പദ്മകുമാർ തിരുവനന്തപുരത്ത് പോയതിന് ലോഗ്ബുക്ക് തെളിവ്, കോടിയേരിക്കും കത്ത് തയ്യാറാക്കി; നടപടി ഉറപ്പ്

#ന്യൂസ് ഡെസ്ക്
എ. പത്മകുമാർ | Photo: Mathrubhumi
എ. പത്മകുമാർ | Photo: Mathrubhumi

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ തലേന്ന് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ തിരുവനന്തപുരത്തേക്ക് പോയതിന് ഒൗദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്ക് തെളിവ്. 2019 ജനുവരി ഒന്നിന് രാത്രി 8.45-ന് പമ്പയിൽനിന്ന് തിരുവനന്തപുരത്തേക്കുപോയി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്ന് ഉച്ചയ്ക്കുശേഷമാണ് പദ്മകുമാർ പമ്പയിലെത്തിയത്. ഗസ്റ്റ്ഹൗസിൽ വിശ്രമിച്ചശേഷം സന്ധ്യയോടെ സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് തിരിച്ചു. ചരൽമേട് എത്തിയപ്പോൾ ഭരണ നേതൃത്വത്തിലെ ഓഫീസിലെ ഉന്നതൻ വിളിച്ച് അടിയന്തരമായി തിരുവനന്തപുരത്ത് എത്തണമെന്ന് നിർദേശിച്ചു എന്നാണ് പദ്മകുമാറിനോട് അടുത്തവൃത്തങ്ങൾ പറയുന്നത്. യുവതികൾ ദർശനം നടത്തുമ്പോൾ പദ്മകുമാറിനെ സന്നിധാനത്തുനിന്ന് മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്നാണ് പറയുന്നത്.

രാജിക്കാര്യം അറിയിക്കാൻ കോടിയേരിക്കും കത്ത് തയ്യാറാക്കി

യുവതികൾ ദർശനം നടത്തിയെന്നറിഞ്ഞശേഷം, ഭരണത്തിലും പാർട്ടിയിലും ഒരുപോലെ സ്വാധീനമുള്ള നേതാവിനെ എതിർപ്പറിയിച്ച് മടങ്ങിയ പദ്മകുമാർ താൻ രാജിവെക്കുന്നു എന്ന് കാണിച്ച് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയക്കാൻ കത്ത് തയ്യാറാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് ദേവസ്വം സെക്രട്ടറിക്കും തയ്യാറാക്കി. എന്നാൽ, നാട്ടിലെ തന്റെ ഒരു വിശ്വസ്തന്റെ നിർദേശപ്രകാരം രാജിയിൽനിന്ന് പിൻമാറുകയായിരുന്നു.

പാർട്ടി നടപടി ഇന്ന്; പുറത്തേക്കെന്ന് സൂചന

പത്തനംതിട്ട: സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സി.പി.എം. ജില്ലാകമ്മിറ്റിയംഗം എ. പദ്മകുമാറിനെതിരേ ജില്ലാകമ്മിറ്റിയുടെ നടപടി തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാനകമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള നടപടിയാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലുള്ള റിപ്പോർട്ടിലാണ് നടപടിശുപാർശ ഉണ്ടായത്. പാർട്ടി അംഗത്വം പുതുക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടി ഉണ്ടാവുന്നത്.
അതേസമയം, പദ്മകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകൾ വരുന്നത് നടപടിയിൽനിന്ന് ഒഴിവാകാനുള്ള സമ്മർദതന്ത്രമാണെന്ന ആരോപണം ഔദ്യോഗികപക്ഷത്തുനിന്നുണ്ടാവുന്നുണ്ട്. യുവതികൾ പ്രവേശിച്ച സമയത്ത്, പദ്മകുമാറിനെയും അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിനെയും സന്നിധാനത്തുനിന്ന് അകറ്റിനിർത്തിയെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

നടപടി ഉറപ്പായി

ഒന്നുകിൽ തരംതാഴ്ത്തൽ അല്ലെങ്കിൽ പുറത്താക്കൽ ഇതിലൊരു നടപടി പദ്മകുമാറിനെതിരേയുണ്ടാവും. പാർട്ടിയുടെ താഴേത്തട്ടിൽനിന്നുള്ള വികാരംകൂടി കണക്കിലെടുത്താണ് നടപടിശുപാർശ. താക്കീതിൽമാത്രം നടപടി ഒതുങ്ങിയാൽ അത് പദ്മകുമാറിന് നേട്ടമാകും. തരംതാഴ്ത്തലുണ്ടായാൽ അദ്ദേഹം പാർട്ടിവിടുമെന്നും വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നും അഭ്യൂഹമുണ്ട്. അതിനിടെ, പദ്മകുമാർ ആത്മകഥയെഴുതുമെന്നും വാർത്തകളുണ്ട്.

Content Highlights: Official logbook evidence shows A. Padmakumar left Pamba for Thiruvananthapuram on the eve of the 2019 Sabarimala women's entry., Claims suggest Padmakumar was directed to leave Sannidhanam during the incident., Padmakumar had prepared resignation letters for Kodiyeri Balakrishnan and the Devaswom Secretary but was advised against sending them., CPM Pathanamthitta district committee is set to take disciplinary action against Padmakumar following gold smuggling allegations and election defeat.