പാർലമെന്റിലെ മാന്ത്രിക സംഖ്യ 850 ആകുമോ? ഇന്ന് നിർണായകം; തിരക്കിട്ട് കേന്ദ്രം, എതിർക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തുന്ന ഭരണഘടനാ ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്ര ഇന്ന് പാർലമെന്റി അവതരിപ്പിക്കുക. മൂന്ന് ബില്ലിനേയും എതിർത്ത് വോട്ട് ചെയ്യാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.
ലോക്സഭയിൽ 18 മണിക്കൂർ നീണ്ട ചർച്ചയാണ് ബില്ലിന്മേൽ ഉണ്ടാകുക. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോഴും തിടുക്കപ്പെട്ട് മണ്ഡല പുനർനിർണയം നടത്തുന്നതിനെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർക്കുന്നുണ്ട്.
മണ്ഡല പുനർനിർണയ ബിൽ പ്രകാരം ലോക്സഭയിലെ സീറ്റെണ്ണം 543-ൽ നിന്ന് 850 ആയി ഉയരും. സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് 35 സീറ്റും ഉണ്ടാകും.
ബില്ലുകൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സഭയിൽ മൊത്തം ഹാജരാകുന്ന അംഗങ്ങളുടെ കണക്കുകൾവെച്ചാണ് ഇത് തീരുമാനിക്കുക. 540 അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആദ്യം അവതരിപ്പിക്കുന്ന ലോക്സഭയിൽ ബിൽ വോട്ടിനിടുന്ന സാഹചര്യത്തിൽ, പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ആകെയുള്ള അംഗസംഖ്യ 234 ആണെന്ന് കണക്കിലെടുക്കുമ്പോൾ, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ മാത്രമേ ഇത് പാസാക്കാനാകൂ എന്ന് വ്യക്തമാണ്.
അതേസമയം, വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ ബിൽ അവതരിപ്പിച്ച രീതിയിൽ എതിർപ്പുണ്ടെന്നും ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ ഡൽഹിയിൽ ചേർന്ന യോഗത്തിനു ശേഷം പറഞ്ഞു.
വനിതാ സംവരണ ബിൽ അവതരിപ്പിച്ച രീതിയിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിർപ്പുണ്ടെന്ന് യോഗത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. തങ്ങളെല്ലാവരും വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നു. പക്ഷേ, അവർ ഈ ബില്ല് കൊണ്ടുവന്ന രീതിയിൽ സംശയങ്ങളുണ്ട്. ഇത് രാഷ്ട്രീയപ്രേരിതമാണ്. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താനുള്ള നീക്കമാണ്. മണ്ഡല പുനർനിർണയ പ്രക്രിയയിൽ പാർട്ടികൾക്ക് ആശങ്കയുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചില തന്ത്രങ്ങൾ പുറത്തെടുക്കുകയാണ്. ഇതിനെതിരേ എല്ലാ പാർട്ടികളും പാർലമെന്റിൽ ഒറ്റക്കെട്ടായി പോരാടണം. തങ്ങൾ ഈ ബില്ലിനെ എതിർക്കും. എന്നാൽ, വനിതാ സംവരത്തിന് തങ്ങൾ എതിരല്ലെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
2029-ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ സംവരണ ഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. അടുത്ത സെൻസസ് വരെ കാത്തിരിക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയവും വനിതാ സംവരണവും ഏർപ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടാന ഭേദഗതി ബിൽ. മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്നതിന് മണ്ഡല പുനർനിർണയകമ്മിഷൻ രൂപവത്കരിക്കും.
ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുസീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം ഉയരും. ഒപ്പം വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻവ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.
2027-ലെ സെൻസസ് അടിസ്ഥാനമാക്കി 2028-ൽ നടപ്പാക്കുന്ന മണ്ഡലപുനർനിർണയത്തിനുശേഷം വനിതാ സംവരണം ഏർപ്പെടുത്തുക എന്നതാണ് 2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയത്തിലെ വ്യവസ്ഥ. 2034 മുതൽ ഇതുനടപ്പാക്കാനാണ് നിലവിലുള്ള നിയമം നിർദേശിക്കുന്നത്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം നടപ്പാക്കാനാണ് നിയമഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും. മൂന്നുദിവസമാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം.
Content Highlights: Introduction of the Women's Reservation Bill to increase Lok Sabha seats to 850., Proposed implementation in time for the 2029 general elections., Opposition bloc (INDIA) plans to vote against the bill citing concerns over the delimitation process., Reservation of one-third of seats for women in Lok Sabha and state assemblies for a 15-year period., Formation of a Delimitation Commission to oversee the redistribution of 815 state and 35 union territory seats.