ശ്വാസംപിടഞ്ഞ 5 1/4 മണിക്കൂര്‍; ഹിച്ച്‌കോക്കിന്റെ ക്രൂരകൃത്യം

1921 നവംബര്‍ 19 വൈകുന്നേരം
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂറുപേരെ ബല്ലാരിയിലേക്ക് കൊണ്ടുപോകാനായി പോലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.
എം.എസ്.എം. എല്‍.വി. 1711 എന്ന് മുദ്രചാര്‍ത്തിയ ചരക്ക് വാഗണാണ് തടവുപുള്ളികളെ കൊണ്ടുപോകാനായി ഒരുക്കിയിരുന്നത്. മരപ്പലകയും ഇരുമ്പുതകിടുകളും വെച്ചുനിര്‍മിച്ച വാഗണില്‍ വായുസഞ്ചാരത്തിനുള്ള സംവിധാനമില്ലായിരുന്നു.
കഷ്ടിച്ച് 50 പേര്‍ക്ക് കയറാന്‍ ഇടമുണ്ടായിരുന്ന വാഗണിലേക്ക് നൂറുപേരെ പോലീസ് തള്ളിക്കയറ്റി
കാറ്റിനും വെളിച്ചത്തിനും ഇടമില്ലാതെ വാഗണ്‍ തിങ്ങിനിറഞ്ഞു.
വാഗണ്‍ ഘടിപ്പിച്ച ട്രെയിന്‍ നമ്പര്‍ 77 കാലിക്കറ്റ്- മദ്രാസ് പാസഞ്ചര്‍ 7.15-ന് തിരൂര്‍ സ്റ്റേഷനില്‍നിന്ന് യാത്രതിരിച്ചു. അതോടെ ജീവനുവേണ്ടിയുള്ള നൂറുപേരുടെ അലര്‍ച്ച തീവണ്ടിയുടെ ഇരമ്പത്തില്‍ മുങ്ങി.
ഏഴുപോലീസുകാര്‍ തൊട്ടടുത്ത വാഗണിലും അവരുടെ അധികാരി റിസര്‍വ് പോലീസ് സെര്‍ജന്റ് എ.എച്ച്. ആന്‍ഡ്രൂസ് സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലും യാത്രചെയ്തു.
8.40-ന് വണ്ടി ഷൊര്‍ണൂരിലെത്തി. അരമണിക്കൂര്‍ അവിടെ തങ്ങി. ഒരിറ്റുശ്വാസം ദാനം ചോദിച്ചുള്ള രോദനങ്ങള്‍ കേട്ടിട്ടും വാഗണ്‍ തുറക്കാന്‍ അധികാരികള്‍ തയ്യാറായില്ല. പ്രതീക്ഷയും കരുത്തും ചോര്‍ന്നിട്ടും ആരുടെയൊക്കെയോ കൈകള്‍ അകത്തുനിന്ന് വാഗണിന്റെ ചുമരിലിടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
ഒലവക്കോട് സ്റ്റേഷനില്‍ 15 മിനിറ്റ് വണ്ടി നിര്‍ത്തിയിട്ടും ദയയുടെ അംശംപോലും വാഗണിലേക്ക് കടന്നുചെന്നില്ല.
1921 നവംബര്‍ 20 പുലര്‍ച്ചെ 12.30-ന് (ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് രാവി ലെ 4.30-ന്) വണ്ടി കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്തി. വാഗണ്‍ തുറന്നവര്‍ കണ്ടത് 56 മൃതശരീരങ്ങള്‍. ബാക്കിയുള്ളവര്‍ മരിച്ചതിനുതുല്യവും
മൃതദേഹങ്ങള്‍ അതേ വാഗണില്‍ത്തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. മൂത്രം കുടിച്ചും കൂടെയുള്ളവരെ കടിച്ചുപറിച്ചും ജീവന്റെ തുമ്പില്‍ പിടിവിടാതെ കഴിച്ചുകൂട്ടിയവരെ കോയമ്പത്തൂരിലെ ആശുപത്രികളിലേക്ക് മാറ്റി. അവിടെവെച്ച് ചിലര്‍കൂടി ജീവന്‍വെടിഞ്ഞതോടെ ആകെ മരണസംഖ്യ 70 കടന്നു.
