ദളിത് സ്ത്രീകൾ പോരാളികളല്ല, പ്രസരിപ്പും ചുറുചുറുക്കുമുള്ളവർ - എസ്. മൃദുലാ ദേവി | അഭിമുഖം

#ഇ.ആതിര
എസ്. മൃദുലാ ദേവി | Photo : Facebook
എസ്. മൃദുലാ ദേവി | Photo : Facebook

ഒരു കൊടം പാറ്
ഒല്ലിയടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക്
മറു മിളിന്തിയിൽ മനമുട്ട് ഇരു മിളിന്തിയും കറ്റാണേ
കറ്റാൽ നിന്നെ കട്ടോളാ
എന്ത് കട്ടു ചേല് കട്ടു
എന്ത് ചേല് പാട്ട് ചേല്
എന്ത് പാട്ട് നിന്റെ പാട്ട്
എന്ത് നീ എന്റെ നീ
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ ഏറെ ശ്രദ്ധേയമായ ഗാനമാണിത്. പറയ സമുദായത്തിന്റെ പാളുവ ഭാഷയിലുള്ളതാണിത്. ഈ സിനിമയിലേക്ക് പാളുവഭാഷയിൽ രണ്ടു പാട്ടുകൾ എസ്. മൃദുലാ ദേവി എഴുതിയിരുന്നു. ഇതിൽ ‘ഒരു കൊടം പാറ്’ എന്ന പാട്ട് സിനിമ പുറത്തിറങ്ങിയപ്പോൾ ഏറെ ചർച്ചചെയ്യപ്പെട്ടു. വാമൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്ത ഭാഷയെ അതിന്റെ നിഷ്കളങ്കതയോടെയും ആഴമുൾക്കൊണ്ടും അവതരിപ്പിക്കുകയായിരുന്നു മൃദുല ഈ പാട്ടിൽ. ഈ വർഷം, കേരള സർവകലാശാല ബി.എ. മലയാളം ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ ജനപ്രിയ ഭാഷാ-വ്യവഹാരങ്ങൾ എന്ന പേപ്പറിലെ ജനപ്രിയ സിനിമകളിലെയും ഗാനങ്ങളിലെയും ഭാഷയിൽ വിശകലനത്തിനായി ഈ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ദളിത് സമൂഹത്തിലെ സ്ത്രീകൾ നമുക്കെപ്പോഴും പോരാട്ടത്തിന്റെ പ്രതീകങ്ങളാണ്. സാഹിത്യങ്ങൾ ദളിത് സ്ത്രീകളുടെ ഇല്ലായ്മകളും പോരാട്ടകഥകളും ആഘോഷിക്കുന്നു. അവരിലെ ഭാവുകത്വം, നിറവുകൾ ഇവയൊന്നും ദളിത് സ്ത്രീ പോരാട്ടകഥകളുടെ സ്വീകാര്യത നേടിയിട്ടില്ലെന്നുതന്നെ പറയാം. ഈ ഭാവുകത്വവും നിറവുകളുമാണ് മൃദുല അവരുടെ രചനകളിലെല്ലാം തന്നെ അവതരിപ്പിക്കുന്നത്. 
.
ഇല്ലായ്മകളിലെ നിറവുകൾ

മറ്റുള്ളവർ പിടിച്ച പേനയ്ക്കകത്ത് ഡിസൈൻ ചെയ്യുന്നതിനാലാണ് ദളിത് സ്ത്രീകൾ എല്ലായ്പ്പോഴും ഇല്ലായ്മകളിൽ നിൽക്കുന്നതെന്നു പറയുന്നു മൃദുല. അവിടെ ഇരയല്ല, വേട്ടക്കാരനാണ് വേട്ടയുടെ ചരിത്രം ഡിസൈൻ ചെയ്യുന്നത്. ‘ഇല്ലായ്മകളില്‍ അവകാശങ്ങൾക്കായി പോരാടുന്ന ദളിത് സ്ത്രീകളെയാണ് സാഹിത്യത്തിനു കൂടുതൽ താത്പര്യം. സിനിമ എനിക്കൊരു പ്ലാറ്റ്ഫോമായിരുന്നു. അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ സ്ത്രീയാൽ എഴുതപ്പെട്ട പാട്ടാണിത്. അതിൽ സ്ത്രീയുടെ ഭാവുകത്വമുണ്ട്. ഇല്ലായ്മകളിൽ കൊണ്ടുചെന്നുനിർത്തിയ ഒരു സമൂഹത്തിന്റെ ഊഷ്മളതയുണ്ട്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അത് കൂടുതൽ ആഴത്തിൽ ആളുകളിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ’ -മൃദുല പറയുന്നു.

