ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

#ന്യൂസ് ഡെസ്ക്
ഡോ. സി.വി. ആനന്ദബോസ് | ചിത്രം ശ്രീജിത് പി. രാജ്, മാതൃഭൂമി
ഡോ. സി.വി. ആനന്ദബോസ് | ചിത്രം ശ്രീജിത് പി. രാജ്, മാതൃഭൂമി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐഎഎസ്  ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറി റാങ്കിലിരിക്കെയാണ് വിരമിച്ചത്. 2019-ലാണ് ബിജെപിയിൽ ചേർന്നത്. മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നതിനിടെയാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.

ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും  അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു. തമിഴ്നാട് ഗവർണർ ആർ.എൻ. രവിയായിരിക്കും പുതിയ പശ്ചിമ ബംഗാൾ ഗവർണറെന്നാണ് വിവരം.

രാജി വാർത്ത ഞെട്ടിച്ചു- മമതാ ബാനർജി

സി.വി. ആന്ദബോസ് രാജിവെച്ചെന്ന് വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം എനിക്കറിയില്ല. എന്നാൽ, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് ഗവർണർക്ക് സമ്മർദ്ദമുണ്ടായാൽ അതിൽ അതിശയിക്കാനില്ല.

തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ അറിയിച്ചു. കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് ഇക്കാര്യത്തിൽ ഒരു കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ ആത്മാവിനെ തകർക്കുകയും ചെയ്യുന്നുമെന്ന് മമത എക്സിൽ കുറിച്ചു.

Content Highlights: C.V. Ananda Bose has resigned as the Governor of West Bengal., The news was reported by PTI, citing the West Bengal Lok Bhavan., The resignation is considered significant due to the upcoming elections in Kerala.