പുണെയിലെ കോട്ടയില്‍ മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിച്ചു; ഗോമൂത്രം തളിച്ച് ബിജെപി എംപി, കേസെടുത്ത് പോലീസ്

മേധാ കുൽക്കർണി, മേധ എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്നുള്ള ദൃശ്യം | Photo: ANI, X video grab
മേധാ കുൽക്കർണി, മേധ എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്നുള്ള ദൃശ്യം | Photo: ANI, X video grab

മുംബൈ: പുണെയിലെ ശനിവാര്‍ വാഡ കോട്ടയില്‍ മുസ്‌ലിം വനിതകള്‍ നിസ്‌കരിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ സ്ഥലത്ത് ‘ശുദ്ധീകരണം’ നടത്തി ഹിന്ദുസംഘടനകള്‍. ബിജെപിയുടെ രാജ്യസഭാ എംപി മേധാ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു ഇത്. മഹാരാഷ്ട്രയിലെ വിഖ്യാത നിര്‍മിതികളിലൊന്നായ ശനിവാര്‍ വാഡയിലുണ്ടായ ഈ സംഭവം ഇതിനകംതന്നെ വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിച്ച സ്ഥലം  ഹിന്ദുസംഘടനാ പ്രവർത്തകർ  വൃത്തിയാക്കി ഗോമൂത്രം തളിച്ചശേഷം അവിടെ ശിവ വന്ദനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ഇത് ദൗര്‍ഭാഗ്യകരമാണെന്നും ശനിവാര്‍ വാഡ, നിസ്‌കരിക്കാനുള്ള സ്ഥലമല്ലെന്നും മേധ പറഞ്ഞു. വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണം. ശനിവാര്‍ വാഡയില്‍ തങ്ങള്‍ ശിവ വന്ദനം നടത്തുകയും അവിടം ശുദ്ധീകരിക്കുകയും ചെയ്തു. കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ തടഞ്ഞു. ഈ ആളുകള്‍ എവിടെയും നിസ്‌കരിക്കും. എന്നിട്ട് അവിടം വഖഫ് വസ്തുവിനോടു ചേര്‍ക്കും. ഹിന്ദു സമൂഹം ജാഗരൂകരാണ്, മേധ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ മേധ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

കോട്ടയില്‍ നിസ്‌കാരം നടത്തിയതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ രംഗത്തെത്തി. ശനിവാര്‍ വാഡയ്‌ക്കൊരു ചരിത്രമുണ്ടെന്നും അത് ധീരതയുടെ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി, ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാന്‍ ആരോപിച്ചു.

അതിനിടെ, കോട്ടയില്‍ നിസ്‌കരിച്ച ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Content Highlights: women offer namaz at pune fort bjp hold purification controversy