'മെക് 7-നെതിരായ ആരോപണത്തിന് പിന്നിൽ റിയാസ് - മോഹനൻ അധികാരവടംവലി, വർഗീയ ചിത്രീകരണം പ്രതിരോധിക്കും'

മെക് 7 (മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ 7) എന്ന വ്യായാമ മുറയില്‍ പങ്കാളികളാവുന്നത് തീവ്രവാദികളാണെന്ന ആരോപണത്തില്‍ നിന്നും സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പിന്‍മാറിയെങ്കിലും അതുയര്‍ത്തിയ അലയൊലികള്‍ അടങ്ങുന്നില്ല. മെക് 7-ല്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി സി.പി.എമ്മിനെക്കുറിച്ചും മെക് 7-നെ വര്‍ഗീയമെന്ന് വിളിക്കുന്നതിലെ പ്രേരണയെക്കുറിച്ചും മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
മെക് 7 എന്നാല്‍...
ഇത് 21 മിനിട്ട് വരുന്ന ഒരു വ്യായാമമുറയാണ്. അത് ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായത് നമ്മള്‍ ജിമ്മിലും യോഗയിലുമൊക്കെ ചെയ്യുന്ന അടിസ്ഥാനപരമായ വ്യായാമങ്ങളാണ് ഇതില്‍. ഇന്ന് (17.12.2024 ചൊവ്വാഴ്ച) ആദ്യമായാണ് ചെയ്തത്, മലപ്പുറത്തെ ചേളാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൂട്ടായ്മയില്‍. സുധീശന്‍ ആയിരുന്നു ട്രെയിനര്‍. എല്ലാ മതത്തില്‍പ്പെട്ട ആള്‍ക്കാരും സിപിഎം ഭാരവാഹികള്‍ അടക്കം മിക്കവാറും രാഷ്ട്രീയപാര്‍ട്ടികളുടെ ആള്‍ക്കാരും ഉണ്ടായിരുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി പത്യേക സെക്ഷനുണ്ടായിരുന്നു. 200-ഓളം ആളുകള്‍ രാവിലെ ആറുമണി മുതല്‍ ആറര വരെ യാതൊരു വേര്‍തിരിവും ഇല്ലാതെ ഒരുമിച്ചിരുന്ന് വ്യായാമം ചെയ്തു തിരിച്ചുപോകുന്നു. ഇതാണ് ഞാന്‍ കണ്ടത്. അതിനപ്പുറം മറ്റൊരു തരത്തിലുമുള്ള ആശയപ്രചരണമോ സാമുദായികമോ രാഷ്ട്രീയമോ ആയ കൂട്ടായ്മകളോ നടക്കുന്നതായി ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഒരു നാട്ടിലെ ആള്‍ക്കാര്‍ കൂടിച്ചേര്‍ന്ന് നടത്തിയ വ്യായാമ കൂട്ടായ്മ മാത്രം.
മെക് 7-നെതിരായ ആരോപണത്തില്‍ എന്തെങ്കിലും ദുരുദ്ദേശ്യം...
തീര്‍ച്ചയായും സംശയമുണ്ട്. മോഹനന്‍ മാഷ് ആദ്യമായല്ല ഇത്തരത്തില്‍ വര്‍ഗീയമായി വേര്‍തിരിക്കുന്ന ഒരു കാര്യം ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപ്പട്ടികയില്‍ പെട്ടിരുന്ന ആളാണ്. കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാറിന്റെ പുറകില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച് യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനും വര്‍ഗീയമായ വേര്‍തിരിവ് ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. അതിനുശേഷമാണ് കൊലപാതകം പോപ്പുലര്‍ ഫ്രണ്ടിന്റെ ക്വട്ടേഷന്‍ ആണെന്ന് പ്രചാരണം നടത്തിയത്.
രണ്ടാമത്തെ സംഭവം വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദമാണ്. അന്ന് അവര്‍ നിരന്തരം പറഞ്ഞത് യൂത്ത് ലീഗ് നേതാവായ കാസിം സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു എന്നാണ്. പക്ഷേ കാസിം അല്ല പ്രചരിപ്പിച്ചത് എന്ന് കേരള പോലീസ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രചരിപ്പിച്ചതാര് എന്നതിനപ്പുറം ആരാണിത് ഉണ്ടാക്കിയത് എന്നതിലേക്ക് അന്വേഷണം പോയിട്ടില്ല. അന്വേഷണം ശരിയായി നടന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പിടിക്കപ്പെടും എന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. വടകരയില്‍ വര്‍ഗീയ ചേരിതിരിവിനാണ് അവര്‍ ശ്രമിച്ചത്.
