രാജ്യമാകെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, രണ്ടുവര്‍ഷം മുന്‍പേ ആസൂത്രണം; ഡല്‍ഹി സ്‌ഫോടനത്തിന് സ്വന്തം ഫണ്ടിങ്

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ 'വൈറ്റ് കോളര്‍' ഭീകരസംഘം രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണംചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. നേരത്തേ അറസ്റ്റില്‍ ഡോ. മുസമ്മില്‍ ഷക്കീലാണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്. 2023 മുതല്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണംചെയ്തിരുന്നതായാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂട്ടാളിയാണ് ഡോ. മുസമ്മില്‍ ഷക്കീല്‍. ചെങ്കോട്ട സ്‌ഫോടനത്തിന് തൊട്ടുമുന്‍പാണ് മുസമ്മില്‍ അടക്കമുള്ള മൂന്ന് ഡോക്ടര്‍മാര്‍ വന്‍ സ്‌ഫോടകവസ്തു ശേഖരവുമായി പിടിയിലായത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തെ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവന്നിരുന്നതായാണ് ഡോ. മുസമ്മില്‍ ഷക്കീലിന്റെ മൊഴി. ഇക്കാലയളവില്‍ സ്‌ഫോടകവസ്തുക്കളും ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ഉള്‍പ്പെടെ ശേഖരിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബോംബ് നിര്‍മാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങുകയെന്നതായിരുന്നു ഡോ. മുസമ്മലിന്റെ ചുമതല. ഇത്തരത്തില്‍ മൂന്നു ലക്ഷം രൂപയ്ക്കാണ് ഹരിയാണയില്‍നിന്ന് ഇയാള്‍ വളം വാങ്ങിയിരുന്നത്. തുടര്‍ന്ന് ഇതില്‍നിന്ന് രാസവസ്തുക്കളും മറ്റും സംസ്‌കരിച്ചെടുക്കുന്നത് ഡോ. ഉമറിന്റെ ചുമതലയായിരുന്നു. രാസവസ്തുക്കള്‍ പൊടിക്കാനും മറ്റും ഒരു ഫ്‌ളോര്‍മില്ലും പ്രതികള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, ഡല്‍ഹിയിലെ സ്‌ഫോടനത്തിനായുള്ള ഫണ്ടിങ് നടത്തിയത് ഡോക്ടര്‍മാര്‍ തന്നെയാണെന്നാണ് വിവരം. വൈറ്റ് കോളര്‍ ഭീകരമൊഡ്യൂളിലെ അംഗങ്ങള്‍ ഏകദേശം 26 ലക്ഷത്തോളം രൂപയാണ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങാനും മറ്റുമായി സ്വരൂപിച്ചത്. തുടര്‍ന്ന് ഈ പണം ഡോ. ഉമറിന് കൈമാറി. ഇയാളുടെ വകയായി രണ്ടുലക്ഷം രൂപ കൂടി ഇതില്‍ ചേര്‍ത്തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡോ. മുസമ്മില്‍ ഷക്കീല്‍ അഞ്ചുലക്ഷം രൂപയാണ് ഡല്‍ഹി സ്‌ഫോടനത്തിനുള്ള ഫണ്ടിനായി നല്‍കിയിരുന്നത്. ഡോ. ആദില്‍ റാത്തര്‍, മുസഫര്‍ റാത്തര്‍ എന്നിവര്‍ യഥാക്രമം എട്ടു ലക്ഷം രൂപയും ആറുലക്ഷം രൂപയും നല്‍കി. ഡോ. ഷഹീന്‍ സയീദിന്റെ വകയായി അഞ്ചുലക്ഷം രൂപയും കിട്ടി.
ആദില്‍ റാത്തറിന്റെ ലോക്കറില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്ത എകെ-47 തോക്ക് ആറരലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഡോ. മുസമ്മില്‍ ഷക്കീല്‍ സമ്മതിച്ചിട്ടുണ്ട്. മന്‍സൂര്‍ എന്നയാളാണ് ഷക്കീലിനായുള്ള ഭീകരപരിശീലനം നല്‍കിയിരുന്നത്. ഡോ. ഉമറിന് പരിശീലനം നല്‍കിയിരുന്നത് ഹാഷിം എന്നയാളായിരുന്നു. ഇബ്രാഹിം എന്നയാളുടെ നിര്‍ദേശമനുസരിച്ചാണ് ഇവര്‍ രണ്ടുപേരും പ്രവര്‍ത്തിച്ചിരുന്നതും റിപ്പോര്‍ട്ടിലുണ്ട്.
തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉകാസ എന്നയാളുടെ നിര്‍ദേശപ്രകാരമാണ് മുസമ്മിലും ആദിലും മുസഫറും തുര്‍ക്കി സന്ദര്‍ശിച്ചത്. തുര്‍ക്കിയില്‍നിന്ന് അഫ്ഗാനിസ്താനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി ഒരാഴ്ചയോളം കാത്തിരുന്നു. എന്നാല്‍, അവസാനനിമിഷം ഇവര്‍ക്ക് നിര്‍ദേശങ്ങളും പരിശീലനവും നല്‍കിയിരുന്ന ആള്‍ ഈ നീക്കത്തില്‍നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: Revealed: `White Collar` terror group behind Red Fort attack planned explosions across India. Dr. Muzammil Shakeel confesses to NIA. Details inside.