മാലിന്യംതള്ളൽ തടയാൻ ആമയിഴഞ്ചാൻ തോടിന് ഇരുവശവും 2000 മീറ്റർ കമ്പിവല, 40 എ.ഐ. ക്യമറയും സ്ഥാപിക്കും

ആമയിഴഞ്ചാന്‍ തോട് | File Photo: Mathrubhumi
ആമയിഴഞ്ചാന്‍ തോട് | File Photo: Mathrubhumi

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം തള്ളുന്നതു തടയാന്‍ ഇരുവശങ്ങളിലുമായി 2000 മീറ്റര്‍ നീളത്തില്‍ കമ്പിവല സ്ഥാപിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ 40 എ.ഐ. ക്യാമറ സ്ഥാപിക്കും. ക്യാമറകള്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. വീടുകളിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നവരെ പിടികൂടി കടുത്ത നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് കമ്പിവല സ്ഥാപിക്കുന്നത്. നേരത്തേ ഉണ്ടായിരുന്നതിന്റെ അറ്റകുറ്റപ്പണിയും ഇറിഗേഷന്‍ വകുപ്പ് നടത്തും. വീടുകളിലെ മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്കൊഴുക്കിയാല്‍ കടുത്ത നടപടികളെടുക്കും. ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി., തകരപ്പറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍, ജനശക്തി നഗര്‍, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം തോട്ടിലേക്കൊഴുക്കിയാലും ശിക്ഷിക്കപ്പെടും. വലിയതോതില്‍ മാലിന്യം ഉത്പാദിപ്പിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും.

പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകളില്‍നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതു തടയും. മൃഗശാലയില്‍ മലിനജലസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്‌കരണത്തിനു സംവിധാനമൊരുക്കണമെന്നും യോഗം നിര്‍ദേശിച്ചു.

രാജാജി നഗറില്‍ നിലവിലുള്ള തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജന്‍സികള്‍ക്കു കൈമാറും. അജൈവമാലിന്യം ശേഖരിക്കുന്നതിന് മിനി എം.സി.എഫ്./കണ്ടെയ്നര്‍ എം.സി.എഫ്. സ്ഥാപിക്കും. നഗറിലെ പാലത്തിനു സമീപവും നഗര്‍ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകള്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇവിടെ ശാസ്ത്രീയ ഖരമാലിന്യപദ്ധതിക്കു കണ്ടെത്തിയ സ്ഥലത്ത് ഉടന്‍ നിര്‍മാണമാരംഭിക്കും.


തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയുടെ മരണത്തിനു കാരണമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ ടണല്‍ ശുചീകരിക്കണമെന്ന് റെയില്‍വേയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തോട്ടിലേക്കു മാലിന്യം തള്ളുന്നതു തടയും. നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായി സബ് കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനുള്ള അധികാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്കുണ്ട്.

• കോര്‍പ്പറേഷന്റെ പരിധിയിലുള്ള സ്ഥലം കോര്‍പ്പറേഷന്‍ വൃത്തിയാക്കണം.

• അംഗീകാരമില്ലാത്ത ഏജന്‍സികള്‍ മാലിന്യം ശേഖരിക്കുന്നതും അവര്‍ക്കു മാലിന്യം കൈമാറുന്നതും കുറ്റകരമാണ്. ഇവരെ കണ്ടെത്താന്‍ രാത്രിയിലും പകലും പോലീസ് സഹായത്തോടെ പരിശോധന നടത്തും.

• പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും.

• കെ.എസ്.ആര്‍.ടി.സി. തമ്പാനൂര്‍ ഡിപ്പോയില്‍ സര്‍വീസ് സ്റ്റേഷനിലെ മലിനജലവും ഖരമാലിന്യവും തോട്ടില്‍ തള്ളുന്നത് ഒഴിവാക്കാന്‍ എഫ്‌ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും വേണമെന്നു നിര്‍ദേശം നല്‍കി.

• നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സഞ്ചിയും മറ്റുത്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും.

• മാലിന്യശുചീകരണ, സംസ്‌കരണ തൊഴിലാളികള്‍ക്ക് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പരിശീലനവും സുരക്ഷയും നല്‍കും.

• മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ വിഭാഗങ്ങളെയും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം.

റെയില്‍വേ ടണല്‍ വൃത്തിയാക്കാന്‍ മൂന്നു മാസം

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ ടണലിലെ മാലിന്യം ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ യന്ത്രങ്ങളുപയോഗിച്ചു നീക്കും.

വെള്ളമൊഴുക്ക് സുഗമമാക്കാന്‍ മൂന്നു മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

തീവണ്ടികളില്‍നിന്നു ശേഖരിക്കുന്ന മാലിന്യത്തിന്റെ ശാസ്ത്രീയസംസ്‌കരണം ഉറപ്പാക്കാന്‍ എന്‍ജിനിയറിങ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധിക്കാനും റെയില്‍വേക്ക് നിര്‍ദേശം നല്‍കി. സ്റ്റേഷനിലെ മാലിന്യം തോട്ടിലെത്തില്ലെന്ന് ഡി.ആര്‍.എം. അറിയിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, പി.എ.മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി.അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, എം.എല്‍.എ.മാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, മേയര്‍ ആര്യാ രാജേന്ദ്രന്‍, തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ഥപ്ല്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Content Highlights: 2000 meter net will be constructed on two sides of amayizhanjan canal to prevent garbage throwing