മോഹനന്‍ മാഷ് ഉള്‍പ്പെടുന്ന മൂന്നാമത്തെ സമാന സംഭവമാണ് മെക് 7 വിവാദം. സാധാരണ നമ്മുടെ നാട്ടില്‍ വര്‍ഗീയമായി സാധ്യതയുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്നത് ബി.ജെ.പി.യും ആര്‍.എസ്.എസും ഒക്കെയാണ്. പക്ഷേ അവര്‍ക്ക് ഒരു അവസരമാണെന്ന് തോന്നാത്ത വിഷയത്തില്‍ മോഹനന്‍ മാഷിന് തോന്നുന്നുണ്ടെങ്കില്‍ എന്തോ പ്രശ്നമുണ്ട്. അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികളും ഈ സംഭവവുമെല്ലാം ഒത്തു നോക്കുമ്പോള്‍ അദ്ദേഹം ആര്‍.എസ്.എസിനു മുമ്പ് വര്‍ഗീയത പറയാനാണ് ശ്രമിക്കുന്നത്. 'പി. മോഹനന്‍ എന്നാല്‍ കേരളത്തിന്റെ മോഹന്‍ ഭാഗവതാണ്', എന്നുപറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ്. മലബാറില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നതില്‍ ആദ്യത്തെ കുറ്റക്കാരനാണ് മോഹനന്‍ മാഷ്.
മെക് 7-നെക്കുറിച്ച് മുഹമ്മദ് റിയാസ് നല്ല അഭിപ്രായം പറഞ്ഞതിന്റെ പിറ്റേന്നാണ് മോഹനന്‍ മാഷ് അതിനെതിരെ രംഗത്തു വന്നത്....
സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍. എങ്കിലും കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉള്ള അടക്കംപറച്ചില്‍ അനുസരിച്ച് മോഹനന്‍ മാഷും മുഹമ്മദ് റിയാസും തമ്മില്‍ വലിയ രീതിയിലുള്ള യുദ്ധം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ പ്രശ്നം. ബേപ്പൂര്‍ മുഴുവന്‍ ഈ വ്യായാമം പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് കത്ത് കൊടുക്കുകയും ആളുകളെ സംഘടിപ്പിക്കുകയും കൂട്ടായ്മകള്‍ തുടങ്ങാന്‍ നേതൃത്വം കൊടുക്കുകയും ഒക്കെ ചെയ്യുമ്പോള്‍ പിറ്റേന്ന് അതിനെ എതിര്‍ത്തുകൊണ്ട് പി. മോഹനന്‍ രംഗത്ത് വരുന്നു.
മുഹമ്മദ് റിയാസിനെ മുസ്ലിം തീവ്രവാദമുഖമായി ചിത്രീകരിക്കാന്‍ മോഹനന്‍ മാഷ് ശ്രമിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ ആവില്ല. ഞങ്ങള്‍ക്ക് പറയാന്‍ ഒന്നേയുള്ളൂ, അവര്‍ തമ്മിലുള്ള അധികാര വടംവലിയും അവരുടെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും പാര്‍ട്ടിക്കകത്ത് ഒതുങ്ങി നില്‍ക്കണം. പൊതുജനങ്ങളുടെ മധ്യത്തിലേക്ക് ഈ വിഷയം വലിച്ചിട്ട് ആര്‍.എസ്.എസിനു കളമൊരുക്കി കൊടുത്ത് നാട്ടില്‍ കലാപാന്തരീക്ഷം ഉണ്ടാക്കരുത്. മെക് 7-ന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നുപറയുമ്പോള്‍ റിയാസ് പോപ്പുലര്‍ ഫ്രണ്ടുകാരനാണ് എന്നാണോ മോഹനന്‍ മാഷ് പറയുന്നത്?
സി.പി.എമ്മും വര്‍ഗീയതയും...
സി.പി.എം., ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയകക്ഷിയായി ചിത്രീകരിക്കുകയാണിപ്പോള്‍. മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സ്വീകരിച്ചതും പിണറായി വിജയന്‍ അതിന്റെ അമീറിനെ നേരിട്ട് കണ്ടതും ജമാഅത്തിന്റെ പിന്തുണ ഗുണകരമായി എന്ന് 96-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശാഭിമാനി മുഖപ്രസംഗം എഴുതിയതുമൊക്കെ സി.പി.എം. എങ്ങനെ ന്യായീകരിക്കും? ഇപ്പോഴും എത്ര പഞ്ചായത്തുകളിലാണ് എസ്.ഡി.പി.എ.യുമായി ചേര്‍ന്ന് അവര്‍ ഭരണം നടത്തുന്നത്? ഇവര്‍ തരാതരം പോലെ നിലപാടു മാറ്റും. ഇത്രയുംകാലം ന്യൂനപക്ഷ വര്‍ഗീയത കത്തിച്ചു നിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ഇപ്പോള്‍ അതില്‍ നിന്ന് മാറി ഭൂരിപക്ഷ വര്‍ഗീയതയെ കത്തിജ്വലിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ന്യൂനപക്ഷ വിഷയങ്ങള്‍ അമിതമായി ചര്‍ച്ച ചെയ്ത് അവരെ ഇക്കിളിപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയും അവരുടെ വിശ്വാസം നഷ്ടമാവുകയും ചെയ്തു. അത് സി.പി.എമ്മിന്റെ സ്വന്തം അണികള്‍ക്കിടയില്‍ പോലും പ്രശ്നമായി. അതിനൊപ്പം അവരുടെ ഉറച്ച വോട്ടുബാങ്കിന്റെ അടിത്തറയ്ക്ക് ഇളക്കമുണ്ടായി. അതിനാല്‍ മുസ്ലിം വിരുദ്ധതയുമായി ഇറങ്ങിയിരിക്കുകയാണ്, ഭൂരിപക്ഷപ്രീണനത്തിന് ഇറങ്ങിയിരിക്കുകയാണ് സി.പി.എം.
