മാറ്റിനിര്‍ത്തി, ഇറക്കിവിട്ടു, പ്രകടിപ്പിച്ചത് സ്വാഭാവിക വിഷമം; മാങ്കൂട്ടത്തില്‍ സഹോദരൻ-ചാണ്ടി ഉമ്മൻ

ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തന്നെ മാത്രം മാറ്റിനിര്‍ത്തിയെന്ന് തുറന്നടിച്ച സാഹചര്യത്തെക്കുറിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സംസാരിക്കുന്നു.
വിമര്‍ശനത്തിനുള്ള കാരണം
ആരെയും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഒരു ചോദ്യം വന്നപ്പോള്‍ ഉത്തരം പറഞ്ഞു എന്ന് മാത്രമേയുള്ളൂ. ഉപതിരഞ്ഞടുപ്പില്‍ പാലക്കാട്ട് മാത്രമല്ല, വയനാട്ടിലും ചേലക്കരയിലും ഒന്നും എനിക്ക് ഒരു ഉത്തരവാദിത്വവും തന്നില്ല. ഒരു പഞ്ചായത്തിന്റെ ചുമതല പോലും എനിക്കില്ലായിരുന്നു. ഒരിടത്തുനിന്ന് എന്നെ ഇറക്കിവിടുക പോലും ചെയ്തു. അതിലെ സ്വാഭാവികമായ വിഷമം പ്രകടിപ്പിച്ചെന്നേ ഉള്ളൂ.
എന്റെ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് എം.എല്‍.എമാര്‍ക്ക് ചുമതല ഉണ്ടായിരുന്ന പഞ്ചായത്തുപോലും ഉണ്ടായിരുന്നു. എന്നുവെച്ച് ഞാന്‍ പ്രവര്‍ത്തനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം എല്ലായിടത്തും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട്ടില്‍ പന്ത്രണ്ടു ദിവസം താമസിച്ച് പ്രവര്‍ത്തിച്ചു, എന്റെ നേതാവിനോടുള്ള പ്രത്യേക താല്‍പര്യം കാരണം.
ഇറക്കിവിട്ടത് പാലക്കാട്ടു നിന്നാണോ
അല്ല. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.
താങ്കളെ ആരെങ്കിലും മനപ്പൂര്‍വം മാറ്റി നിര്‍ത്തിയതാണോ, ആര്‍ക്കെങ്കിലും താങ്കളോട് ശത്രുതയുണ്ടോ
മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണെന്ന് കരുതുന്നില്ല, ഒരുപക്ഷേ വിട്ടുപോയതും ആകാം. എന്നോട് ആര്‍ക്കെങ്കിലും വ്യക്തിവൈരാഗ്യം ഉള്ളതായി കരുതുന്നില്ല. ചാണ്ടി ഉമ്മന് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതില്‍ സന്തോഷം.
പുനഃസംഘടന വരുന്നു, എന്തെങ്കിലും നിര്‍ദ്ദേശം
പുനഃസംഘടന വരുമ്പോള്‍ ആരെയും, സ്ത്രീകളും യുവാക്കളും അടക്കമുള്ള ആരെയും മാറ്റിനിര്‍ത്താന്‍ പാടില്ലെന്നാണ് എന്റെ ആഗ്രഹം. എന്റെ കാര്യമല്ല പറയുന്നത്, അത് ഞാന്‍ ആരോടും ഉന്നയിക്കാന്‍ പോകുന്നില്ല.
ഉമ്മന്‍ചാണ്ടിയുടെ മരണശേഷം 'എ' ഗ്രൂപ്പില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രാധാന്യം കിട്ടുന്നില്ല എന്ന തോന്നലുണ്ടോ
അങ്ങനെയൊന്നുമില്ല. ഞാന്‍ ഒരിക്കലും ഗ്രൂപ്പ് തലത്തില്‍ അല്ല ചിന്തിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് വേണ്ടി, രാജ്യത്തിനുവേണ്ടി എന്ന രീതിയിലാണ് എന്റെ ചിന്ത. എന്നെ സംബന്ധിച്ച് പാര്‍ട്ടിയാണ് വലുത്. അതിനായിട്ടാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്, പ്രചാരണം നടത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ 4,000 കിലോമീറ്റര്‍ ദൂരം നടന്നത് അതുകൊണ്ടാണ്.
ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പോകാത്തത്
അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല, ആശയവിനിമയത്തിലെ വിടവായിരുന്നു പ്രശ്നം. തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ അമേരിക്കയിലായിരുന്നു. പിന്നീട് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ല. കോളേജില്‍ എന്റെ ജൂനിയര്‍ ആയിരുന്നു രാഹുല്‍. ഞങ്ങള്‍ തമ്മില്‍ നല്ല സ്നേഹമാണ്, എനിക്കൊരു സഹോദരനെ പോലെയാണ്. രാഹുലിനെ കെ.എസ്.യു. പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അന്നത് നടന്നില്ല. പിന്നീട് അദ്ദേഹത്തെ എല്‍.എസ്.യു. സെക്രട്ടറിയാക്കണമെന്ന് പറഞ്ഞവരുടെ കൂട്ടത്തിലും ഞാനുണ്ടായിരുന്നു.
എം.എല്‍.എ. എന്ന നിലയിലെ ജീവിതം
വളരെ തിരക്കുപിടിച്ചത്. അച്ഛനെ കണ്ടുവളര്‍ന്നതാണ്, അച്ഛനെപ്പോലെ ആ പാതയില്‍ ഓടാന്‍ എനിക്ക് പറ്റില്ല, എങ്കിലും ഞാന്‍ ശ്രമിക്കുന്നുണ്ട്.
പുതുപ്പള്ളിയിലെ പ്രവര്‍ത്തനം
പുതുപ്പള്ളിയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിവരികയാണ്. ഒരു വര്‍ഷം കൊണ്ട് 45 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. മണ്ഡലത്തില്‍ 41 വീടുകള്‍ ഉണ്ടാക്കി, ഒന്നൊഴികെ എല്ലാ സഹകരണ ബാങ്കുകളും യു.ഡിഎഫിനൊപ്പമാണ്; ഒരു ബാങ്ക് ഇടതു മുന്നണിയില്‍നിന്ന് പിടിച്ചെടുത്തു. മണ്ഡലത്തില്‍ ഒരു സ്പോര്‍ട്സ് സെന്റര്‍ റെഡിയാവുകയാണ്. ഒരു നീന്തല്‍ക്കുളവും മൂന്ന് കളിസ്ഥലങ്ങളും ഉണ്ടായി വരുന്നു. അപ്പയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വിശപ്പില്ലാത്ത പുതുപ്പള്ളിക്കായി 'അഞ്ചപ്പം' എന്ന പദ്ധതി തയ്യാറായി വരുന്നു. സര്‍ക്കാരിന്റെ സഹായം കൂടാതെയാണ് പദ്ധതി നടപ്പാക്കുക.
Content Highlights: chandy oommen opens up about rahul mamkoottathil palakkad byelection 2024