ഹിച്ച്‌കോക്കിന്റെ ക്രൂരകൃത്യം
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ക്കുള്ള യാത്ര ലഹളപ്രദേശത്തുകൂടി അല്ലായിരുന്നുവെങ്കിലും അവിടങ്ങളിലും തുറന്ന വണ്ടികള്‍ ഉപയോഗിപ്പാന്‍ പാടില്ലെന്നുതന്നെയായിരുന്നു മിസ്റ്റര്‍ ഹിച്ച്കോക്കിന്റെ നിഷ്‌കര്‍ഷ. കന്നുകാലികളെ കയറ്റിക്കൊണ്ടുപോയിരുന്ന വണ്ടികളായിരുന്നത്രേ ആദ്യം ഇതിന്നായി ഉപയോഗിച്ചിരുന്നത്. പക്ഷേ, താമസിയാതെ അതുമാറ്റി സാമാനങ്ങള്‍ കയറ്റുന്ന ഗുഡ്സ് വാഗണാക്കി. ആദ്യകാലങ്ങളില്‍ ഈ വാഗണുകളുടെ വാതിലുകള്‍ തുറന്ന് പുറത്തേക്കുചാരി കയറുകൊണ്ട് കെട്ടീട്ടായിരുന്നു കൊണ്ടുപോയിരുന്നത്. പക്ഷേ, മിസ്റ്റര്‍ ഹിച്ച്കോക്കിന്റെ തെളിവി ലും വേറെ ചിലര്‍ കൊടുത്ത തെളിവുകളിലും സൂചിപ്പിച്ചപ്രകാരം പുറമെയുള്ളവര്‍ തടവുകാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും തടസ്സപ്പെടുത്തുവാനായി വാതില്‍ പൂട്ടി ബന്ധിച്ചാണ് പിന്നീട് കൊണ്ടുപോയിരുന്നത്. ഇടയ്ക്ക് ചില സ്റ്റേഷനുകളില്‍ വാതില്‍തുറന്നുകൊടുത്ത് വായുവിന്ന് പ്രവേശം നല്‍കിയിരുന്നുവത്രേ. 122 ആളുകളോളം ഒരു വാഗണില്‍തന്നെ കുത്തിക്കയറ്റി കൊണ്ടുപോകയുണ്ടായിട്ടുണ്ട് എന്നറിയുമ്പോള്‍ ഈ തടവുകാരെ മനുഷ്യരായി അധികൃതന്മാര്‍ കരുതിയിരുന്നതേയില്ല എന്ന് വ്യക്തമാകുന്നുണ്ട്. കെ.കേളപ്പന്‍നായര്‍, കെ.വി.ബാലകൃഷ്ണമേനോന്‍, കെ.വി. രാമന്‍ മേനോന്‍ ഇവരെ ലഹളക്കാലത്ത് തടവുകാരായി പിടിച്ചപ്പോള്‍ ഇപ്രകാരമുള്ള ഒരു വണ്ടിയിലാണത്രേ മറ്റു തടവുകാ രോടൊപ്പം കണ്ണൂര്‍ക്ക് കൊണ്ടുപോയിരുന്നത്. തിരൂരില്‍നിന്ന് ആ വാഗണിന്റെ വാതിലടയ്ക്കാന്‍ തുടങ്ങിയപ്പോള്‍, വാതില്‍ തുറന്നുവെക്കണമെന്നും വാതില്‍ക്കല്‍ ഓരോ പോലീസുകാരനെ നിര്‍ത്തിയാല്‍ മതിയെന്നും കേളപ്പന്‍നായര്‍ നിര്‍ദേശിച്ചത് പോലീസ് സര്‍ജന്റ് സ്വീകരിച്ചു. അതുകൊണ്ടാണ് താനും കൂട്ടുകാരും ചാവാതെ കണ്ണൂരിലെത്തിച്ചേര്‍ന്നതെന്ന് കേളപ്പന്‍ നായര്‍ പറയുകയുണ്ടായിട്ടുണ്ട്.
രണ്ടായിരത്തഞ്ഞൂറോളം തടവുകാരെ മുപ്പത്തിരണ്ട് പ്രാവശ്യമായി ഇങ്ങനെയുള്ള വാഗണുകളില്‍ കൊണ്ടുപോയിട്ടുണ്ടായിരുന്നുവെന്നാണ് ഗവണ്‍മെന്റ് നിശ്ചയിച്ച അന്വേഷണക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകൊണ്ട് കാണുന്നത്.
