യുവതയുടേത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും വഴി- ഐഷി ഘോഷ്

#രശ്മി വൈ. ജയദാസ്
ഐഷി ഘോഷ് | Photo: ANI
ഐഷി ഘോഷ് | Photo: ANI

തൃശ്ശൂരിലെത്തിയ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിലെ മുന്നണിപ്പോരാളിയുമായ ഐഷി ഘോഷുമായി മാതൃഭൂമി പ്രതിനിധി രശ്മി വൈ. ജയദാസ് സംസാരിക്കുന്നു.

രാജ്യത്ത് ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും അരാജകത്വം സൃഷ്ടിക്കാൻ യുവാക്കളുടെ ഊർജം ഉപയോഗിക്കുകയാണെന്നുമുള്ള ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

എസ്.ഐ.ആറിനെതിരേ ഡൽഹിയിൽ സമരം ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ നിലവിലെ വ്യവസ്ഥിതി തകർക്കാനല്ല ലക്ഷ്യമിടുന്നത്. അംബേദ്കർ, ഭഗത് സിങ്, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു തുടങ്ങിയവരിൽനിന്ന് പഠിച്ച ജനാധിപത്യ മൂല്യങ്ങളും ആശയങ്ങളും പ്രാവർത്തികമാക്കുകയാണ് ഞങ്ങൾ. ഇത് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണം.

മറ്റു രാജ്യങ്ങളിൽനടന്ന സംഭവങ്ങൾ ആവർത്തിക്കാനോ അനുകരിക്കാനോ അല്ല ശ്രമം. മറിച്ച്, നമ്മുടെ രാജ്യത്തിന്റെ സമരപാരമ്പര്യത്തെയും ജനാധിപത്യ പോരാട്ടചരിത്രത്തെയുമാണ് ഞങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്ന ആർ.എസ്.എസിന് ഈ നിലപാടുകളുടെ അന്തഃസത്ത മനസ്സിലാക്കാനാകില്ല.

പ്രതിഷേധക്കാരെ ജയിലിലടച്ചതുകൊണ്ട് സമരത്തെ തടയാനാവില്ല. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഘടനാപരമായ പരിഷ്കാരം നടപ്പാക്കുകയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുകയും ചെയ്യുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ല.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയെ ആശ്രയിച്ചാണോ സമരഭാവി തീരുമാനിക്കപ്പെടുക?

അല്ല, അതല്ല ഈ പ്രക്ഷോഭത്തിന്റെ ഭാവി നിർണയിക്കുക. ഗ്യാനേഷ് കുമാർ കുറ്റംചെയ്തിട്ടുണ്ട്. അതിന് അദ്ദേഹത്തെ ഉത്തരവാദിയാക്കണമെന്ന് ആവശ്യപ്പെടാൻ ഓരോ പൗരനും അവകാശമുണ്ട്. നടപടിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.

പ്രക്ഷോഭം രാജ്യവ്യാപകമാക്കാനും കൂടുതൽ ജനകീയമാക്കാനുമുള്ള ആലോചന

കഴിഞ്ഞദിവസംനടന്ന തിരംഗമാർച്ചിനും പ്രതിഷേധത്തിനും പിന്നാലെ സമരം കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം എത്തിക്കാനും ജനങ്ങളെ ഒരുമിപ്പിച്ച് സമരത്തിന്റെ ഭാഗമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും.

പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്തുംവിധം വിദേശഫണ്ടിങ്ങും ധ്രുവ് റാഠിയയുമായി ബന്ധപ്പെട്ടും ആരോപണം ഉയരുന്നുണ്ട്.

എല്ലാകാലത്തും ബി.ജെ.പി.ക്ക് ഓരോ അജൻഡകളുണ്ട്. ബീഫ് കഴിക്കുന്നതിനെതിരേ നിലപാടെടുക്കുന്ന ബി.ജെ.പി.ക്ക് ബീഫ് കയറ്റുമതിനടത്തുന്ന കമ്പനികളിൽനിന്നാണ് ഫണ്ട് ലഭിക്കുന്നത്. അതൊന്നും ആരും ചോദ്യംചെയ്യുന്നില്ല. അസംബന്ധ ആരോപണങ്ങളിലൂടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. വിദ്യാർഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതും സർക്കാരിനോട് ഉത്തരവാദിത്വം ആവശ്യപ്പെടുന്നതുമാണ് അവരെ അസ്വസ്ഥരാക്കുന്നത്. ആ ഉത്തരവാദിത്വം തിരിച്ചുപിടിക്കാനാണ് ഞങ്ങളുടെ പോരാട്ടം.

Content Highlights: SFI leader Aishe Ghosh defends the youth protest demanding Chief Election Commissioner Gyanesh Kumar's resignation., Rejects allegations of creating anarchy, stating the movement is based on democratic values inspired by national icons., Announces plans to expand the protest nationwide and mobilize more citizens across all states., Dismisses BJP's allegations of foreign funding and defamation attempts against the student movement.