മൂന്നും നാലും റെയിൽപ്പാത: മൂന്നു രൂപരേഖയുമായി റെയിൽവേ, തീവണ്ടികൾക്ക് 160 കി.മീ. വേഗം ലക്ഷ്യം

#പി.പി. ലിബീഷ് കുമാർ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പയ്യന്നൂർ: തീവണ്ടികൾ 160 കി.മീ വേഗത്തിൽ കുതിക്കാൻ കേരളത്തിലെ മൂന്നും നാലും റെയിൽപ്പാതകളുടെ രൂപരേഖ തയ്യാറാവുന്നു. നിലവിലുള്ള റെയിലിനോടനുബന്ധിച്ച് സമാന്തരപ്പാത, വളവുകൾ നിലനിർത്തി നിലവിലുള്ള പാതയ്ക്ക് സമാന്തരമായി വേഗ നിയന്ത്രണത്തോടെയുള്ള പാത, ഗ്രീൻഫീൽഡ് എന്നിവ അടിസ്ഥാനമാക്കിയാണ് രൂപരേഖ നിർമ്മിക്കുന്നത്. നിലവിലെ സ്‌റ്റേഷന്റെ കിഴക്കും പടിഞ്ഞാറുമായി പാത കടന്നു പോകും. ചില സെക്ഷനുകളിൽ നിലവിലുള്ള പാതയിൽ നിന്ന് അകലം വരും. ഇവിടെ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. എന്നാൽ സെക്ഷനിലെ ആകെ റൂട്ട് കിലോമീറ്റർ തുല്യമാണ്. സമാന്തരപ്പാത, ഗ്രീൻഫീൽഡ് രൂപരേഖകളിൽ സ്റ്റേഷനുകൾ മാറി വരും എന്നത് പ്രത്യേകതയാണ്. ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ (ഒരു രൂപരേഖ പ്രകാരം) ചുരുങ്ങിയത് 13 സ്റ്റേഷനുകളാണ് പരിഗണനയിൽ.

ഷൊർണൂർ-മംഗളൂരു 307 കി.മീ. (ഷൊർണൂർ-കോഴിക്കോട് (86.6 കി.മീ), കോഴിക്കോട്-കണ്ണൂർ (89 കി.മീ), കണ്ണൂർ-മംഗളൂരു (131 കി.മീ).).

സ്റ്റോപ്പുകൾ: ഷൊർണൂർ, പള്ളിപ്പുറം, തിരുനാവായ, (താനൂർ), കടലുണ്ടി,(വള്ളിക്കുന്ന്), കോഴിക്കോട്, കൊയിലാണ്ടി, മാഹി (മുക്കാളി), കണ്ണൂർ, പയ്യന്നൂർ, (ചെറുവത്തൂർ), കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള, മംഗളൂരു.

സമാന്തര രൂപരേഖയിൽ

സ്റ്റോപ്പുകൾ: ഷൊർണൂർ, പള്ളിപ്പുറം, തിരുനാവായ,വള്ളിക്കുന്ന്, കോഴിക്കോട്. കൊയിലാണ്ടി, മുക്കാളി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള, മംഗളൂരു. 

ഷൊർണൂർ ജംഗ്ഷൻ സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തൂടെ മൂന്നും നാലും പാത വരും. കരക്കാട്-പട്ടാമ്പി എന്നിവിടങ്ങളിൽ രണ്ടു സ്ഥലത്ത് ഭാരതപ്പുഴ മറികടക്കുന്നു. (പട്ടാമ്പി സ്റ്റേഷനിൽ നിന്ന് 950 മീറ്റർ അകലെയാണ് പാത). പാത കൊടുമുണ്ട ഹാൾട്ട് സ്റ്റേഷനിൽ എത്തിയ ശേഷം കിഴക്ക് ഭാഗത്തേക്ക് മാറും. പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തിരൂർ (തിരൂരിൽ ദേശീയപാത ക്രോസ് ചെയ്യുന്നു), താനൂർ, പരപ്പനങ്ങാടി വരെ കിഴക്ക് ഭാഗം സമാന്തരമായി നീങ്ങും. പരപ്പനങ്ങാടി കഴിഞ്ഞ് പാത സ്റ്റേഷന്റ പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. വള്ളിക്കുന്ന്, കടലുണ്ടി, ഫറൂഖ്, കല്ലായി, കോഴിക്കോട് സ്‌റ്റേഷനിലേക്ക് പടിഞ്ഞാറ് ഭാഗത്തൂടെ പാത സമാന്തരമായി നീങ്ങും.

