ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: 40% കടന്ന് പോളിങ്; വ്യാപക അക്രമസംഭവങ്ങളും ക്രമക്കേടുകളും

#ന്യൂസ് ഡെസ്ക്
ബിജെപി, തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം | Photo: PTI
ബിജെപി, തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം | Photo: PTI

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപകമായ അക്രമസംഭവങ്ങളും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകൾ സംഘർഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.

ഡയമണ്ട് ഹാർബറിലെ ഫൽത മണ്ഡലത്തിൽ വോട്ടിങ് മെഷീനിലെ ബിജെപിയുടെ 'താമര' ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിച്ചു. വോട്ടർമാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും, നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് അവർ പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമക്കേട് നടന്ന ബൂത്തുകളിൽ ഉടൻ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികൾ പരിശോധിക്കുമെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാൽ റീപോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നാദിയ ജില്ലയിലെ ചപ്ര മണ്ഡലത്തിൽ ബിജെപി പോളിങ് ഏജന്റായ മുഷറഫ് മീറിന് നേരെ ആക്രമണം ഉണ്ടായതായും പരാതിയുണ്ട്. തോക്കുകളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ തൃണമൂൽ ഗുണ്ടകൾ തന്നെ മർദ്ദിച്ചതായും തലയ്ക്ക് ആറ് തുന്നലുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഖാനക്കുൽ മണ്ഡലത്തിലെ 147-148 ബൂത്തുകളിലും ബിജെപി-തൃണമൂൽ ഏജന്റുമാർ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് സിആർപിഎഫ് ഇടപെട്ടാണ് അവിടെ സമാധാനം പുനഃസ്ഥാപിച്ചത്.

മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. വോട്ടെടുപ്പ് നടക്കുന്നതിനിടെ മമത ബാനർജി തന്റെ വാഹനത്തിൽ ഗുണ്ടകളുമായെത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി ചിലർ ആരോപിച്ചു. ഫൽതയിൽ ബിജെപി സ്ഥാനാർത്ഥി ദേബാംശു പാണ്ഡെയെ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം വിളികളുമായി തടഞ്ഞത് സംഘർഷത്തിന് കാരണമായി, തുടർന്ന് കേന്ദ്ര സേനയ്ക്ക് ലാത്തി വീശേണ്ടി വന്നു.

സംഘർഷങ്ങൾക്കിടയിലും സംസ്ഥാനത്ത് മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണി വരെ 39.79 ശതമാനം വോട്ട് രേഖപ്പെടുത്തി. ഓരോ മണിക്കൂറിലും ശരാശരി 10 ശതമാനം വോട്ട് രേഖപ്പെടുത്തുന്നത് മാറ്റത്തിന് വേണ്ടിയുള്ള ജനവികാരമാണെന്ന് അമിത് മാളവ്യ അവകാശപ്പെട്ടു. വോട്ട് ചെയ്യാൻ വോട്ടർമാരുടെ നീണ്ട നിര കാണുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: West Bengal Phase 2 voting records 40% turnout amid reports of violence and booth rigging.