പാളുവ ഭാഷാ സമൂഹങ്ങളുടെ ജീവിതക്രമം കൂടുതലും ഉൾക്കൊള്ളുന്നത് ‘ചെമ്രാന്തമേറെയായ്’ എന്ന പാട്ടിലാണ്. അതുൾപ്പെടുത്തിയിരുന്നെങ്കിൽ അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു ഒട്ടേറെ വായനകളുണ്ടായേനേ. എന്നാൽ ‘ഒരു കൊടം പാറ്’ ഒരു മാധ്യമമായി ഉപയോഗിക്കാമെന്നാണ് മൃദുലയുടെ കാഴ്ചപ്പാട്. ദളിത് സ്ത്രീകൾ, ദളിത് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും വിവേചനമനുഭവിക്കുന്നവരാണെന്നു പറയാറുണ്ട്. വിവേചനങ്ങൾക്കെതിരെ ദളിത് സ്ത്രീകൾ പ്രതികരിക്കുമ്പോൾ അതൊരു സ്വാഭാവിക പ്രതികരണം മാത്രമായാണ് മൃദുല കാണുന്നത്. പക്ഷേ, ഓരോ ഘട്ടത്തിലും പ്രതികരണത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കും. ദളിത് സ്ത്രീകൾ പോരാളികളല്ല. അവർ ചുറുചുറുക്കും പ്രസരിപ്പുമുള്ളവരാണ്. ബൃഹത്തും ചിന്താപദ്ധതിയുമുള്ള സമൂഹമാണ്. അതുകൊണ്ടുതന്നെ ഫൈറ്റർ ബോംബുകളായും പോരാളികളായും ദളിത് സമൂഹം സ്ത്രീകളെ കൊണ്ടുനിർത്തിയതിൽ ഒരടിസ്ഥാനവുമില്ലെന്നു മാത്രമല്ല, അതു സവർണതയുടെ തന്ത്രമായാണ് മൃദുല കാണുന്നത്.

നുണകളാണ് ജനകീയമാകുന്നത്

‘ഒരു കൊടംപാറ്’ എന്ന ഗാനം പുറത്തുവന്നപ്പോൾ വ്യത്യസ്തങ്ങളായ ഒട്ടേറെ വായനകളുണ്ടായിട്ടുണ്ട്. അതിൽ പലതും വലിയ തെറ്റുകളായിരുന്നു. പാഠ്യപദ്ധതിയിലുൾപ്പെടുത്തുമ്പോൾ അത്തരം തെറ്റുകൾ ആവർത്തിക്കുമോ എന്നൊരാശങ്കയും പങ്കുവെയ്ക്കുന്നു മൃദുല. ‘അടിമകാലഘട്ടത്തിലുണ്ടാക്കിയ ഭാഷയാണ് പാട്ടിലുള്ളതെന്നായിരുന്നു ഒരു വായന. അക്കാദമികാവുമ്പോൾ അല്ലെങ്കിൽ ജനാധിപത്യവാദിയാകുമ്പോൾ ഇടങ്ങളില്ലാതാകുകയാണ് അവർക്ക്. ദളിത് സമൂഹങ്ങളെ അകറ്റിനിർത്തിയവർക്കിടയിൽതന്നെ അവരെ ചേർത്തുപിടിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നിട്ടും അവർക്കിടയിൽ ദളിത് സമൂഹങ്ങളുടെ ഒരാശയം പുറത്തുകൊണ്ടുവരിക പ്രയാസമാണ്. അപ്പോൾപിന്നെ ആട്ടിയകറ്റുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്ത ഒരു കാലഘട്ടത്തിൽ എങ്ങനെ ജനങ്ങളെ ഒന്നിപ്പിച്ച് ഒരു ഭാഷ പഠിപ്പിക്കും. അടിമകാലഘട്ടത്തിൽ നിർമിക്കപ്പെട്ടതല്ല, അക്കാലത്ത് കൂടുതലായി ഉപയോഗിച്ചുവെന്നേയുള്ളൂ' -മൃദുല പറയുന്നു.

