കണ്ണീരോളങ്ങളിൽ അന്നു മറഞ്ഞു, ഡേവിഡും ബാബുരാജും; ഉറ്റവരെ തേടി ആലപ്പുഴ മെഡിക്കൽ കോളേജ്

അമ്പലപ്പുഴ: ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആരവങ്ങളടങ്ങുമ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്നു പഠിച്ചിറങ്ങിയ പഴയതലമുറക്കാർക്ക് നോവിന്റെ ഓർമ്മകളുയരും. 1967-ൽ വള്ളംകളി കാണാൻപോയ എംബിബിഎസ് വിദ്യാർഥികളായ കൊല്ലം സ്വദേശി ബാബുരാജും തൃശ്ശൂരുകാരനായ ഡേവിഡും പുന്നമടക്കായലിന്റെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്നത് ഇന്നും അവർക്ക് കണ്ണീരോർമ്മ. 58 വർഷങ്ങൾക്കു ശേഷം, ഡേവിഡിന്റെയും ബാബുരാജിന്റെയും ഉറ്റവരെ കണ്ടെത്താനുള്ള ആഗ്രഹത്തിലാണ് മെഡിക്കൽ കോളേജ്.
വള്ളംകളി കാണാൻ കയറിയിരുന്ന ബോട്ടിൽനിന്ന് ഡേവിഡും ബാബുരാജും വെള്ളത്തിൽ വീഴുകയായിരുന്നു. പിറ്റേന്നു രാത്രി 11.35-ന് മൃതദേഹങ്ങൾ കണ്ടെത്തി. വിശിഷ്ടാതിഥികൾക്കായി തയ്യാറാക്കിയ താത്കാലിക പ്ലാറ്റ്‌ഫോമിനടുത്ത് വെള്ളത്തിലായിരുന്നു മൃതദേഹങ്ങൾ. വലയിട്ടപ്പോൾ അതിൽ കുടുങ്ങുകയായിരുന്നു. നെഹ്‌റു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ ആദ്യത്തെ ദുരന്തമായാണ് ഇതു കണക്കാക്കുന്നത്.
സഹപാഠികളുടെ ഓർമ്മയ്ക്കായി അടുത്ത വള്ളംകളി മുതൽ ടി.ഡി. മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ ഡേവിഡ് ആൻഡ് ബാബുരാജ് മെമ്മോറിയൽ ട്രോഫി ഏർപ്പെടുത്തി. ഒന്നാമതെത്തുന്ന ചുണ്ടൻവള്ളങ്ങൾക്കു നൽകുന്ന ട്രോഫികളുടെ പട്ടികയിൽ 13-ാം നമ്പരായ ഇത് എവർറോളിങ് ട്രോഫിയാണ്.
ഇരുവരും ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ എൺപതിനടുത്തു പ്രായം വരും. ഇവരുടെ ഉറ്റവരാരെങ്കിലുമുണ്ടെങ്കിൽ കണ്ടെത്തി കാംപസിലെ പുതിയ തലമുറയ്ക്കു മുന്നിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായി മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർഥി കൂടിയായ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ പറഞ്ഞു.
സി.ജെ. ഡേവിഡിന്റെ സ്മരണയ്ക്കായി പിൽക്കാലത്ത് കേരള സർവകലാശാല, ബയോകെമിസ്ട്രിയിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിക്കു സ്വർണമെഡൽ നൽകിയിരുന്നു. 1985-ൽ അത് ഡോ. പദ്മകുമാറിനാണു ലഭിച്ചത്.
Content Highlights: 1967 nehru trophy mbbs students death