ആദിവാസിയുവതി പ്രസവിച്ചത് കാട്ടില്‍; രാത്രി മുഴുവന്‍ കാവലിരുന്ന് കുടുംബം

പാലക്കാട്: മംഗലം ഡാം തളികക്കല്ല് ആദിവാസി ഊരില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം ഉള്‍ക്കാട്ടിലേക്ക് പോയ ഗര്‍ഭിണിയായ യുവതി തോട്ടില്‍ പ്രസവിച്ചു. ആദിവാസിയുവതി സുജാതയാണ് (29) പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. 25 ആഴ്ചയായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. വെള്ളം വറ്റിയ തോട്ടിലെ മണലില്‍ ഷീറ്റ് വിരിച്ച് ഇവര്‍ കുഞ്ഞിനെ കിടത്തി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
തളികക്കല്ല് ഊരില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളിലായിരുന്നു സംഭവം. ഒരു രാത്രി മുഴുവന്‍ ഭര്‍ത്താവ് കണ്ണന്‍, അമ്മ കമലം, കണ്ണന്റെ സഹോദരി തത്ത, കോളനി നിവാസികളായ ശ്രീധരന്‍, സുമിത്ര, വിനോദ് തുടങ്ങിയവര്‍ സുജാതയ്ക്ക് കാവലിരുന്നു. വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ കാട്ടിലേക്ക് പുറപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ഉച്ചയോടെ സ്ഥലത്തെത്തി കുഞ്ഞിനെയെടുത്ത് അമ്മയെയും കൂട്ടി കാടിറങ്ങി. ജീപ്പില്‍ ഉടന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. എ. ജിഷ കുഞ്ഞിനെ പരിശോധിച്ചു. 680 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. തൂക്കം കുറവായതിനാലും മാസം തികയാതെ പ്രസവിച്ചതിനാലും അടിയന്തരചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നവജാതശിശു തീവ്രപരിചരണവിഭാഗത്തിലേക്ക് (ന്യൂ ബോണ്‍ ഐ.സി.യു.) മാറ്റി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലോ പാലക്കാട് ജില്ലാ ആശുപത്രിയിലോ ന്യൂ ബോണ്‍ ഐ.സി.യു. ഇല്ല. അമ്മയ്ക്ക് രക്തക്കുറവും പനിയുമുണ്ടായിരുന്നതായും ഡോ. ജിഷ പറഞ്ഞു.
പ്രസവവേദനയെത്തുടര്‍ന്ന് സുജാതയെ ഈ മാസം 17-ന് ആരോഗ്യപ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാര്യങ്ങള്‍ പരിചിതമല്ലാത്തതിനാലും ആരും സഹായത്തിന് ഇല്ലാതിരുന്നതിനാലും 18-ന് തിരിച്ചുപോരുകയായിരുന്നെന്ന് കണ്ണന്‍ പറഞ്ഞു. ഊരില്‍ തിരിച്ചെത്തിയ വിവരം പ്രൊമോട്ടറെ വിളിച്ചറിയിക്കുകയും ചെയ്തു.
സുജാതയുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും കുഴപ്പമൊന്നുമില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. 22-ന് ആശാ വര്‍ക്കര്‍ കോളനിയില്‍ വാക്സിന്‍ നല്‍കാനെത്തിയപ്പോഴാണ് സുജാതയും കുടുംബവും കാട്ടില്‍ക്കയറിയ വിവരമറിയുന്നത്.
Content Highlights: a tribal woman gave birth in the forest in palakkad