200 ബിയർ പാർലറുകൾ ബാർ ആക്കാനുള്ള ശ്രമം തടഞ്ഞു, സർക്കാർ വിലക്കിയിട്ടും വിമാനത്താവളത്തിൽ ബാർ അനുവദിച്ചു- മന്ത്രി ലിജു

#പി. മുരളീധരന്‍
എം. ലിജു | Photo: Mathrubhumi
എം. ലിജു | Photo: Mathrubhumi

എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയശേഷം സീറാം സാംബശിവ റാവു ഉന്നയിച്ച ആരോപണങ്ങളെയും എക്‌സൈസ് വകുപ്പിലെ അഴിമതി സംബന്ധിച്ച വിവാദങ്ങളെയുംകുറിച്ച് എക്‌സൈസ് മന്ത്രി എം. ലിജു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

എക്‌സൈസ് വകുപ്പിലെ അഴിമതിയിൽ താങ്കളുടെയും സർക്കാരിന്റെയും നിലപാട് എന്തായിരുന്നു? കോട്ടയത്തെ സംഭവത്തിൽ താങ്കൾ എങ്ങനെ ഇടപെട്ടു?
ഇക്കാര്യത്തിൽ ഗവൺമെന്റിന് വളരെ കൃത്യമായ നിലപാടാണുള്ളത്. ഞാൻ എക്‌സൈസ് മന്ത്രി ആയതിനുശേഷം എക്‌സൈസ് ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചുചേർത്ത് ഒരു കാരണവശാലും അഴിമതി അനുവദിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. യോഗത്തിൽ കോട്ടയത്തിന്റെ കാര്യം എടുത്തുപറഞ്ഞു. മുമ്പ് കോട്ടയത്ത് മുൻഗവൺമെന്റിന്റെ പിന്തുണയോടുകൂടി ഒത്തിരി കാര്യങ്ങൾ നടക്കുന്നു എന്ന തരത്തിലുള്ള സൂചന ഉണ്ടായിരുന്നതാണ് കാരണം.
അതിനുശേഷം എനിക്കൊരു രഹസ്യവിവരം കിട്ടി, കോട്ടയത്ത് മാസപ്പടി വാങ്ങുന്നതായി. ഞാനാണ് രേഖാമൂലം അന്നത്തെ എക്‌സൈസ് കമ്മീഷണറോട് പ്രത്യേക താൽപ്പര്യമെടുത്ത് അന്വേഷിക്കാൻ പറഞ്ഞത്. അങ്ങനെയാണ് അവിടെ അന്വേഷണം നടന്നതും അന്നത്തെ ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴുപേരെ സസ്‌പെൻഡ് ചെയ്തതും. ബാക്കി എല്ലാ സ്ഥലങ്ങളിലും സമാനമായ അന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
അപ്പോഴാണ് ഹോർട്ടി വൈൻസിന് ലൈസൻസ് കൊടുത്തെന്നും ബേക്കറികളിൽ അന്നു വിൽപന ആരംഭിക്കുമെന്നും കേരളത്തിലെ മാധ്യമങ്ങൾ ഒരുദിവസം റിപ്പോർട്ട് ചെയ്തത്. അത് ഗവൺമെന്റിനെ അറിയിച്ചിരുന്നില്ല. ഞാൻ എക്‌സൈസ് കമ്മീഷണറോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ ഗവൺമെന്റ് ഉണ്ടാക്കിയ ഒരു ചട്ടപ്രകാരം ഹോർട്ടി വൈൻസ് ബേക്കറികളിൽ ഉൾപ്പെടെ വിൽക്കാൻ പറ്റും, ആ ചട്ടപ്രകാരമാണ് കൊടുത്തതെന്ന്. ഞാൻ ചാർജെടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ വന്നതായതുകൊണ്ട് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു. ആ ഓർഡർ ഇറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റി നിർത്തി. ഗവൺമെന്റ് അറിയാതെ അങ്ങനെ ചെയ്തതാണ് കാരണം.