“ദളിത് സമൂഹങ്ങളുടെ ഭാഷയും മനുഷ്യർക്കൊപ്പം ഉണ്ടായിവന്നതാണ്. പിൽക്കാലത്ത് മലയാളഭാഷയ്ക്ക് പ്രചാരം വന്നപ്പോൾ പലതും മാറ്റിനിർത്തപ്പെട്ടു. യുണൈറ്റഡ് നേഷൻസ് അവയെ ‘ഒബ്സ്ക്യുർ ഭാഷ’കളെന്നു തിരിച്ച് സംരക്ഷിക്കുന്നുണ്ട്. ഒബ്സ്ക്യുർ ഭാഷകളെ നമുക്ക് ഗൂഢഭാഷകളെന്നു പറയാം. ദളിത് സമൂഹങ്ങൾക്കിടയിൽതന്നെ ഭാഷയാൽ തിരിച്ചറിയപ്പെടേണ്ടാത്ത ഒരു വിഭാഗം ഈ ഭാഷകൾ ഉപയോഗിക്കാൻ മടിക്കുന്നു. ഗൂഢഭാഷയെന്നാൽ ആർക്കും വിട്ടുകൊടുക്കാത്ത ഭാഷയെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്. ആർക്കും വിട്ടുകൊടുക്കാമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഈ രണ്ടുവിഭാഗങ്ങളെയും ഞാൻ പ്രശ്നവത്കരിക്കും.” ദളിത് സമൂഹങ്ങളുടെ ഭാഷകളിൽ പഠനങ്ങളുണ്ടാകുന്നുണ്ട്. പുറംലോകം കാണാത്ത ഒട്ടേറെ സാഹിത്യരചനകളുണ്ടാകുന്നുണ്ട്. സിനിമയിലൂടെ ഇതിൽ കൂടുതൽ ഇടപെടൽ നടത്താനാണ് മൃദുലയുടെ ശ്രമം.

പാളുവ ഭാഷയിലുള്ള രചന സിലബസിൽ ഉൾപ്പെടുമ്പോൾ ആ സമൂഹം തന്നെയാണ് പഠനവിധേയമാകുന്നത്. അത് മറ്റുള്ളവർ പിടിച്ച പേനയിൽനിന്നുകൊണ്ടുള്ള സമൂഹമല്ലെന്നതും എടുത്തുപറയേണ്ടതാണ്. “ഒട്ടേറെ കേരളഭാഷകളുണ്ട്. ഉപയോഗിക്കാതെ വരുമ്പോൾ അവ ഭാഷാപ്രയോഗങ്ങളായി മാറുന്നു. അങ്ങനെയാണിത് ഗൂഢമാകുന്നത്. അതായത് ഭാഷ ഗൂഢമെന്നല്ല, ഒരു സമൂഹം ഗൂഢമാകുന്നുവെന്നാണ്. അങ്ങനെ ഗൂഢമായ സമൂഹങ്ങളുടെ ഭാഷ അദൃശ്യതയിൽ നിൽക്കുന്നു. അതിലേക്ക് വെളിച്ചം വീശുമ്പോൾ അത് ദൃശ്യതയാകുന്നു. കാട്ടിൽ കിടക്കുന്ന ഒരു കല്ലെടുത്ത് ശിൽപി ശിൽപമുണ്ടാക്കുന്നതുപോലെയല്ല. സ്വാഭാവികമായുള്ള ഇഴുകിച്ചേരലുണ്ടാകണം. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അത്തരമൊരു ഇഴുകിച്ചേരലാണുണ്ടായത്.”

