യാത്രയയക്കാനും നാട് ഒപ്പംനിന്നു, അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍

കൊല്ലം: സഹായഹസ്തങ്ങള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദിയോടെ ആവണി കൃഷ്ണ എറണാകുളത്തേക്ക് യാത്ര തിരിച്ചു. അവളെ യാത്രയയക്കാന്‍ ഒരു നാടിന്റെ നന്‍മ നിറഞ്ഞ മനസ് ഒപ്പമുണ്ടായിരുന്നു. ഹൃദയം മാറ്റിവെച്ച് ആരോഗ്യവതിയായെത്തുന്ന ആവണിയെ കാത്ത് ഒരു നാടുണ്ടിവിടെ. വെള്ളിയാഴ്ച കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത് ആ നാടിന്റെ കരുതല്‍ കൂടിയാണ്.
അഞ്ചൽ കരുകോണ്‍ അമല്‍ഭവനില്‍ സന്തോഷിന്റെ മകള്‍ ആവണി മൂന്നുവര്‍ഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് പോംവഴി എന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം ലിസി ഹോസ്പിറ്റിലിലും രജിസ്റ്റര്‍ ചെയ്തിരുന്നു. അവിടെയും ചെക്കപ്പുകളെല്ലാം പൂര്‍ത്തിയായി അനുയോജ്യമായ ഹൃദയം വരുമ്പോള്‍ അറിയിക്കാം എന്നതിന്റെ അടിസ്ഥാനത്തില്‍ കാത്തിരിക്കുകയായിരുന്നു കുടുംബം.
വെള്ളിയാഴ്ച ശ്രീചിത്രയിലെ ചെക്കപ്പ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പോത്തന്‍കോട് എത്തിയപ്പോഴാണ് ലിസി ഹോസ്പിറ്റലില്‍ നിന്നും ഫോണ്‍ വന്നത്. ഏഴ് മണിക്ക് എറണാകുളത്തെത്താനായിരുന്നു നിര്‍ദ്ദേശം. അതനുസരിച്ച് കൊല്ലത്തു നിന്നും 4.50നുള്ള വന്ദേഭാരതിന് ടിക്കറ്റിന് ശ്രമിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇടപെട്ട് അച്ഛന്‍ സന്തോഷിനും അമ്മ സിന്ധുവിനും ആവണിക്കുമുള്ള ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് ആവശ്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരതില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചതെന്ന് ആവണികൃഷ്ണ ചികിത്സാ സഹായകമ്മിറ്റി കണ്‍വീനര്‍ രാജശേഖരന്‍ പറഞ്ഞു.
പോത്തന്‍കോട് നിന്നും വഴിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ആംബുലന്‍സില്‍ എറണാകുളത്തേക്ക് പോവാനായിരുന്നു നിർദേശം. എന്നാല്‍, പരിശോധിച്ച ശേഷമേ ആംബുലന്‍സ് നല്‍കാനാവൂ എന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടില്‍ നിന്നുള്ള ആംബുലന്‍സില്‍ പോലീസ് എസ്‌കോര്‍ട്ടോടുകൂടി പെട്ടെന്ന് തന്നെ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് രാജശേഖരന്‍ പറഞ്ഞു.
ലിസി ഹോസ്പിറ്റലില്‍ ചെന്ന് ഇനിയും ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും ഹൃദയശസ്ത്രക്രിയ തീരുമാനിക്കുന്നത്. കരുകോണ്‍ ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ആവണി. സഹോദരന്‍ അമല്‍കൃഷ്ണ നഴ്‌സിങ് വിദ്യാര്‍ഥിയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവണിയേയും കുടുംബത്തേയും കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
Content Highlights: Girl from Anchal travelled on the Vande Bharat Express to Kochi for urgent heart surgery