അന്ന് കർസേവകർക്ക് നേരെ നിറയൊഴിച്ചവർ ഇന്ന് രാമന് വേണ്ടി വാദിക്കുന്നു;വിമർശനവുമായി ആദിത്യനാഥ്

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക അഭ്യർത്ഥന പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രാമഭക്തരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവാദങ്ങളിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനുമായിട്ടാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. മുൻപ് രാമക്ഷേത്ര നിർമ്മാണത്തെ എല്ലാ രീതിയിലും എതിർത്തവരും ഭഗവാൻ രാമൻ ജീവിച്ചിരുന്നില്ല എന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയവരുമാണ് ഇപ്പോൾ രാമഭക്തർക്ക് വേണ്ടി സംസാരിക്കുന്നത് എന്ന് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചു. മുൻപ് കർസേവകർക്ക് നേരെ ലാത്തിവീശാനും വെടിയുതിർക്കാനും ഉത്തരവിട്ടവരാണ് ഇപ്പോൾ പ്രസംഗങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന് അദ്ദേഹം സമാജ്‌വാദി പാർട്ടിയെയും കുറ്റപ്പെടുത്തി.
ലഖ്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നിവരടങ്ങുന്ന മൂന്നംഗ പാനലാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ആരോപണങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം സംഘം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാമഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ആരുടെയെങ്കിലും പക്കൽ കൃത്യമായ തെളിവുകളുണ്ടെങ്കിൽ അത് എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് തള്ളിക്കളഞ്ഞു. തങ്ങൾ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും കൃത്യമായ ഇടവേളകളിൽ ഓഡിറ്റുകൾ നടക്കുന്നുണ്ടെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. ഇതുവരെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾക്ക് കൃത്യമായ കണക്കില്ലെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി നിഷ്പക്ഷമായ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത്. ക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ 7 കോടി മുതൽ 7.5 കോടി രൂപ വരെ വകമാറ്റി ചിലവഴിച്ചതായി മുൻ എസ്.പി എം.എൽ.എ പവൻ പാണ്ഡെ ആരോപിച്ചിരുന്നു. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലെ സംഭാവനകളുടെയും ചിലവുകളുടെയും ഓഡിറ്റ് ചെയ്ത രേഖകൾ ആവശ്യപ്പെട്ട് ആർ.ജെ.ഡി എം.പി സുധാകർ സിങ് ട്രസ്റ്റിന് നോട്ടീസ് അയക്കുകയും ചെയ്തു.
Content Highlights: UP CM Yogi Adityanath orders SIT probe into Ram Mandir donation allegations.