അഞ്ചുവർഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകൾ; മറ്റു ജില്ലകളിലെ ബോംബ് സ്ക്വാഡുകൾ കണ്ണൂരിലേക്ക്

കണ്ണൂർ: എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടൻ ബോംബുകൾ. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കൾ ആണയിടുമ്പോഴും ബോംബ് നിർമാണത്തിന്റെ കണക്കുകൾ നൽകുന്നത് മറ്റൊരു ചിത്രം. ജില്ലയിൽ അഞ്ചുവർഷത്തിനുള്ളിൽ 252-ലധികം ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ മറ്റു ജില്ലകളിലെ ബോംബ് സ്‌ക്വാഡിനെ കണ്ണൂരിൽ എത്തിക്കാൻ തീരുമാനിച്ചു.
മൂന്നുവർഷത്തിനിടെ എട്ടിടത്താണ് ജില്ലയിൽ സ്‌ഫോടനമുണ്ടായത്. പാനൂർ സ്ഫോടനം ഉൾപ്പെടെ നാടൻബോംബ് നിർമാണത്തിനിടെ 1998-നുശേഷം മരിച്ചത് 10 പേരാണ്. അതിൽ ആറുപേർ സി.പി.എം. പ്രവർത്തകരും നാലുപേർ ആർ.എസ്.എസ്. പ്രവർത്തകരുമാണ്. പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ബോംബുകൾ കണ്ടെത്തിയത്.
ആൾത്താമസമില്ലാത്ത വീടുകളുടെ പട്ടിക തയ്യാറാക്കും
ജില്ലയിലെ ആൾത്താമസമില്ലാത്ത വീടുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തും. പഞ്ചായത്തുകളുടെ സഹായത്തോടെ ഒഴിഞ്ഞയിടങ്ങൾ കണ്ടെത്തി പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. ഓരോ ആഴ്ചയിലും ഇത് തുടരും. ബോംബ് ശേഖരം കണ്ടെത്താൻ 10 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു .ബോംബ് നിർമാണം തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ എല്ലാ ദിവസവും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയിട്ടുണ്ട്.
ഒളിപ്പിക്കാൻ പ്രത്യേക സ്ഥലങ്ങൾ
ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലുംവരെ വെടിമരുന്ന് കുത്തിനിറച്ച് പൊട്ടിക്കുന്നുണ്ട് കണ്ണൂരിൽ. രാഷ്ട്രീയ എതിരാളികളെ നേരിടൽ, ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പക എന്നിവയൊക്കെ ബോംബ് നിർമാണത്തിന് പിന്നിലുണ്ട്.പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്ത പ്രത്യേക സ്ഥലങ്ങളിലാണ് ബോംബ് സൂക്ഷിക്കുന്നത്. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതിൽ തുരന്ന് പ്രത്യേക അറകളുണ്ടാക്കിയും മറ്റും ബോംബുകൾ അക്രമികൾ സൂക്ഷിക്കുന്നു. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, ക്വാറികൾ, വീടിന്റെ അടുക്കള, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങൾ പറയുന്നു.
‘ഒറ്റപ്പെട്ട’ സ്ഫോടനങ്ങൾ 20-ലേറെ; എങ്ങുമെത്താതെ കേസുകൾ
രൺജിത്ത് ചാത്തോത്ത്
കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങളും സംഘർഷങ്ങളും കുറഞ്ഞെങ്കിലും ഉപേക്ഷിച്ചതോ ഒളിപ്പിച്ചതോ ആയ ബോംബ് പൊട്ടിത്തെറിച്ച് നിരപരാധികൾ മരിക്കുന്നതും പരിക്കേല്ക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുന്നു. വദേശരാജ്യങ്ങളിലെ സംഘർഷമേഖലകളിൽ കുഴിബോംബ് മേഖലയിലെന്ന പോലെ ഏത് സമയത്തും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം.
