ സൈബര്‍ സഖാക്കള്‍ പറയുന്നത് പോലെ ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി. ബി.ജെ.പിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി നിലപാടിനെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ട് ബേജാറായിട്ടാണ് ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറിയിരിക്കുന്നു. സി.പി.എം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സകല തീവ്രവാദി ഗ്രൂപ്പുകളുമായി പോലും സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വലിയ പ്രത്യാഘാതം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
Content Highlights: