വിമാനാപകടം: തോമസിനുവേണ്ടി ബന്ധുക്കള്‍ കാത്തിരുന്നത് 56 വര്‍ഷം, ഒടുവില്‍ ആ വാര്‍ത്തയെത്തി

പത്തനംതിട്ട: ''ഇലന്തൂർ ഈസ്റ്റ് ഒടാലിൽ കുടുംബത്തിലേക്ക് ചേട്ടന്‍റെ ദുരന്തവിവരം എത്തിയതുമുതൽ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പായിരുന്നു. 56 വർഷത്തിനിപ്പുറവും തുടർന്ന കാത്തിരിപ്പ്. ഇടയ്ക്കൊരിക്കൽ മരണം സംബന്ധിച്ച് സൈന്യം ചില സ്ഥിരീകരണങ്ങൾ പറഞ്ഞെങ്കിലും ഞങ്ങളത് വിശ്വസിച്ചിരുന്നില്ല. ഒരമ്മയുടെ വയറ്റിൽ പിറന്ന ഞങ്ങൾക്ക് അതിന് കഴിയില്ലല്ലോ. പക്ഷേ ഇപ്പോൾ...'' പറഞ്ഞു പൂർത്തിയാകുംമുൻപ് തോമസ് ചെറിയാന്റെ ഇളയ സഹോദരൻ തോമസ് തോമസിന്റെ ശബ്ദമിടറി.
ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തില്‍ 1968-ലുണ്ടായ വിമാനാപകടത്തില്‍ കാണാതായവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത വിവരം സൈന്യം കഴിഞ്ഞ ദിവസമാണ് ബന്ധുക്കളെ അറിയിച്ചത്. പത്തനംതിട്ടയിലെ ഇലന്തൂര്‍ സ്വദേശിയായ തോമസ് ചെറിയാനാണ് അതിലൊരാള്‍. മല്‍ഖാന്‍ സിങ്, ശിപായ് നാരായണ്‍ സിങ്, എന്നിവരാണ് മറ്റുള്ളവര്‍. മറ്റൊരാള്‍ ആരെന്നു വ്യക്തമല്ല. ആറന്മുള പോലീസ് സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വീട്ടിലെത്തിയാണ് തോമസ് ചെറിയാന്റെ മൃതദേഹാവശിഷ്ടം ഹിമാലയത്തിൽനിന്ന് കിട്ടിയകാര്യം തിങ്കളാഴ്ച വൈകീട്ട് തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് സൈന്യത്തിന്റെ സ്ഥിരീകരണവും ഉണ്ടായി. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് പിന്നീട് അറിയിപ്പുണ്ടാകും.
1968-ലുണ്ടായ ദുരന്തത്തിന്റെ വാർത്ത വീട്ടിലറിഞ്ഞത് തോമസ് തോമസ് ഇന്നലത്തേതുപോലെ ഓർക്കുന്നു. മൃതദേഹം കിട്ടാത്തതിനാൽ മരിച്ചെന്ന സ്ഥിരീകരണം എങ്ങുനിന്നും ഉണ്ടായില്ല. ചിരിച്ചുകൊണ്ട് ചേട്ടൻ കയറിവരുമെന്നുറപ്പിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയത്.
18-ാം വയസ്സിലാണ് തോമസ് ചെറിയാൻ കരസേനയിലേക്ക് പോകുന്നത്. ചേട്ടൻ തോമസ് മാത്യുവും കരസേനയിലായിരുന്നു. രാജ്യത്തിന് എന്റെ സേവനം വേണമെന്ന് പറഞ്ഞ് സഹോദരന്റെ പാത തന്നെ അനിയനും പിന്തുടര്‍ന്നു.
നാല് വർഷത്തിനുശേഷമായിരുന്നു ദുരന്തം. പലതവണ സൈന്യം ഹിമാലയത്തിൽ തിരച്ചിലുകൾ നടത്തിയതിനെപ്പറ്റിയും അവശിഷ്ടങ്ങൾ കിട്ടുന്നതുമൊക്കെ കുടുംബം അറിഞ്ഞുകൊണ്ടിരുന്നു. അന്നും പ്രതീക്ഷ കൈവിട്ടില്ല-തറവാടിന്റെ നവീകരണത്തിനിടയിൽ നഷ്ടപ്പെട്ട തോമസ് ചെറിയാന്റെ ചിത്രം തിരയുന്നതിനിടെ തോമസ് തോമസ് പറഞ്ഞു.
1990-ൽ അച്ഛൻ ഒ.എം.തോമസ് വിടവാങ്ങുംവരെ മകന്‍റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാൽ, 1998-ൽ അമ്മ ഏലിയാമ്മ മരിക്കുംമുൻപ് കരസേന അത് സ്ഥിരീകരിച്ചു. അഞ്ച് സഹോദരങ്ങളാണ് തോമസ് ചെറിയാനുണ്ടായിരുന്നത്. മിലിട്ടറിയിലുണ്ടായിരുന്ന മൂത്തയാൾ സഹോദരന്റെ ദുരന്തം താങ്ങാനാകാതെ സേവനത്തിൽനിന്ന് വിരമിച്ചു. ഇദ്ദേഹം കുറച്ചുനാൾ മുൻപ് മരിച്ചു. ഹരിദ്വാറിലെ ബി.എച്ച്.ഇ.എല്ലിൽനിന്ന് വിരമിച്ച തോമസ് തോമസിനെ കൂടാതെ മേരി തോമസ്, തോമസ് വർഗീസ് എന്നിവരാണ് ഇനിയുള്ള സഹോദരങ്ങൾ.
Content Highlights: 56-year long wait for Pathanamthitta native soldier Thomas comes to an end