ഉപരാഷ്ട്രപതി ഇന്ന് കൊല്ലത്ത്; വിദ്യാലയങ്ങൾക്ക് അവധി, ഗതാഗത നിയന്ത്രണം, ഗതാഗത നിയന്ത്രണങ്ങൾ അറിയാം

കൊല്ലം: ഉപരാഷ്ട്രപതിയുടെ കൊല്ലം സന്ദര്‍ശനം മുന്‍നിര്‍ത്തി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ കൊല്ലം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയ്ക്കു പോകേണ്ട വാഹനങ്ങളും ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകണ്ട വാഹനങ്ങളും പൂര്‍ണമായും ബൈപ്പാസ് ഉപയോഗിക്കണം.
തിരുവനന്തപുരത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജങ്ഷന്‍വഴി റെയില്‍വേ ഓവര്‍ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലംവഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തണം. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്ത്തറമൂടുനിന്നു തിരിഞ്ഞ് വെള്ളയിട്ടമ്പലം, വാടി, ബീച്ച് റോഡ്, കൊച്ചുപിലാംമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം.
അഞ്ചാലുംമൂട്ടില്‍നിന്ന് കൊല്ലത്തേക്കു വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജങ്ഷനില്‍ എത്തി വലത്തേക്കു തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടയമ്പലം, വാടി ബീച്ച് റോഡ് വഴി നഗരത്തില്‍ എത്തണം.
കൊല്ലം നഗരത്തില്‍നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്കൂള്‍ ജങ്ഷന് വെള്ളയിട്ടമ്പലം, ആല്‍ത്തറമൂട് വഴി ബൈപ്പാസില്‍ എത്തി വലത്തോട്ടുതിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്വഴി അഞ്ചാലുംമൂട്ടിലേക്ക് പോകണം. നിയന്ത്രണസമയത്ത് ആശ്രാമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്, ചെമ്മാന്‍മുക്ക് റോഡിലും താലൂക്ക്, ഹൈസ്കൂള്‍ ജങ്ഷന്, തേവള്ളി, കടവൂര്വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം-ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കണം.
അവധി പ്രഖ്യാപിച്ച സ്കൂളുകള്‍
ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍, ടികെഡിഎം ജിഎച്ച്എസ്എസ്, സെയ്ന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമലഹൃദയ എച്ച്എസ്എസ്, വിമലഹൃദയ എല്‍പി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കൊല്ലം ബോയ്സ് ജിഎച്ച്എസ്എസ്, കൊല്ലം ഗേള്‍സ് എച്ച്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഐസിഎസ്, ഇന്‍ഫന്റ് ജീസസ് ഐസി എസ്സി, സെയ്ന്റ് ജോസഫ് എച്ച്എസ്എസ്, ട്രിനിറ്റി ലൈസിയം ഐസിഎസ്ഇ, സെയ്ന്റ് ജോസഫ് എല്‍പിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് എല്‍പിഎസ്, നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസ്, കുരീപ്പുഴ യുപിഎസ്, നീരാവില്‍ എല്‍പിഎസ്, മലയാളിസഭ എല്‍പിഎസ്, ഗവ. ടൗണ്‍ യുപിഎസ് കൊല്ലം, സെയ്ന്റ് ജോര്‍ജ് യുപിഎസ് കടവൂര്‍, സെയ്ന്റ് ജോസഫ് കോണ്‍വെന്റ് ഐസിഎസ്ഇ ആന്‍ഡ് സിബിഎസ്ഇ.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അഞ്ച് എസ്പിമാരും 12 ഡിവൈഎസ്പിമാരും 35 ഇന്‍സ്പെക്ടര്‍മാരും വനിതാ പോലീസുകാരുമടക്കം 500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഫാത്തിമ മാതാ കോളേജിനടുത്തുള്ള പാരിഷ് ഹാളില്‍ സുരക്ഷാക്രമീകരണങ്ങളുടെ അവലോകനം നടന്നു. പിന്നീട് രണ്ടുതവണ ട്രയല്‍ റണ്‍ നടത്തി. തിരുവനന്തപുരത്തുനിന്ന് ഉപരാഷ്ട്രപതി വ്യോമസേനയുടെ വിമാനത്തില്‍ ഉച്ചയ്ക്ക് 2.30-നാണ് ആശ്രാമം മൈതാനത്തെത്തുക. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവരും ഒപ്പമുണ്ടാകും. ആശ്രാമം മൈതാനത്തുനിന്ന് ചിന്നക്കട, റെയില്‍വേ സ്റ്റേഷന് റോഡ് വഴിയാണ് യാത്ര.
ഫാത്തിമാ കോളേജിന്റെ വജ്രജൂബിലി ആഘോഷത്തില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് തേവള്ളി റാവിസ് ഹോട്ടലില്‍ കയര്‍ കയറ്റുമതി അസോസിയേഷന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ഫാത്തിമ മാതാ കോളേജിനടുത്തും തേവള്ളി ഭാഗത്തേക്കുമടക്കം 26 സ്കൂളുകള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ്, വെസ്റ്റ്, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് പരിധികളെ ഡ്രോണ്‍ നിരോധിതമേഖലയായി സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെയാണ് നിരോധനം.
തിരുവനന്തപുരം നഗരത്തിലും നിയന്ത്രണം
തിരുവനന്തപുരം : ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നിന് രാവിലെ 11 മണിമുതല്‍ വൈകീട്ട് ആറ് വരെയും നാലിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 മണി വരേയുമാണ് നിയന്ത്രണം. മൂന്ന്, നാല് തീയതികളില്‍ ശംഖുംമുഖം-വലിയതുറ-പൊന്നറ-കല്ലുംമൂട്-ഈഞ്ചയ്ക്കല്‍-അനന്തപുരി ആശുപത്രി-ഈഞ്ചയ്ക്കല്‍-മിത്രാനന്ദപുരം-എസ്പി ഫോര്‍ട്ട്-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-തകരപ്പറമ്പ് മേല്‍പ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂര്‍ ഫ്ലൈഓവര്‍-തൈയ്ക്കാട് -വഴുതയ്ക്കാട്-വെള്ളയമ്പലം-കവടിയാര്‍ റോഡിലാണ് നിയന്ത്രണം. നാലിന് വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-മരപ്പാലം-പട്ടം-പൊട്ടക്കുഴി-മുറിഞ്ഞപാലം-കുമാരപുരം-മെഡിക്കല്‍ കോളേജ് ഫ്ലൈഓവര്‍-ശ്രീചിത്ര റോഡിലാണ് ഗതാഗത നിയന്ത്രണം. ഫോണ്‍ : 0471-2558731.
Content Highlights: Vice President's Kollam Visit: Traffic Diversions & Holiday Announced for Schools