കോഴിക്കോട് നിന്ന് പടിഞ്ഞാറ് ഭാഗം സമാന്തരമായി പാത വരും. വെസ്റ്റ് ഹിൽ കഴിഞ്ഞ് സ്‌റ്റേഷന് ഉള്ളിലൂടെയും കിഴക്ക് ഭാഗത്തുമായി പ്രവേശിക്കും. ഏലത്തുർ സ്‌റ്റേഷനും പെട്രോളിയം പ്ലാന്റും കഴിഞ്ഞ് ചേമഞ്ചേരി എത്താറാകുമ്പോൾ പാത പടിഞ്ഞാറ് ഭാഗത്ത് പ്രവേശിക്കും. (ചേമഞ്ചേരിയിൽ ദേശീയപാതയുമായി അകലം പാലിക്കുന്നു).

കൊയിലാണ്ടി, വെള്ളറക്കാട്, തിക്കോടി, പയ്യോളി, ഇരിങ്ങൽ, വടകര, നാദാപുരം, (വടകരക്കും നാദാപുരത്തിനും ഇടയിൽ ദേശീയപാത മുറിച്ചു കടക്കുന്നു), മുക്കാളി, മാഹി, ജഗന്നാഥ ടെമ്പിൾ, (മാഹിക്കും ജഗനന്നാഥ ടെമ്പിളിനും ഇടയിൽ 470 മീറ്ററോളം നിലവിലെ പാതയിൽ നിന്ന് അകലം പാലിക്കുന്നു), തലശ്ശേരി, ധർമ്മടം, (ഇടയിൽ കുയ്യാലിപ്പുഴ ക്രോസ് ചെയ്യുന്നു),എടക്കാട്, കണ്ണൂർ സൗത്ത് വഴി പടിഞ്ഞാറ് ഭാഗത്തൂടെ കണ്ണൂരിലെ പഴയ ലൈനിലേക്കും കിഴക്കുഭാഗത്തുമായി പ്രവേശിക്കും.

കണ്ണൂർ തുടങ്ങി കണ്ണപുരം വരെ (14 കി.മീ) സ്‌റ്റേഷന് കിഴക്കുഭാഗം സമാന്തരമാണ് പാതകൾ വരിക. കണ്ണപുരം-പഴയങ്ങാടി-ഏഴിമല വരെ കിഴക്ക് ഭാഗം സ്‌റ്റേഷനിൽ നിന്ന് (375 മീറ്റർ വരെ) അകലം പാലിക്കും.

ഏഴിമല, പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ കിഴക്ക് ഭാഗം സമാന്തരമായി പോകും. ചെറുവത്തൂർ സ്‌റ്റേഷൻ കഴിഞ്ഞ് പാത പടിഞ്ഞാറ് ഭാഗത്തേക്ക് മാറും.

നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ, കോട്ടിക്കുളം വരെ പടിഞ്ഞാറ് ഭാഗത്തൂടെ പോകും. കോട്ടിക്കുളം കഴിഞ്ഞ് സംസ്ഥാന റോഡ് പാത വരുന്നതിനാൽ പാത വീണ്ടും കിഴക്ക് ഭാഗത്തേക്ക് മാറും. കളനാട് വരെ സമാന്തരമായി നീങ്ങും. കളനാട് കഴിഞ്ഞ് പടിഞ്ഞാറ് ഭാഗത്തേക്ക് പാളം മാറും.

കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാൾ, മംഗളൂരു വരെ പടിഞ്ഞാറ് ഭാഗത്ത് പാത പ്രവേശിക്കും.

വേഗ നിയന്ത്രണത്തോടെയുള്ള പാത

സ്റ്റോപ്പുകൾ: ഷൊർണൂർ, പള്ളിപ്പുറം, തിരുനാവായ, കടലുണ്ടി, കോഴിക്കോട്, കൊയിലാണ്ടി, മാഹി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള, മംഗളൂരു.

വളവുകൾ നിലനിലനിർത്തി നിലവിലുള്ള പാതയ്ക്ക് സമാന്തരമായി പോകുന്ന പാതയിലെ വേഗം കുറയുന്ന ഭാഗങ്ങൾ: കരക്കാട്-പട്ടാമ്പി (110 കി.മീ വേഗം), പള്ളിപ്പുറം-പേരശന്നൂർ (110 കി.മീ), കുറ്റിപ്പുറം-തിരുനാവായ (100-130 കി.മീ), കല്ലായി-കോഴിക്കോട് (30 കി.മീ), വെസ്റ്റ്ഹിൽ-ഏലത്തൂർ (105 കി.മീ), വെള്ളറക്കാട്-തിക്കോടി (130 കി.മീ), ഇരിങ്ങൽ-വടകര (110-130 കി.മീ), മുക്കാളി-മാഹി-ജഗന്നാഥ ടെമ്പിൾ (130-110 കി.മീ), തലശ്ശേരി (100 കി.മീ), ധർമ്മടം (130 കി.മീ), എടക്കാട് (110 കി.മീ), കണ്ണൂർ സൗത്ത് (100 കി.മീ), കണ്ണൂർ (ലൈൻ മാറ്റം-30 കി.മീ), വളപട്ടണം (130 കി.മീ), കണ്ണപുരം-പഴയങ്ങാടി (130 കി.മീ), പയ്യന്നൂർ (130 കി.മീ), ചെറുവത്തൂർ (ട്രാക്ക് മാറ്റം-30 കി.മീ), ബേക്കൽ (130 കി.മീ), കോട്ടിക്കുളം-കളനാട്( (ട്രാക്ക് മാറ്റം-30 കി.മീ), കളനാട്-കാസർകോട് (ട്രാക്ക് മാറ്റം-30 കി.മീ), കാസർകോട്-കുമ്പള( 120 കി.മീ), മഞ്ചേശ്വർ-ഉള്ളാൾ (130 കി.മീ).

ഗ്രീൻഫീൽഡ് രൂപരേഖയിൽ

സ്റ്റോപ്പുകൾ: ഷൊർണൂർ, തിരുനാവായ, താനൂർ, കോഴിക്കോട്, കൊയിലാണ്ടി, മുക്കാളി, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള, മംഗളൂരു.

ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് പടിഞ്ഞാറ് ഭാഗം മൂന്നും നാലും പാതകൾ വരും. ഭാരതപ്പുഴ മുറിച്ചു കടന്ന് കരക്കാട് സ്റ്റേഷനിലൂടെ

(ഈ ഭാഗങ്ങളിൽ നിലവിലുള്ള പാതയിൽ നിന്ന് രണ്ടായിരം മീറ്റർ വരെ അകലെയാണ് മൂന്നും നാലും പാതകൾ ) പട്ടാമ്പി സ്റ്റേഷൻ തൊടാതെ

വീണ്ടും ഭാരതപ്പുഴ മുറിച്ചു കടക്കും. കൊടുമുണ്ടയിലെ നിലവിലെ പാത മുറിച്ചു കടന്ന് കിഴക്ക് ഭാഗത്തേക്ക് പാത പ്രവേശിക്കും. പള്ളിപ്പുറം മുതൽ പാത കിഴക്ക് സമാന്തരമായി നീങ്ങും. (പേരശ്ശന്നൂർ- കുറ്റിപ്പുറം സ്റ്റേഷനുകൾക്കിടയിൽ നിലവിലുള്ള പാതയിൽ നിന്ന് 500-1900 മീറ്റർ വരെ അകലം ഉണ്ട് ).

