എനിക്കെതിരേയുള്ളത് 164 കേസുകൾ, മുറിച്ച മരങ്ങളൊന്നും സംരക്ഷിത മരങ്ങളല്ല- റോജി എം. അഗസ്റ്റിൻ

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുറിച്ച മരങ്ങളൊന്നും സംരക്ഷിത മരങ്ങളല്ലെന്നും കേസിലെ ഒന്നാംപ്രതി റോജി എം. അഗസ്റ്റിൻ. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റിന് പിന്നാലെ കോടതിയിൽ ഹാജരാകാനെത്തിയതായിരുന്നു അദ്ദേഹം.
164 കേസാണ് തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റോജി പറഞ്ഞു. മരംമുറിച്ചതിന് 41 കേസ്, 41 ഫോറസ്റ്റ് കേസ്, 41 പോലീസ് കേസ്, 41 റെവന്യൂ കേസ്, 41 മരം കണ്ടുകെട്ടിയ കേസ്. എന്നിട്ട് ആ കേസിൽ മരം മുറിച്ചതിനും കേസുണ്ടാവും. വനത്തിൽ കയറി മരം മുറിച്ചുവെന്നാണ് പറയുന്നത്. എന്നാൽ വനത്തിൽനിന്നല്ല, സ്വന്തം തോട്ടത്തിലുണ്ടായിരുന്ന മരമാണ് മുറിച്ചത്. അങ്ങനെയാണ് മരത്തിന്റെ ഡി.എൻ.എ. പരിശോധിക്കാൻ പറഞ്ഞത്. ഡി.എൻ.എ. പരിശോധിച്ചപ്പോൾ അതെല്ലാം എന്റെ തോട്ടത്തിലെ മരങ്ങൾതന്നെയായിരുന്നു.
ഇതോടെ ഇപ്പോൾ എനിക്കെതിരേ ബയോഡൈവേഴ്‌സിറ്റിയാണ് ചാർജ് ചെയ്തിരിക്കുന്നത്. അഞ്ഞൂറ് വർഷം പഴക്കമുള്ള മരം പരിശോധിക്കാനാണ് പറയുന്നത്. ഞാൻ മരം കയറ്റിവിട്ടതിനും മരം വാങ്ങിയതിനും ജി.എസ്.ടി.യും നികുതിയും കൊടുത്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ആരും പറയുന്നില്ല. ഇപ്പോഴുള്ളതെല്ലാം വെറുതേയുണ്ടാക്കുന്ന ആരോപണങ്ങളാണ്. ആരോപണങ്ങൾ നടത്തുന്നവർക്ക് എന്തുംപറയാം -റോജി അഗസ്റ്റിൻ പ്രതികരിച്ചു.
മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്കെതിരേ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. റോജി എം. അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരേയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം ആറാംതീയതിയും പത്താംതീയതിയും മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടുതവണയും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരങ്ങൾ കോടതിയിൽ ഹാജരായിരുന്നില്ല. തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് പ്രതികൾക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികൾ കഴിഞ്ഞദിവസം കോടതിയിലെത്തി ജാമ്യം നേടിയിരുന്നു.
അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരേ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എം.എം. അലിയാർ 2021-ലാണ് പരാതി നൽകിയത്. വയനാട്ടിൽനിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലുള്ള എം.എം. അലിയാറുടെ മലബാർ ടിമ്പർ എന്ന സ്ഥാപനത്തിലായിരുന്നു വിറ്റത്. പിന്നീടാണ് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതിനൽകിയത്. ഈ കേസിലാണ് ഇപ്പോൾ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 18-ന് കേസ് വീണ്ടും പരിഗണിക്കും.
Content Highlights: First accused Roji M. Augustine stated 164 cases are registered against him regarding the Muttil tree felling., Claimed that the trees cut were from his own estate and not protected or from forests.