പ്രസ്താവത്തിലെ കുപ്രസിദ്ധമായ തീവണ്ടിദുരന്തമുണ്ടായത് നവംബര്‍ ഇരുപതാം തീയതിയായിരുന്നു. നൂറോളം തടവുകാരെ തിരൂരില്‍നിന്ന് മേല്‍പ്പറഞ്ഞ വിധമുള്ള വണ്ടിയില്‍ കയറ്റി. മിസ്റ്റര്‍ ഹിച്ച്കോക്കിന്റെ മേല്‍നോട്ടത്തിലാണ് ഇവരെ വണ്ടിയില്‍ കയറ്റിയത്. കയറ്റിയ ഉടനെ വാതിലെല്ലാം അടച്ചുപൂട്ടി ഭദ്രമാക്കി. അങ്ങനെ ഭദ്രമാക്കിയവര്‍ക്ക് പാറാവ് ആവശ്യമില്ലാതിരുന്നതിനാല്‍ സര്‍ജന്റും കോണ്‍സ്റ്റബിള്‍മാരും സുഖമായി വേറെ വണ്ടിയിലാണ് സഞ്ചരിച്ചിരുന്നത്. തിരൂരില്‍നിന്ന് കോയമ്പത്തൂര്‍ എത്തുന്നതുവരെ ഈ വണ്ടിയുടെ വാതില്‍ തുറന്നുകൊടുക്കുകയോ അതിലുള്ളവരെപ്പറ്റി വല്ല അന്വേഷണം ചെയ്യുകയോ ഒന്നുംതന്നെ അവര്‍ ചെയ്തിരുന്നില്ല. മനുഷ്യര്‍ക്ക് ശ്വസിപ്പാന്‍ വായുവേണ്ടെന്ന് സാക്ഷാല്‍ ഹിച്ച് കോക്ക്തന്നെ തീര്‍ച്ചപ്പെടുത്തിയിരിക്കെ, അതു വേണമെന്നുവിചാരിപ്പാന്‍ സര്‍ജന്റിനോ കോണ്‍സ്റ്റബിള്‍മാര്‍ക്കോ എന്തധികാരമാണുള്ളത്? അതിനാല്‍ അങ്ങനെയുള്ള അന്വേഷണങ്ങള്‍ അവര്‍ ചെയ്യാത്തതിനാല്‍ അവരെ ഒരുവിധത്തിലും കുറ്റപ്പെടുത്തുവാനില്ല. മഞ്ചേരി രാമയ്യര്‍ മുതലായവര്‍ അടങ്ങിയ ഒരു കമ്മിറ്റി, കുറ്റം സര്‍ജന്റിന്റെ തലയ്ക്കാണത്രെ ആരോപിച്ചത്. ചെറുവണ്ണൂര്‍വെച്ച് തടവുകാര്‍ വെള്ളത്തിനാവശ്യപ്പെട്ടുവെന്നും വെള്ളം കൊണ്ടുവന്നു കൊടുപ്പാന്‍ സമയമില്ലായ്കയാല്‍ കൊടുത്തി ല്ലെന്നും ആ സര്‍ജന്റ് തെളിവു കൊടുത്തതായി കണ്ടു. അയാള്‍ക്ക് അത്രയെങ്കിലും ദയാബുദ്ധി തോന്നിയത് അഭിനന്ദനീയംതന്നെ. ഏതായാലും നിര്‍ഭാഗ്യവാന്മാരായ ഈ തടവുകാര്‍ ശ്വസിപ്പാന്‍ വായുവില്ലാതെയും കുടിപ്പാന്‍ വെള്ളമില്ലാതെയും കാട്ടിക്കൂട്ടിയ മരണഗോഷ്ടികള്‍ ഭയങ്കരങ്ങളായിരുന്നു. തമ്മില്‍ കടിച്ചും മാന്തിയും പലരുടേയും ദേഹത്തില്‍ മുറിവുകളുണ്ടായിരുന്നു. ആവക മുറിവുകള്‍ കടിച്ചുണ്ടായതല്ലെന്നും മാന്തലിന്റെ ചിഹ്നങ്ങളായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥന്മാര്‍ അഭിപ്രായപ്പെട്ടത്.
