‘വൈറലാകാൻ നോക്കി, വിറയലായി’; റീലെടുക്കാൻ കുത്തൊഴുക്കുള്ള നദിയിലേക്ക് വാഹനം ഓടിച്ചിറക്കി യുവാക്കൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ന്യൂസ് ഡെസ്ക്
സിന്ധ് നദിയിലെ കുത്തൊഴുക്കിലേക്ക് ഇറക്കിയ വാഹനം കുടുങ്ങിയപ്പോൾ | Photo: X
സിന്ധ് നദിയിലെ കുത്തൊഴുക്കിലേക്ക് ഇറക്കിയ വാഹനം കുടുങ്ങിയപ്പോൾ | Photo: X

സോനാമാർഗ് (ജമ്മു കാശ്മീർ): സോഷ്യൽ മീഡിയയിൽ വൈറലാകാനായി റീൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജമ്മു കശ്മീരിലെ സോനമാർഗിലാണ് സംഭവം. കുത്തൊഴുക്കുള്ള നദിയിലേക്ക് എസ്യുവി ഓടിച്ചിറക്കിയാണ് യുവാക്കൾ സാഹസികമായി റീൽ ചിത്രീകരിക്കാൻ ശ്രമിച്ചത്. സിന്ധ് നദിയിലെ ശക്തമായ ഒഴുക്കിൽ വാഹനം നദിയിൽ കുടുങ്ങിയതോടെ അതിലുണ്ടായിരുന്ന യുവാക്കൾ മരണത്തെ മുന്നിൽ കണ്ടു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കൾ ജീവിതത്തിന്റെ കരയിലേക്ക് തിരിച്ചുകയറിയത്.

സോനമാർഗിലെ ഹോട്ടൽ സിന്ധ് റിസോർട്‌സിന് സമീപമാണ് സംഭവം നടന്നത്. റീൽ ചിത്രീകരിക്കാനായി ഡ്രൈവർ മഹീന്ദ്ര സ്‌കോർപിയോ നദിയിലേക്ക് ഓടിച്ചിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ശക്തമായ ഒഴുക്കിൽ വാഹനം മുന്നോട്ടുപോകാനാകാതെ നദിയുടെ മധ്യഭാഗത്ത് കുടുങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് വാഹനം കുത്തൊഴുക്കിൽ ഒലിച്ചുപോകാതിരുന്നത്.

വിവരമറിഞ്ഞ് ജമ്മു കശ്മീർ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഒപ്പം ചേർന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. യുവാക്കളെ രക്ഷപ്പെടുത്തിയ ശേഷം പിന്നീട് സ്‌കോർപിയോയും നദിയിൽനിന്ന് പുറത്തെടുത്തു.

ശ്രീനഗറിലെ നവാകദൽ സ്വദേശിയായ മുഹമ്മദ് ഇബാദ് ഭട്ടാണ് വാഹനം ഓടിച്ചിരുന്നത്. റിയാസി ജില്ലയിലെ മഹോറ സ്വദേശിയായ നസീർ അഹമ്മദ് മുഗളാണ് ഒപ്പമുണ്ടായിരുന്നത്. വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് വാഹനം ഇറക്കിയത് ഗുരുതരമായ അനാസ്ഥയാണെന്നും ഇത് വാഹനത്തിലുണ്ടായിരുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മലയോര നദികളിലും മറ്റ് ജലാശയങ്ങളിലും ഇത്തരത്തിൽ സാഹസികമായ സ്റ്റണ്ടുകൾ നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ ഒഴുക്കുള്ള നദികളിൽ ഇത്തരം പ്രവർത്തനങ്ങൾ നിമിഷങ്ങൾക്കകം ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമായി മാറാമെന്നും അധികൃതർ പറയുന്നു.

Content Highlights: A dangerous attempt at reel shooting led to a near-fatal accident in Kashmir's Sonamarg as an SUV got stuck in the raging Sindh River. Police and locals launched a swift rescue operation to save the youths inside.