മൂന്നു ബിയർ-വൈൻ പാർലറുകളെ ബാറാക്കിയതിന്റെ പിന്നിൽ...
ഇതുപോലെ വേറെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ചട്ടങ്ങൾ പരിശോധിച്ചപ്പോഴാണ് അതിനകത്തെ ഒരു ചട്ടപ്രകാരം ബിയർ-വൈൻ പാർലറുകളെ ബാറാക്കി മാറ്റാൻ പറ്റുമെന്ന് കണ്ടത്. മുമ്പത്തെ യുഡിഎഫ് ഗവൺമെന്റ് 2014 മാർച്ച് 31-ന് ഫൈവ് സ്റ്റാർ ലൈസൻസ് ഇല്ലാത്ത ബാറുകൾ ക്ലോസ് ചെയ്തിരുന്നു. അങ്ങനെ ക്ലോസ് ചെയ്ത ബാറുകൾ ബിയർ-വൈൻ പാർലറുകളായി മാറി. സുപ്രീം കോടതി വിധിയെ തുടർന്ന് ഹൈവേയോരങ്ങളിലെ അടച്ചുപൂട്ടിയ ബിയർ-വൈൻ പാർലറുകളിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനെന്ന വ്യാജേന ഇടതുസർക്കാർ 2017-ൽ ഒരു ഓർഡർ ഇറക്കി. ത്രീ സ്റ്റാർ ലൈസൻസ് മുതലുള്ളവർ അപേക്ഷിച്ചാലുടൻ ബാർ ലൈസൻസ് കിട്ടും.

സീറാം സാംബശിവ റാവു | ഫോട്ടോ: മാതൃഭൂമി

ആ വകുപ്പ് ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സംശയം തോന്നി. ഇങ്ങനെ കൺവേർട്ട് ചെയ്യുന്നത് യഥാർത്ഥത്തിൽ ഒരു പുതിയ ലൈസൻസാണ്, അതുവരെ വൈൻ- ബിയർ പാർലർ ആയിരുന്ന സ്ഥാപനം പെട്ടെന്ന് ബാർ ആയി മാറുകയല്ലേ? നിലവിലുള്ള ചട്ടപ്രകാരം 10 മാസം അടഞ്ഞു കിടന്നാൽ ബാറിന് ലൈസൻസ് പോവും. പിന്നെ കിട്ടണമെന്നുണ്ടെങ്കിൽ പുതിയ ലൈസൻസിന് അപേക്ഷിക്കണം, അത് നൽകേണ്ടത് സർക്കാരാണ്. ഇവിടെ ആ വകുപ്പ് ഒഴിവാക്കി, പുതുക്കൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിന്യൂവൽ അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്കാണ്. അതായത്, വർഷങ്ങളോളം അടഞ്ഞു കിടന്ന ഒരു ബിയർ-വൈൻ പാർലറിനെ ഒറ്റയടിക്ക് ബാറാക്കി മാറ്റാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് വളഞ്ഞ വഴിയിലൂടെ കൊടുത്തിരിക്കുകയാണ്.
പരിശോധിച്ചപ്പോൾ മൂന്ന് ബാറുകൾക്ക് ഇത്തരത്തിൽ ലൈസൻസ് കൊടുത്തിട്ടുണ്ട്. രേഖകൾ പരിശോധിച്ചപ്പോൾ അപേക്ഷിച്ചതിന്റെ അടുത്ത ദിവസംതന്നെ കൊടുത്തിരിക്കുന്നു. അനാവശ്യമായ ഒരു തിടുക്കം. അതുകൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്‌പെൻഡ് ചെയ്തത്. ബാർ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ളവരെ ഒപ്പമിരുത്തിയുള്ള വാർത്താസമ്മേളനങ്ങളിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, 29 ലൈസൻസുകൾക്കുള്ള ആപ്ലിക്കേഷൻ ഗവൺമെന്റ് നിരസിച്ചു. ആവശ്യക്കാർ കോടതിയിൽ പോയപ്പോൾ സർക്കാർ കോടതിക്ക് ഉറപ്പ് കൊടുത്തു, പുതിയ മദ്യനയം വന്ന് ചർച്ച നടത്തിയതിനുശേഷം മാത്രമേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കകയുള്ളൂ എന്ന്. അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ മൂന്ന് ബാറുകൾക്ക് അനുമതി കൊടുത്തത്.
നടപടിക്ക് വിധേയരായ ഡെപ്യൂട്ടി കമ്മീഷണർമാർ ട്രൈബ്യൂണലിൽ കൊടുത്ത പരാതിയിൽ (കമ്മീഷണറും കൊടുത്തിട്ടുണ്ട്) എഫ്എൽ സെവൻ ലൈസൻസ് (എയർപോർട്ടിനുള്ളിലെ ബാറിന്) വേറെ കൊടുത്തിട്ടുണ്ട്, വേറെയും ബാർ അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞു. ആ രേഖ പരിശോധിച്ചപ്പോൾ ഗവൺമെന്റിന് കമ്മീഷണറുടെ കത്ത് തന്നിരുന്നു, അനുവദിക്കണമെന്ന്‌ പറഞ്ഞ്. സർക്കാർ അത് തള്ളി. ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, നികുതിയുടെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കും കമ്മീഷണർക്കും കത്ത് കൊടുത്തിരിക്കുകയാണ്, അനുമതി കൊടുക്കരുതെന്ന് പറഞ്ഞ്. അപ്പോൾ സ്വാഭാവികമായും പുതുതായി ബാർ അനുവദിക്കേണ്ട കാര്യമില്ല. പക്ഷേ, രണ്ട് ബാറിന് കൊടുത്തിരിക്കുന്നതായി കണ്ടു.
രണ്ടെണ്ണം അതിനു മുമ്പ് കൊടുത്തിരുന്നു, ഈ കത്ത് കൊടുത്ത ശേഷവും ഒരെണ്ണം കൊടുക്കാനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചു, മനസ്സിലായില്ലേ? അനുമതിയായി, ഇനി ലൈസൻസ് മാത്രം കൊടുത്താൽ മതി. നോക്കുക: സർക്കാർ അറിയാതെ ഹോർട്ടി വൈൻസ്, സർക്കാർ അറിയാതെ ബിയർ- വൈൻ പാർലറുകൾ ബാറാക്കി, സർക്കാർ അറിയാതെ രണ്ട് എയർപോർട്ട് ബാറുകൾ. സർക്കാർ കൊടുക്കരുതെന്ന് പറഞ്ഞ ശേഷവും അനുമതി. അതാണ് എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ അന്വേഷണം നടത്താൻ ടാക്‌സ് സെക്രട്ടറിയോട് പറഞ്ഞത്.
പോകുന്ന പോക്കിൽ സീറാം സാംബശിവറാവു ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടല്ലോ. ഉദാഹരണത്തിന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം,
മന്ത്രിക്ക് ചില ബാറുടമകളുമായി ബന്ധമുണ്ട് എന്നിങ്ങനെ
അഞ്ചുമാസം ആ പദവിയിലിരുന്നയാൾ പോകുന്ന ദിവസമാണ് ആ റിപ്പോർട്ട് തന്നത്. രണ്ട് ഉദ്യോഗസ്ഥന്മാരോട്- എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണർ, ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ- വിയോജിപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഈ ജോയിന്റ് എക്‌സൈസ് കമ്മീഷണർ കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് ഗവൺമെന്റിന്റെ അഭിമാന ഫോഴ്‌സായ വിമുക്തിയുടെ ചുമതലയുണ്ടായിരുന്നയാളാണ്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറെ ഞാൻ വെച്ചതല്ല. ഞാൻ വരുമ്പോൾ അയാളായിരുന്നു അവിടെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ. അവർ പണം വാങ്ങി എന്ന് ആരോപിച്ചു.
അങ്ങനെ ഒരു വിവരം കിട്ടിയാൽ ആദ്യം എൻക്വയറി നടത്താം, അവർക്ക് നോട്ടീസ് കൊടുക്കാം. അതാണല്ലോ പ്രൊസീജർ. അതൊന്നും നടന്നതായി കാണുന്നില്ല. പോകുന്ന ദിവസം മാത്രമാണ് ഇതുമായിട്ട് ബന്ധപ്പെട്ട റിപ്പോർട്ട് തന്നത്. അതിലെ പ്രധാനപ്പെട്ട ഒരു പോയിന്റ്, എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണർ പണം വാങ്ങിയെന്ന് ആരോപണം ഉന്നയിക്കപ്പെടുന്ന ആ സ്ഥലത്താണ്, അവർക്കാണ് വൈൻ- ബിയർ പാർലർ ബാറായി കൺവേർട്ട് ചെയ്തു കിട്ടിയത് എന്നതാണ്. അവർക്ക് ആ ആ ബെനിഫിറ്റ് കൊടുത്ത ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറിന്് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞുകൊണ്ടാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. അതെങ്ങനെ ശരിയാവും?
ഇനി, ആലപ്പുഴ എക്‌സൈസ് കമ്മീഷണർ പണം വാങ്ങിയെങ്കിൽ ബാറുടമയ്ക്ക് എന്തെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണ്ടേ? അപ്പോൾ എക്‌സിക്യൂട്ടീവ് ചോദിച്ചാൽ പറയില്ല, പരിചയമുള്ള മന്ത്രി ചോദിച്ചാൽ ആർക്കെങ്കിലും പണം കൊടുത്തോയെന്ന് ബാറുടമ പറയുമായിരിക്കുമെന്നു പറയുന്നു. അത് മന്ത്രിയാണോ അന്വേഷിക്കേണ്ടത്? എനിക്ക് പരിചയം ഉണ്ടെന്ന് പറഞ്ഞാൽ എനിക്ക് കായംകുളത്തെ ആളുകളെ അറിയാതിരിക്കാൻ പറ്റുമോ, ഞാൻ ജനിച്ചുവീണ താലൂക്കല്ലേ കാർത്തികപ്പള്ളി? അവരിൽനിന്ന് നമ്മൾ എന്തെങ്കിലും വഴിവിട്ട് സൗജന്യം പറ്റുകയോ എന്തെങ്കിലും ചെയ്തു കൊടുക്കുകയോ ചെയ്തു എന്ന് പറയുമ്പോഴല്ലേ അതിനകത്ത് മറ്റൊരു വിഷയം വരുന്നുള്ളൂ?
സാംബശിവറാവു മാസപ്പടിയുടെ കാര്യവും പറയുന്നുണ്ട്
അത് അന്വേഷിക്കുകയാണല്ലോ. ആദ്യത്തെ മാസപ്പടി വിഷയത്തിൽ കാര്യങ്ങൾ നീക്കിയത് ഞാനല്ലേ, ഈ എക്‌സൈസ് കമ്മീഷണർമാരോ ഉദ്യോഗസ്ഥന്മാരോ അല്ലല്ലോ. കോട്ടയം എക്‌സൈസ് കമ്മീഷണറെ സസ്‌പെൻഡ് ചെയ്ത ഓർഡറിൽ തുടക്കത്തിൽതന്നെ പറയുന്നത് എന്താ, മന്ത്രി നൽകിയ വിവരം എന്നല്ലേ. അപ്പോൾപിന്നെ ബാക്കിയുള്ള ഇടങ്ങളിൽ നടപടി എടുക്കേണ്ടത് ആരായിരുന്നു? ഞാൻ പറഞ്ഞ ഒരിടത്തു മാത്രമാണോ നടപടി, ബാക്കിയുള്ളിടത്തും ഇതുപോലെ ശക്തമായ നടപടി ഉണ്ടാവണ്ടേ?
