മന്ത്രി അഴിമതിക്കാരനാണെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടനുഭവിക്കുക -എ.ഹേമചന്ദ്രൻ

തിരുവനന്തപുരം: താൻ വിജിലൻസിലായിരുന്നപ്പോൾ കണ്ടത് സംസാരിക്കുന്ന ഫയലുകളായിരുന്നുവെന്നും കേട്ടത്, കേട്ടുകൂടാത്തതായിരുന്നുവെന്നും മുൻ ഡി.ജി.പി. എ.ഹേമചന്ദ്രൻ. സ്വയം സംസാരിക്കുന്ന നിശ്ശബ്ദതയും ചിലയിടത്ത് ഫയലുകളിൽ കണ്ടിരുന്നുവെന്നും ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വകുപ്പിൽ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടനുഭവിക്കുക. കല്ലട അഴിമതിക്കേസുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞു. സർവീസിലുടനീളം ഗുരുതര സ്വഭാവദൂഷ്യങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും പേരിൽ അറിയപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ അവസാന കാലത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കണ്ടാൽ മഹാത്മാഗാന്ധി പുനരവതരിച്ച് പോലീസിൽ അംഗമായോയെന്നു തോന്നിപ്പോകുന്നതായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.
റിപ്പോർട്ടിലെ ആ ഗംഭീരമായ വാഗ്വിലാസംകൊണ്ട് ആ ‘മഹാത്മാവി’നും ഐ.പി.എസ്. ലഭിച്ച് ജില്ലാ പോലീസ് മേധാവിയായി. പോലീസ് അസോസിയേഷനുകളുടെ രാഷ്ട്രീയവത്കരണത്തിന് ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് കൂട്ടുനിന്നിരുന്നതെന്ന് എസ്.പി.യായിരുന്ന കാലത്തെ സംഭവം വിശദീകരിച്ച് അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു. അക്കാലത്ത് ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽകുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഇപ്പോൾ ആ കുറവ് പരിഹരിക്കപ്പെട്ടുവരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്തു. പേരൂർക്കട പോലീസ് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത, പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി ബിന്ദു, മന്ത്രിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങി. എ.ഹേമചന്ദ്രൻ മറുപടിപ്രസംഗം നടത്തി.
Content Highlights: Exposes corruption within government departments and the struggles of honest officers., Highlights the politicization of police associations by IPS officers., Criticizes the manipulation of confidential reports for undeserving officers., Detailed account of the Kallada corruption case investigation., Reflects on the systemic decline in ethical standards within the police force.