ശ്വാസംമുട്ടീട്ടല്ല ഈ തടവുകാര്‍ മരിച്ചതെന്നു വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ, കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ അതിന്നനുവദിച്ചില്ല. മര്‍ക്കടന്മാരിലും മുഷ്‌കരന്മാരുണ്ട്. തടവുകാര്‍ മരിച്ചത് ശ്വാസം മുട്ടീട്ടാണെന്നും അവരെ കൊണ്ടുപോയിരുന്ന വണ്ടി മനുഷ്യരെ കയറ്റിക്കൊണ്ടുപോകാന്‍ തക്കതല്ലായിരുന്നുവെന്നും അയാള്‍ തെളിവുകൊടുത്തു. ആകെ നൂറുപേരെ കയറ്റിക്കൊണ്ടുപോയതില്‍ 56 പേരോളം പോത്തനൂര്‍ എത്തിയപ്പോഴേക്കുതന്നെ മരിച്ചു. ഏതാനുംപേര്‍ പുറത്തിറക്കിയതിനുശേഷവും മരിച്ചു.
ഇപ്രകാരം തടവുകാര്‍ മരിച്ചുവെന്നറിഞ്ഞത് പട്ടാളനിയമം നടപ്പില്ലാത്ത കോയമ്പത്തൂര്‍ വെച്ചായതുകൊണ്ട് ഈ സംഭവം എല്ലാവരും അറിയുവാനിടയായി. അതിനെപ്പറ്റി നിയമസഭയിലും അസംബ്ലിയിലും പ്രമാദമായ വാദപ്രതിവാദങ്ങള്‍ നടന്നു. അക്കാലത്ത് മലബാര്‍ ജില്ലയുടെ ഭരണത്തലവനും ഈവക സംഭവങ്ങള്‍ക്ക് ഏതാണ്ട് ഉത്തരവാദിയുമായ നാപ്പ് സായ്വ് അധ്യക്ഷനായും ഗവണ്‍മെന്റിന്റെ പ്രത്യേക വാത്സല്യത്തിന് എന്നും പാത്രമായ കല്ലടി മൊയ്തുട്ടി സാഹിബ് മുതലായവര്‍ മെമ്പര്‍മാരായും ഒരന്വേഷണക്കമ്മിറ്റിയെ ഗവണ്‍മെന്റ് നിശ്ചയിച്ചു. ആ കമ്മിറ്റിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും മറ്റും നിയമസഭക്കാര്‍ ആക്ഷേപം പറഞ്ഞുവെങ്കിലും ഗവണ്‍മെന്റ് അതുകൊണ്ടൊന്നും കുലുങ്ങിയില്ല. ഒടുവില്‍ ആ കമ്മിറ്റിക്കാര്‍ ചില തെളിവുകളെല്ലാമെടുത്ത് അവര്‍ക്ക് തോന്നിയ അഭിപ്രായങ്ങള്‍ ഗവണ്‍മെന്റിലേക്കയച്ചു.
ഈ മാതിരി വണ്ടി ആവശ്യപ്പെട്ടവരും വണ്ടികളില്‍ തടവുകാരെ കയറ്റി അയച്ചവരുമായ ഹിച്ച്കോക്ക് മുതലായവര്‍ അപരാധികളല്ലെന്ന് കമ്മിറ്റിക്കാര്‍ തീര്‍ച്ചപ്പെടുത്തി. വാഗണ്‍ ഉണ്ടാക്കിയ തീവണ്ടിക്കമ്പനിക്കാരും അതേല്പിച്ചുകൊടുത്ത ട്രാഫിക് ഇന്‍സ്‌പെക്ടരും യാത്രയില്‍ തടവുകാരുടെ സ്ഥിതിയെപ്പറ്റി അന്വേഷിക്കാത്ത സര്‍ജന്റുമാണ് അപരാധികള്‍ എന്നായിരുന്നു അവരുടെ തീര്‍പ്പ്.
മരിച്ചുപോയ തടവുകാരുടെ കുടുംബങ്ങള്‍ക്ക് മുന്നൂറുറുപ്പിക വീതം സംഭാവന ലഭിച്ചു. ഈ അപകടത്തെപ്പറ്റി ജനങ്ങള്‍ ചെയ്ത ആക്ഷേപത്തിന് അത്രയെങ്കിലും ഫലമുണ്ടായെന്ന് ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
വാഗണ്‍ ട്രാജഡിയെപ്പറ്റി കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരേടാണിത്. കെ.പി.സി.സി. പ്രസിഡന്റും മാതൃഭൂമി സ്ഥാപകസാരഥികളില്‍ ഒരാളും ഏറനാട്ടുകാരനുമായ ലേഖകന്‍ മലബാര്‍ കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു.
Content Highlights: