സുരക്ഷയ്ക്ക് ഒപ്പമുണ്ടായിരുന്നത് പത്തുപേർ, തലയ്ക്ക് ഒരു കോടി; ആരാണ് മാവോയിസ്റ്റ് ചലപതി

ചലപതി | Photo: x.com/
ചലപതി | Photo: x.com/

തിങ്കളാഴ്ച രാത്രി ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. രാജ്യത്തെ ഇടത് തീവ്രവാദത്തിനെതിരായ സൈനിക മുന്നേറ്റങ്ങളില്‍ ഏറ്റവും വിജയകരം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഓപ്പറേഷനെ വിലയിരുത്തന്നത്. അതിന് പ്രധാന കാരണങ്ങളിലൊന്ന് കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ചലപതി എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവുമുണ്ടായിരുന്നു എന്നതാണ്. മാവോയിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയായ ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാ സേന വിലയിട്ടിരുന്നത്. 

ആരാണ് ചലപതി?

ഛത്തീസ്ഗഢ് പ്രദേശത്തെ മാവോയിസ്റ്റ് മുന്നേറ്റത്തിന്റെ നേതൃത്വമായിരുന്ന അറുപതുകാരന്‍ ജയറാം റെഡ്ഡി പല കള്ളപ്പേരുകളായിരുന്നു അറിയപ്പെട്ടിരുന്നത്. രാമചന്ദ്ര റെഡ്ഡി, അപ്പറാവു, രാമു തുടങ്ങിയ പേരുകളില്‍ ഏറ്റവും പ്രശസ്തം ചലപതിയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ചലപതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണ മാവോയിസ്റ്റ് കേഡറായി പ്രവര്‍ത്തനം തുടങ്ങിയ ഇയാള്‍ ഘട്ടംഘട്ടമായാണ് പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിലേക്ക്‌ എത്തിയത്. മാവോയിസ്റ്റുകളുടെ ഉന്നതാധികാര ഘടനയായ കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗമായാരിക്കെയാണ് കൊല്ലപ്പെടുന്നത്. 

ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ പല മുന്നേറ്റങ്ങളുടെയും ബുദ്ധികേന്ദ്രം ചലപതിയായിരുന്നു. ബസ്തര്‍ വനമേഖലയായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. ഒളിപ്പോരിലുള്ള വൈദഗ്ധ്യവും നേതൃഗുണവും വിഭവസമാഹരണത്തിനുള്ള ശേഷിയും ചലപതിയെ ചോദ്യം ചെയ്യാത്ത കേഡറാക്കി മാറ്റി. എ.കെ 47, എസ്.എല്‍.ആര്‍ തോക്കുകളോടെയുള്ള എട്ട് മുതല്‍ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചുരുന്നത് എന്നത് മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ ഇയാളുടെ പ്രാധാന്യത്തിന്റെ തെളിവാണ്. അതുകൊണ്ടുതന്നെയാണ് ഇയാളുടെ തലയ്ക്ക് സുരക്ഷാസേന ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതും. രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആഭ്യന്തര തീവ്രവാദികളില്‍ ഏറ്റവും പ്രധാനപ്പെട്ട പേരായിരുന്നു ചലപതിയുടേത്. സുരക്ഷാ സേനയില്‍ നിന്നുള്ള ഭീഷണി ശക്തമായതോടെയാണ് ഇയാള്‍ ഗരിയാബാദിലേക്ക് മാറ്റിയത്.

ഏറ്റുമുട്ടല്‍

ജില്ലാ റിസര്‍വ്ഡ് ഫോഴ്‌സ്, സി.ആര്‍.പി.എഫ്, ഛത്തീസ്ഗഢില്‍ നിന്നുള്ള കോബ്ര കമാന്‍ഡോകള്‍, ഒഡിഷയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നീ ഏജന്‍സികള്‍ ചേര്‍ന്ന സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ചലപതിയും സംഘവും കൊല്ലപ്പെടുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസംഘം നടത്തിയ പരിശോധനയാണ് ഏറ്റമുട്ടലിലേക്ക് നയിച്ചത്. നിരവധി തോക്കുകളും വെടിയുണ്ടകളും ബോംബുകളുമെല്ലാം ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ഓപ്പറേഷനെ വന്‍ വിജയമെന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തെ മാവോയിസ്റ്റ് തീവ്രവാദത്തിന്റെ അവസാനം കുറിക്കുന്നതാണ് ഈ ഓപ്പറേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ 219 പേരും ബസ്തര്‍ പ്രദേശത്താണ് കൊല്ലപ്പെട്ടത്.

Content Highlights: who was maoist leader chalapati