വര്‍ഗീയത മാത്രം ഉദ്ദേശിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന കക്ഷിയായി കേരളത്തിലെ സി.പി.എം. മാറിയിരിക്കുന്നു. കേരളം ഇത് രണ്ടിനെയും തള്ളിക്കളഞ്ഞതാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. ഭൂരിപക്ഷ സമുദായം കൂടുതലുള്ള പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നാലായിരം വോട്ടിന് ലീഡ് ചെയ്തു. ന്യൂനപക്ഷ സമുദായം കൂടുതലുള്ള പഞ്ചായത്തുകളിലും ലീഡ് ചെയ്തു. അതിനര്‍ത്ഥം, എല്ലാ മേഖലകളിലും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു എന്നാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും ആ വിശ്വാസം നഷ്ടമായി.
യൂത്ത് കോണ്‍ഗ്രസ് മെക്ക് 7 ഏറ്റെടുക്കുമോ...
ഇല്ല, ഞങ്ങള്‍ നേതൃത്വം കൊടുക്കുന്ന പരിപാടിയല്ലല്ലോ ഇത്. പങ്കെടുക്കുന്നതില്‍ യാതൊരു തടസ്സവുമില്ല. ഇപ്പോള്‍ തന്നെ, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ അടക്കമുള്ളവര്‍ പല കൂട്ടായ്മകളിലും പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിലോ യൂത്ത് കോണ്‍ഗ്രസിലോ ഉള്ള ആര്‍ക്കും പങ്കെടുക്കാം. ഇതിലെ പരിശീലകരില്‍ ചിലര്‍ ഞങ്ങളുടെ ഭാരവാഹികളുമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പിന്തുണ ഈ കൂട്ടായ്മയ്ക്കുണ്ട്. രാഷ്ട്രീയവിരോധം മൂലം അവരെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസുണ്ടാവും.
യുവാക്കളുടെ മികച്ച നേതൃനിര കോണ്‍ഗ്രസിന് നല്‍കുന്ന മെച്ചം...
കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ തരാറുണ്ട്, അത് ഞങ്ങള്‍ വിനിയോഗിക്കാനും പരമാവധി ശ്രമിക്കുന്നു. ജനങ്ങളുടെ ഇടയില്‍ പൊതുപ്രവര്‍ത്തനം നടത്തി അവരുടെ വിശ്വാസം നേടാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ജനങ്ങള്‍ അത് അംഗീകരിക്കുന്നതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ നേടിയ വിജയം. ഞങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ യുവജന രാഷ്ട്രീയം, യുവജനങ്ങളുടെ പ്രശ്നങ്ങള്‍, ഞങ്ങള്‍ ജയിലില്‍ പോയതും തല്ലുകൊണ്ടതുമായ വിഷയങ്ങള്‍... അതിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം.
കെ.പി.സി.സി. പുനസംഘടനയെ പറ്റി...
കെ.പി.സി.സി. സംഘടനയെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. എ.ഐ.സി.സി. എല്ലാവിധ വശങ്ങളും പരിഗണനകളും വിലയിരുത്തി ഉത്തമമായ തീരുമാനങ്ങള്‍ എടുക്കും. ഞങ്ങള്‍ക്ക് അതില്‍ വേറെ അഭിപ്രായങ്ങള്‍ ഒന്നുമില്ല. യൂത്ത് കോണ്‍ഗ്രസ് എന്ന നിലയില്‍ അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ കൃത്യമായ നിലപാടുകള്‍ അറിയിക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍...
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന ശക്തിപ്പെടുത്താനുള്ള 'യങ് ഇന്ത്യ' എന്ന പദ്ധതി നാലുമാസം മുമ്പ് ആരംഭിച്ചത് എറണാകുളം വരെ എത്തി നില്‍ക്കുകയാണ്. ഒരു ബൂത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കണ്ടെത്തി ബൂത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വളരെ വിപുലമായ ചില പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്, മിഷന്‍ 2025 എന്ന പേരില്‍.
അതിന് യൂത്ത് കോണ്‍ഗ്രസിന്റെ പൂര്‍ണപിന്തുണയുണ്ട്. കൂടുതല്‍ യുവാക്കളെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലെ വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിട്ട് കൂടുതല്‍ യുവജനങ്ങളെ ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ആക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. സീറ്റുകള്‍ വാങ്ങിക്കൊണ്ട് പോകാന്‍ മാത്രമല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, മിഷന്‍ 2025-ന്റെ മികച്ച വിജയത്തിനായി എല്ലാ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Content Highlights: youth congress state vice president abin varkery about mec 7 fitness controversy