അനധികൃതമായി ക്ഷേമപെന്ഷന് കൈപ്പറ്റി; 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് റവന്യു വകുപ്പ്

തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെന്ഷന് കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സര്‍വേയും ഭൂരേഖയും വകുപ്പിലെ നാലു ജീവനക്കാര്‍ ഉള്‍പ്പെടെയാണ് സസ്പെന്ഷന്. ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാനും നിര്‍ദേശിച്ചു.
സര്‍വേയും ഭൂരേഖയും വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ്, സര്‍വെയര്‍, ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകളിലുള്ളവരാണ് സസ്പെന്‍ഷനിലായത്. റവന്യു വകുപ്പില്‍ യു.ഡി. ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, എല്‍.ഡി. ടൈപ്പിസ്റ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലുള്ളവരാണ് ക്ഷേമപെന്ഷന് വാങ്ങിയത്. 4400 രൂപമുതല്‍ 53,400 രൂപവരെ കൈപ്പറ്റിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
വിവിധവകുപ്പുകളിലെ 1458 ജീവനക്കാര്‍ അനധികൃതമായി ക്ഷേമപെന്ഷന് വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരേ വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുകയാണ്. ആരോഗ്യവകുപ്പിലെ 373 പേര്‍ക്കെതിരേയും മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പിലെ ആറുപേര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു.
Content Highlights: 38 Kerala Govt Employees Suspended for Pension Fraud