എക്‌സൈസ് വകുപ്പിൽ മാസപ്പടി പുതിയ കാര്യമല്ല, അഴിമതിയുടെ ചെറിയൊരംശം മാത്രമാണതെന്ന് പറയാറുണ്ട്
ഞാൻ പറഞ്ഞ പോയിന്റ് അതാണ്. 12 വർഷം അടഞ്ഞുകിടക്കുന്ന ബാർ പെട്ടെന്ന് ഒരു ദിവസം ബിയർ- വൈൻ പാർലറായി തിരിച്ചുവരുന്നു, വീണ്ടും ബാറാവുന്നു. അതിൽ അഴിമതി സംശയിക്കണ്ടേ? മൂന്നെണ്ണം അങ്ങനെ വന്നു. കേരളത്തിൽ ഇതുവരെ ഇല്ലാത്തവണ്ണം പെട്ടെന്ന് എയർപോർട്ടിലെ ബാറിന് ലൈസൻസ് കൊടുക്കുന്നു, സംശയിക്കണ്ടേ? എയർപോർട്ടിൽ ബാറിന് ലൈസൻസ് കൊടുക്കരുതെന്ന് കത്തുപോയ ശേഷവും ലൈസൻസ് അനുവദിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുന്നു, സംശയിക്കണ്ടേ? ഹോർട്ടി വൈൻസ് കേരളത്തിലെ ബേക്കറികളിൽ കൊടുക്കുന്നു, അഴിമതി സംശയിക്കേണ്ട? അതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ?
ഡിപ്പാർട്ട്‌മെന്റിൽ നടക്കുന്ന പല കാര്യങ്ങളും മന്ത്രി അറിയുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
ഞാൻ അറിഞ്ഞതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്, ഞാൻ കണ്ടുപിടിച്ചതല്ലേ ഇത്? ഹോർട്ടി വൈൻസിന്റെ ലൈസൻസ് കൊടുത്തത് ഞാൻ അറിഞ്ഞില്ലെന്നത് സത്യമാണ്. അതിനുശേഷം ഞാൻ നടത്തിയ ഇടപെടലല്ലേ ഇതെല്ലാം പുറത്തു കൊണ്ടുവന്നത്?
യഥാർത്ഥത്തിൽ നമ്മൾ ഇക്കാര്യം കണ്ടുപിടിച്ചതുകൊണ്ട് കേരളത്തിൽ ഇരുന്നൂറിൽപരം ബിയർ-വൈൻ ബാറുകൾ വീണ്ടും ബാറാവുന്നതാണ് തടയപ്പെട്ടത്. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നൽകിയ അധികാരം ഉപയോഗിച്ച് 200-ൽപരം ബാറുകൾ ആരുമറിയാതെ വരുമായിരുന്നു. അത് തടഞ്ഞതിന്റെ ബുദ്ധിമുട്ടാണ് സിപിഎമ്മിനുള്ളതെന്ന്‌ എനിക്ക് മനസ്സിലാകും. ഒരു കമ്മീഷണറെ പിടിച്ചാലോ ഡെപ്യൂട്ടി കമ്മീഷണറെ കിട്ടിയാലോ എവിടെയും ബാർ അനുവദിക്കാമെന്ന സാധ്യത തടയപ്പെട്ടതിന്റെ ബുദ്ധിമുട്ടാണവർക്ക്.
സ്റ്റാർ ഹോട്ടലുകളിലെ ലോക്കൽ ബാറുകൾ വിവേചനമാണെന്ന് ആക്ഷേപമുണ്ട്. അതുപോലെ, ഗോവ പോലുള്ള സംസ്ഥാനങ്ങൾ ഫെനി പോലുള്ള നാടൻമദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കേരളം മാതൃകയാക്കിയാൽ ടൂറിസത്തിനു ഗുണം ചെയ്യുമെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്.
