ജഗന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച് ശർമ്മിള, വഴിയിൽ തടഞ്ഞ് പോലീസ്; മകളുടെ വിവാഹം അടുക്കെ സഹോദരപ്പോര് ശക്തം

ബെംഗളൂരു: ആന്ധ്രാ മുൻ മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായുള്ള സ്വത്തുതർക്കത്തിനിടെ യെലഹങ്കയിലെ വസതിയിലേക്ക് പോകുന്നതിൽ നിന്ന് ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമ്മിളയെ തടഞ്ഞ് പോലീസ്. ജഗൻ മോഹൻ റെഡ്ഡിയുമായി തർക്കത്തിലുള്ള യെലഹങ്കയിലെ ബംഗ്ലാവിലേക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു ശർമ്മിള എത്തിയത്. വിമാനത്താവളത്തിൽ നിന്ന് യെലഹങ്കയിലെ വസതിയിലേക്ക് പോകുകയായിരുന്ന ശർമ്മിളയെ എയർഫോഴ്സ് ക്രോസിൽ വെച്ചാണ് പോലീസ് തടഞ്ഞത്. കോടതി ഉത്തരവ് കാണിച്ചശേഷം പ്രദേശത്തുനിന്ന് മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ശർമ്മിള മടങ്ങിപ്പോകുകയും ചെയ്തു.
തർക്കഭൂമിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ശർമ്മിളയെ വിലക്കിക്കൊണ്ട് പ്രാദേശിക കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സിലിക്കൺ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ ഹർജിയിൽ, വസ്തുവിന്റെ കൈവശാവകാശത്തിൽ ഇടപെടുന്നതിൽ നിന്ന് ശർമ്മിളയെയും മറ്റുള്ളവരെയും വിലക്കിക്കൊണ്ട് നവംബർ 21-ന് ദേവനഹള്ളി സീനിയർ സിവിൽ ജഡ്ജ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാട്ടക്കരാർ പ്രകാരം വസ്തു തങ്ങളുടെ നിയമാനുസൃത കൈവശത്തിലാണെന്നും ശർമ്മിളയും മറ്റുള്ളവരും ഇതിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നുമാണ് കമ്പനിയുടെ ആരോപണം.
BENGALURU POLICE STOP YS SHARMILA FROM HEADING TO FAMILY HOME
Police stopped Andhra Pradesh Congress chief YS Sharmila and her mother from proceeding to her family home in Yelahanka, citing a court order restricting her entry
Sharmila claims the bungalow is ancestral property… pic.twitter.com/ZyuZtkODyi— Nabila Jamal (@nabilajamal_) November 22, 2026
യെലഹങ്കയിലെ ഈ വസ്തുവിലാണ് നിലവിൽ ജഗൻ മോഹൻ റെഡ്ഡി താമസിക്കുന്നത്. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ജഗൻ യെലഹങ്ക പോലീസിൽ പരാതി നൽകുകയും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിലക്കുത്തരവ് നിലവിലുണ്ടെന്നും ഉത്തരവ് കാണിച്ച ഉടൻ തന്നെ ശർമ്മിള സ്ഥലത്തുനിന്ന് മടങ്ങിപ്പോയെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ജി.കെ. മിഥുൻ കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഉത്തരവിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും പോലീസ് തടഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് ശർമ്മിള വ്യക്തമാക്കുന്നത്. തന്റെ വീട്ടിലേക്ക് പോകുന്നതിൽ എന്താണ് തെറ്റ് എന്നും ശർമ്മിള പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു.
ശർമ്മിളയുടെ മകളുടെ വിവാഹം ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ബെംഗളൂരുവിലെ ബംഗ്ലാവിൽ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യം കുടുംബം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ യെലഹങ്കയിലെ വസ്തുവിൽ വെച്ച് ശർമിളയുടെ മകളുടെ വിവാഹം നടത്താൻ സാധിക്കില്ലെന്ന് ജഗൻ അറിയിച്ചിരുന്നു. ഇതോടെയാണ് വീണ്ടും ഇവർക്കിടയിൽ കുടുംബപ്പോര് ഉടലെടുത്തത്. ഇതോടെ വിവാഹവേദി ശർമ്മിള മാറ്റുകയായിരുന്നു.
Content Highlights: Police blocked AP Congress chief YS Sharmila from entering her Yelahanka property in Bengaluru., The action was taken based on a local court interim order prohibiting entry amid a property dispute with her brother Jagan Mohan Reddy., Sharmila complied with the police directive and left the spot., The dispute also affected wedding arrangements for Sharmila's daughter, leading to a change in the venue.