ചായ കുടിക്കുന്ന പ്രധാനമന്ത്രി-ഗണപതി പ്രതിമകൾ, മധ്യത്തിൽ 'ഓം' ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടം- വിവാദം

#ന്യൂസ് ഡെസ്ക്
Photo: 'X' @MithunBaisya1
Photo: 'X' @MithunBaisya1

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന ഗണേഷ പൂജയിലെ പ്രത്യേക പ്രമേയത്തിൽ വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗണപതി ഭഗവാന്റെയും ചായ കുടിക്കുന്ന പ്രതിമകളും മധ്യത്തിൽ 'ഓം' എന്ന് ആലേഖനം ചെയ്ത കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടവും ഉൾപ്പെടുത്തിയ തീമാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തീമിന് പിന്നിലെ ചുമരിൽ 'ഹിന്ദു രാഷ്ട്ര' എന്ന് എഴുതുകയും ഒരു വശത്ത് കാവി പതാകയ്‌ക്കൊപ്പം ഇന്ത്യയുടെ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.

ബിജെപിയോ പ്രധാനമന്ത്രിയോ ഈ വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഇത്തരക്കാർക്കെതിരെ ജില്ലാ-സംസ്ഥാന ബിജെപി ഘടകങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎയും തൃണമൂൽ വിമത നേതാവുമായ അരൂപ് റോയ് ആവശ്യപ്പെട്ടു. ബി.ജെ.പിയിൽ പുതുതായി ചേർന്ന ചിലർ ഈ രീതിയിൽ പാർട്ടിയുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പൂജയുടെ സംഘാടകനും പ്രൊമോട്ടറുമായ ഖോകൻ കൻറ പറഞ്ഞു. താൻ ദീർഘകാലമായി വ്യക്തിപരമായ രീതിയിൽ സംഘടിപ്പിക്കുന്ന പൂജയാണിത്. ഓരോ വർഷവും സ്വന്തം ആശയത്തിലുള്ള വ്യത്യസ്ത പ്രമേയങ്ങളാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രതീകമായും ഗണപതി ഭഗവാനെ മതത്തിന്റെ പ്രതീകമായും കണ്ടാണ് താൻ ഈ പ്രമേയം ഒരുക്കിയതെന്നും ഖോകൻ കൻറ വിശദീകരിച്ചു.

അതേസമയം, ഈ പരിപാടി ആരാണ് സംഘടിപ്പിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ ഇതിൽ തെറ്റായ ഒന്നും കാണുന്നില്ലെന്നും ഹൗറ ജില്ലാ ബിജെപി സെക്രട്ടറി ഓം പ്രകാശ് സിങ് പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ ദുർഗ്ഗാ പൂജ സമയത്തടക്കം വ്യത്യസ്തമായ പ്രമേയങ്ങൾ കാണാറുണ്ടെന്നും തൃണമൂൽ നേതാവ് അരൂപ് റോയിയുടെ വാദങ്ങളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അരൂപ് റോയിയുടെ ഭരണകാലത്ത് പൂജകൾ സംഘടിപ്പിക്കാൻ ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു. വിഷയം ജില്ലാ ബിജെപി ചർച്ച ചെയ്യുമെന്നും ആവശ്യമെന്ന് തോന്നിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.