ഇതെല്ലാം പരിശോധിക്കും. സമഗ്ര പരിശോധനയ്ക്കു ശേഷം മദ്യനയത്തിൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. ഹോർട്ടി വൈൻസിന്റെ കാര്യമെടുത്താൽ സാമൂഹികാഘാത പഠനവും ചർച്ചയുമൊന്നുമില്ലാതെ ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള മദ്യം കൊടുക്കുന്നത് ശരിയാണോ? ഹോർട്ടി വൈൻസ് എന്ന ആശയത്തിന് നമ്മളാരും എതിരല്ല. പക്ഷേ, അതിന്റെ വിതരണത്തിന് കൃത്യമായ സംവിധാനവും വ്യവസ്ഥയുമുണ്ടാവണം. ഒരു സമൂഹത്തിന്റെ സാമൂഹിക സ്വഭാവത്തെ തീരുമാനിക്കുന്ന ഇത്തരം കാര്യങ്ങൾ ആഘാതപഠനം ഇല്ലാതെ ഒരു ഉദ്യോഗസ്ഥൻ പെട്ടെന്ന് തീരുമാനിക്കുന്നതോ അത്തരത്തിൽ ചട്ടം ഉണ്ടാക്കുന്നതോ ശരിയല്ല.
മദ്യനയം എപ്പോഴേക്കും തയ്യാറാവും?
നവംബർ 30-നകം സമർപ്പിക്കാം എന്നാണ് കോടതിക്ക് മുമ്പാകെ പറഞ്ഞിട്ടുള്ളത്. തയ്യാറാക്കുന്ന നടപടി പുരോഗമിക്കുന്നു. കോടതിയിൽ മുപ്പതിനുതന്നെ സമർപ്പിക്കാമെന്നാണ് കരുതുന്നത്. അതിനുമുമ്പ് മന്ത്രിസഭ അംഗീകരിക്കണം, യുഡിഎഫ് അംഗീകാരം വേണം. അതിനൊക്കെയുള്ള പ്രക്രിയ നടക്കുന്നുണ്ട്.
അതോടെ വിവാദങ്ങൾക്ക് അവസാനമാകുമെന്ന് വിചാരിക്കാമോ?
സിസ്റ്റം ശരിയാക്കാൻ ശ്രമിക്കുമ്പോൾ വിവാദമുണ്ടാവുന്നതൊന്നും വിഷയമില്ല. നിലപാട് സുതാര്യമാണെങ്കിൽ, ഉദ്ദേശ്യശുദ്ധി ഉണ്ടെങ്കിൽ വിവാദങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട് ചെയ്യാനുള്ള കാര്യങ്ങളിൽനിന്നും ഒരു കാര്യത്തിലും പിന്നോട്ടു പോകില്ല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പോലെ മദ്യനിരോധന കാര്യത്തിൽ കടുത്ത നിലപാടിലേക്ക് പോകാനുള്ള ചിന്തയുണ്ടോ?
അങ്ങനെയല്ല. ബാലൻസ്ഡ് ആയി പോകണമെന്നാണ്‌ ഞാനാഗ്രഹിക്കുന്നത്. കേരളത്തിൽ മാത്രമല്ല, ഒരിടത്തും ഒരു ദിവസം കൊണ്ട് മദ്യനിരോധനം സാധ്യമാവില്ല. ഉത്തരവാദിത്തമുള്ള മദ്യപാനസംസ്‌കാരം വളർത്തുന്നതിനൊപ്പം മദ്യപാനംമൂലമുള്ള വാഹനാപകടങ്ങൾ, കൊലപാതകങ്ങൾ, അക്രമങ്ങൾ എന്നിവ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു കാര്യം കൂടി പറയാം. എറണാകുളത്ത് 19-കാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അപകടമുണ്ടാക്കിയപ്പോൾ അവിടത്തെ മൂന്ന് ബാറുകൾ അടയ്ക്കാനും കേസെടുക്കാനും ഞാൻ നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. അല്ലാതെ, ഉദ്യോഗസ്ഥരല്ല ഇടപെട്ടത്.

Content Highlights: Excise Minister M. Liju discusses corruption allegations in the excise department and the government's stance on recent controversies and investigations.