'RSSമായി ചര്ച്ച നടത്തി, ആറ് കേന്ദ്രസർക്കാരുകളുമായി സഹകരിച്ചു'; വെളിപ്പെടുത്തലുമായി യാസീന് മാലിക്

ന്യൂഡൽഹി: കശ്മീരിൽ സമാധാനത്തിനും പ്രശ്നപരിഹാരത്തിനുമായി 1990 മുതലുള്ള ആറ് കേന്ദ്രസർക്കാരുകളുമായി സഹകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലിക്. രാജ്യത്തെ പ്രമുഖ നേതാക്കളുമായി നേരത്തേയുണ്ടായിരുന്ന കൂടിക്കാഴ്ചകളെക്കുറിച്ചും വെളിപ്പെടുത്തലുണ്ട്. വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ ഹർജിയിൽ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ യാസീൻ മാലിക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ്.
ശ്രീനഗറിലെ തന്റെ വസതിയിൽവെച്ച് പലതവണ രണ്ടു ശങ്കാരാചാര്യന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2011-ൽ ഡൽഹിയിൽവെച്ച് ആർഎസ്എസ് മുതിർന്ന നേതാക്കളുമായി അഞ്ചുമണിക്കൂറോളം മാരത്തൺ ചർച്ച നടത്തിയിരുന്നു. തന്റെ സമാധാന ശ്രമങ്ങളെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയും ആഭ്യന്തരമന്ത്രി എൽ.കെ. അദ്വാനിയും പിന്തുണച്ചിരുന്നു. എൻഡിഎ സർക്കാരിന്റെ കാലത്ത് 2001-ലാണ് തനിക്ക് ജീവിതത്തിലാദ്യമായി പാസ്പോർട്ട് ലഭിച്ചത്. അതുപയോഗിച്ച് യുഎസ്, യുകെ, സൗദി അറേബ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ് കശ്മീരിൽ ഐകകണ്ഠ്യേന റംസാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുപിന്നിലും തന്റെ സ്വാധീനമുണ്ടെന്നും മാലിക് പറയുന്നു. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അന്നത്തെ ചെയർപേഴ്സൺ അഡ്മിറൽ കെ.കെ. നായർ പലതവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്കും ഇന്ത്യ ഇന്റർനാഷണൽ സെന്ററിലേക്കും ക്ഷണിച്ചിട്ടുണ്ട്.
പാകിസ്താനുമായുള്ള സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് 2006-ൽ ലഷ്കറെ തൊയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിന്റെ പേരിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ അഭിനന്ദിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സയീദുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയെത്തിയതിനു പിന്നാലെത്തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എൻ.കെ. നാരായണനൊപ്പമാണ് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കണ്ടത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു.
1990-ലെ അറസ്റ്റിനുശേഷം വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയി, മൻമോഹൻ സിങ് തുടങ്ങിയവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
1994-ൽ താൻ സ്വമേധയാ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ്. കേന്ദ്രത്തിലെ സർക്കാരുകളുമായുണ്ടായിരുന്ന ധാരണയിലാണ് തനിക്കെതിരേ ഭീകരവാദപ്രവർത്തനത്തിന് കേസെടുക്കാതിരുന്നത്. എന്നാൽ, ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയശേഷം 35 വർഷം പഴക്കമുള്ള കേസിൽ വിചാരണ തുടങ്ങുകയായിരുന്നെന്നും യാസീൻ മാലിക് സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസ് വീണ്ടും നവംബർ പത്തിനാണ് പരിഗണിക്കുന്നത്.
Content Highlights: Kashmiri separatist leader Yasin Malik reveals engagement with six Indian governments