പൊതുവിദ്യാഭ്യാസവകുപ്പ് ജീവനക്കാരിൽ 77 പേർക്കെതിരേ പോക്സോ കേസ്, 65 പേർ അധ്യാപകർ-മന്ത്രി V. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജീവനക്കാരുടെ പേരിൽ നിലവിൽ 77 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒമ്പതുപേരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കേരളപോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർവീസിൽനിന്ന് നീക്കിയ ഒരാൾ ഉൾപ്പെടെ 45 പേർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സർക്കാർ സ്കൂളുകളിൽനിന്ന് 14 അധ്യാപകരെയും എയ്‌ഡഡ് മേഖലയിൽനിന്ന് ഏഴ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു. അതിക്രമം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ പോലീസ് നടപടിയെടുക്കണം. അപൂർവം ചില പിശകുകൾ ഒഴിച്ചുനിർത്തിയാൽ കേരള പോലീസ് ഒന്നാംസ്ഥാനത്താണെന്നും ശിവൻകുട്ടി പറഞ്ഞു.
കെപിഒഎ സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബേഗം, എഐജി ജി. പൂങ്കുഴലി, കെപിഎസ്ഒ സംസ്ഥാന പ്രസിഡൻറ് ഇ.എസ്. ബിജുമോൻ, കെപിഎ സംസ്ഥാന പ്രസിഡൻറ് എ. സുധീർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെപിഒഎ ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
65 പേർ അധ്യാപകരും 12 പേർ അനധ്യാപകരും
Content Highlights: 77 pocso cases reported against education department employees kerala