1998-നുശേഷം ഇത്തരം ‘ഒറ്റപ്പെട്ട’ 20-ലേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ഫോടനങ്ങളിൽ കണ്ണും കൈയുമൊക്കെ നഷ്ടമായ കുട്ടികളും കുറെയുണ്ട്. എരഞ്ഞോളിയിലിലെ സ്ഫോടനത്തോടെ പട്ടികയിൽ 85 വയസ്സുള്ള വയോധികനും കൂടി എത്തി-ആയിനിയാട്ട് വേലായുധൻ.1998-ൽ നടന്ന സംഭവം ഉൾപ്പടെ ഒരു കേസിലും ബോംബ് നിർമിച്ചതാരാണ്, ഒളിപ്പിച്ചതാരാണ് എന്നൊന്നും കണ്ടെത്താനായില്ല. പ്രതികളില്ലാത്തതിനാൽ അന്വേഷണവും മുന്നോട്ടുപോയില്ല. പല കേസുകളും അന്വേഷണം നിലച്ചതോ അവസാനിപ്പിച്ചതോ ആയ നിലയിലാണ്.
പാനൂരിനടുത്ത് കൂരാറയിൽ സ്റ്റീൽ ബോംബ് പൊട്ടി നാടോടിബാലികയായ സൂര്യകാന്തിയുടെ (ഒൻപത്) ഇടതു കണ്ണും കൈപ്പത്തിയും 1998-ലാണ് നഷ്ടമായത്. പിന്നീടങ്ങോട്ട് സംഭവങ്ങൾ പലതുണ്ടായി. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ പരിമിതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളിൽനിന്നാണ് പലപ്പോഴും ബോംബ് കണ്ടെത്തുന്നത്. മറ്റെവിടെനിന്നെങ്കിലും പെറുക്കിയെടുത്ത വസ്തുക്കൾ തുറക്കാൻ ശ്രമിക്കുന്നതിനിടയിലാവാം അപകടം സംഭവിക്കുന്നത്.
ആക്രി പെറുക്കുന്നവർ പലതവണ ഇത്തരം അപകടത്തിൽ പെട്ടു. കളിക്കുന്ന സമയത്ത് കിട്ടുന്ന സ്റ്റീൽ പാത്രങ്ങളോ പന്തുപോലുള്ള ഉരുണ്ട വസ്തുക്കളോ കൗതുകത്തിനിടയിൽ കൈകാര്യം ചെയ്യുമ്പോൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. കുഴിച്ചിട്ട ബോംബ് മണ്ണ് കിളക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചിട്ടുണ്ട്. ആര് എവിടെ നിർമിച്ചു, എവിടെ ഒളിപ്പിക്കുന്നു, ഉപേക്ഷിച്ചതാണോ എന്നൊക്കെ കണ്ടെത്തൽ അതിനാൽ പ്രയാസകരമാവുന്നു. സ്ഫോടനം നടന്നാൽ ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിന് പോലീസ് പ്രദേശത്ത് പരിശോധന നടത്തും. ബോംബ് സ്ക്വാഡും ശ്വാനസേനയുമൊക്കെ എത്തും. പിന്നീട് എല്ലാം വിസ്മൃതിയിലാവും. അടുത്ത സ്ഫോടനം നടക്കും വരെ.
പൊട്ടിയാൽ കേസ് സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന്
ബോംബ് ഇത്തരത്തിൽ പൊട്ടി പരിക്കേറ്റാൽ എക്സ്പ്ലോസീവ് ആക്ട് മൂന്ന്, നാല് പ്രകാരം സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്ത് ജീവനും വസ്തുവകകൾക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. മരിച്ചാൽ എക്സ്പ്ലോസീവ് ആക്ട് നാല്, അഞ്ച് പ്രകാരവും. അസ്വാഭാവിക മരണവും രജിസ്റ്റർ ചെയ്യും.
പ്രതികളെ കണ്ടെത്തൽ എളുപ്പമല്ല
ഇത്തരം സ്ഫോടന കേസുകളിൽ കാര്യമായ അന്വേഷണം നടത്താറുണ്ട്. പക്ഷെ പ്രതികളെ കണ്ടെത്തൽ എളുപ്പമല്ല. ആളൊഴിഞ്ഞ പറമ്പിലും മറ്റുമാണ് ബോംബ് സൂക്ഷിക്കുന്നത്. എരഞ്ഞോളി സ്ഫോടനത്തിലും പോലീസ് ആഴത്തിലുള്ള അന്വേഷണം നടത്തും. സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക നീക്കമുണ്ടാവും.
അജിത്ത് കുമാർ, സിറ്റി പോലീസ് കമ്മിഷണർ
Content Highlights: 252 bombs were found Kannur in five years