ഒന്നിക്കാൻ അവർക്കെന്താണുള്ളത്?

ദളിത് സമൂഹങ്ങൾ ഒന്നിച്ചാൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ ഒന്നിക്കാൻ മതസമൂഹങ്ങളല്ല ദളിത് സമൂഹങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു മൃദുല.“ഇന്ത്യയിലെന്നല്ല, ലോകത്തിൽതന്നെ മതസമൂഹങ്ങളാണ് ഒന്നിച്ചത്. വ്യത്യസ്ത മതസമൂഹങ്ങളുടെ കീഴിൽ വിവിധ ജാതികൾ ഒന്നിക്കുന്നു. ദലിത് സമൂഹങ്ങൾ വ്യത്യസ്തമായ ജീവിതക്രമങ്ങളുള്ളവരാണ്. ഓരോന്നിന്റെയും ഘടന വ്യത്യസ്തമാണ്. ജാതി, അയിത്തം ഇതിന്റെയെല്ലാം തിരിച്ചടികൾ അനുഭവിച്ചവരാണവർ. അവരിൽ ഒരകറ്റൽ സിദ്ധാന്തം സ്വാഭാവികമായി ഉണ്ടായിവന്നിട്ടുണ്ട്. അവരെ ഒന്നിപ്പിക്കുക പ്രയാസമാണെന്നതാണ്.” ഇവരെ ഒന്നിപ്പിക്കാൻ ഒരു ആത്മീയതയുണ്ടാക്കണം. ദൈവമുണ്ടാക്കണം. ഗ്രന്ഥങ്ങൾ വേണം. ആത്യന്തികമായി ഇതിനെയെല്ലാം സ്ഥാപിക്കാൻ വിശാലമായ ഭൂമികയുണ്ടാകണമെന്നാണ് മൃദുല പറയുന്നത്.

ദളിത് സമൂഹങ്ങൾ നേരിടുന്ന വിവേചനങ്ങൾക്കെതിരേ ഒട്ടേറെ പ്രതിഷേധസ്വരങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉയർന്നിട്ടുണ്ട്. എന്നിട്ടും ഇതവസാനിക്കുന്നില്ലല്ലോ. ശബ്ദം എത്തേണ്ടിടത്ത് എത്താത്തതാണോ കാരണം. അതല്ലെന്നു പറയുകയാണ് മൃദുല.‘ഭയം, ദൈവഭയം, തിന്മ, പാപം, പാപത്തിനൊരു പരിഹാരം. എല്ലാം കൃത്യമായി മനുഷ്യരില്‍ കടത്തിവിട്ട് വളക്കൂറുള്ള മണ്ണിൽ വളർത്തിയെടുത്തതാണ് ഇതെല്ലാം. ദളിത് സമൂഹങ്ങളിൽ ഭൂരിഭാഗവും വിളിക്കുന്നത് അവരുടേതല്ലാത്ത മതങ്ങളെയും ദൈവങ്ങളെയുമാണ്. അവരെ എങ്ങനെ ഒന്നിപ്പിക്കുമെന്നതാണ് ചോദ്യം’ -മൃദുല പറയുന്നു.
കുറച്ചുവർഷങ്ങൾ കഴിഞ്ഞാൽ ദളിത് എന്ന പദവും ഒരുപക്ഷേ പ്രശ്നവത്കരിക്കപ്പെട്ടേക്കാമെന്നു പറയുമ്പോഴും ഇതിനെപ്പറ്റിയൊന്നും ദളിത് സമൂഹങ്ങൾക്കിടയിൽപോലും ഫലവത്തായ ആലോചനകൾ നടക്കുന്നില്ലെന്നാണ് മൃദുല പറയുന്നത്. സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും അത്തരമൊരു തലത്തിലേക്ക് എത്താനാകുന്നില്ലെന്നത് നമ്മുടെ വലിയൊരു പരിമിതിയായാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Interview of S Mrudula devi, lyricist of Great Indian Kitchen and Activist