തിരൂർ, താനൂർ- പരപ്പനങ്ങാടി എത്തുമ്പോൾ (11 കിലോമീറ്റർ ദൂരം)നിലവിലെ പാളത്തിൽ നിന്ന് 1200 മീറ്റർ അകലം പാലിക്കുന്നു.

വള്ളിക്കുന്ന് എത്തുമ്പോൾ പാത പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. (വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിൽ പടിഞ്ഞാറ് ഭാഗത്ത് 475 മീറ്റർ വരെ പാതയ്ക്ക് അകലം ഉണ്ട്). കടലുണ്ടി, ഫറൂഖ്, കല്ലായി, കോഴിക്കോട് വരെ പഠിഞ്ഞാറ് ഭാഗം സമാന്തരമായി പാത പോകും.

കോഴിക്കോട് നിന്ന് പടിഞ്ഞാറ് ഭാഗത്തൂടെ വെസ്റ്റ് ഹിൽ കഴിഞ്ഞ് ഏലത്തൂർ സ്‌റ്റേഷനിലൂടെ (പെട്രോളിയം പ്ലാന്റ് ഉള്ളതിനാൽ സ്‌റ്റേഷനിൽ നിന്ന് 430 മീറ്റർ അകലം പാലിക്കും) ചേമഞ്ചേരി, കൊയിലാണ്ടി, പയ്യോളി, വടകരയിലൂടെ സമാന്തരമായി നീങ്ങും. (വടകര-നാദാപുരത്തിനിടയിൽ ദേശീയപാത മുറിച്ചു കടക്കും). മുക്കാളി കഴിഞ്ഞ് മാഹിയിൽ എത്തുമ്പോൾ നിലവിലുള്ള പാതയിൽ നിന്ന് 470 മീറ്ററോളം അകലം പാലിക്കുന്നു. മാഹി, തലശ്ശേരി, കണ്ണൂർ സൗത്ത് വരെ പടിഞ്ഞാറ് ഭാഗത്തൂടെ വരുന്ന പാത കണ്ണൂർ സ്റ്റേഷൻ ലൈനിലേക്കും കിഴക്കു ഭാഗത്തുമായാണ് പ്രവേശിക്കുന്നത്.

കണ്ണൂരിൽ നിന്ന് സ്‌റ്റേഷന് കിഴക്ക് ഭാഗത്തൂടെ വരുന്ന പാത കണ്ണപുരം കഴിഞ്ഞ് ഏഴിമല എത്തും വരെ കിഴക്ക് ഭാഗത്ത് 1530 മീറ്റർ വരെ അകലത്തിൽ വരും. പയ്യന്നൂർ, തൃക്കരിപ്പൂർ, ചന്തേര സ്റ്റേഷനുകൾ കഴിഞ്ഞ് ചെറുവത്തൂരിൽ പ്രവേശിക്കാതെ (ഇവിടെ ദേശീയപാത-66 നോട് ചേർന്ന് വരുമ്പോൾ നിലവിലെ റെയിൽപ്പാതയിൽ നിന്ന് 460 മീറ്ററോളം അകലം വരും) പോകുന്ന പാത ചെറുവത്തൂർ കഴിഞ്ഞ് ട്രാക്ക് മുറിച്ചു കടന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. പടിഞ്ഞാറ് സമാന്തരമായി നീലേശ്വരം, ബേക്കൽ, കോട്ടിക്കുളം, കാസർകോട്, കുമ്പള, മഞ്ചേശ്വരം കടന്ന് മംഗളൂരുവിലേക്ക് പ്രവേശിക്കും.

Content Highlights: Indian Railways prepared three alignment designs for the 3rd and 4th tracks along the 307 km Shoranur-Mangaluru section. The proposed parallel, curve-maintained, and greenfield models aim for train speeds up to 160 kmph.