‘കാളീദേവി ഊർജം നിറച്ചു’; പ്രചാരണം തീർഥാടനംപോലെയെന്ന് മോദി; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, മമതാ ബാനർജി, അമിത് ഷാ | Photo: ANI
നരേന്ദ്ര മോദി, മമതാ ബാനർജി, അമിത് ഷാ | Photo: ANI

കൊൽക്കത്ത: ബുധനാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് നടക്കുന്ന പശ്ചിമബംഗാളിലെ വോട്ടർമാർക്ക് തുറന്നകത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്ക് അൽപംപോലും ക്ഷീണം അനുഭവപ്പെട്ടില്ലെന്നും അവിടെ നടത്തിയ റാലികളും റോഡ്‌ഷോകളും തീർഥാടനം പോലെ ആയിരുന്നെന്നും അദ്ദേഹം കത്തിൽ പറയുന്നു. ബംഗാളിലെ മുഴുവനാളുകളും വികസനത്തിനുവേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഈ തിരഞ്ഞെടുപ്പിൽ ബംഗാളിൽ എനിക്ക് അനുപമമായൊരു ഊർജം അനുഭവപ്പെട്ടു. കഠിനമായ ചൂടിനും ഇത്രയധികം റാലികൾക്കും ശേഷവും എനിക്ക് അൽപം പോലും തളർച്ച അനുഭവപ്പെട്ടില്ല. ആ റാലികളും റോഡ്‌ഷോകളും തീർഥാടനത്തിന് സമാനമായിരുന്നു. കാളീദേവിയുടെ ഭക്തർക്കിടയിലേക്ക് ചെന്നപ്പോൾ ഒരുപക്ഷേ കാളീദേവി തന്നെ എന്നിലേക്ക് പുതുഊർജം തുടർച്ചയായി നിറച്ചുകൊണ്ടിരുന്നതാവാം’, സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച തുറന്നകത്തിൽ മോദി പറഞ്ഞു.

വികസിത ബംഗാളിനുവേണ്ടിയുള്ള അക്ഷമ യുവാക്കളിലും സ്ത്രീകളിലും കർഷകരിലും തൊഴിലാളികളിലുമെല്ലാം കണ്ടുവെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും മോദിയുടെ കത്തിലുണ്ട്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ള കേന്ദ്രസേന, ബിജെപി അധികാരത്തിലെത്തിയാലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കുറഞ്ഞത് 60 ദിവസമെങ്കിലും അവിടെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

'ദീദിയുടെ ഗുണ്ടകളെ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട. തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ മുക്കിലും മൂലയിലും സിഎപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ വരികയാണ്. എന്നിരുന്നാലും സിഎപിഎഫ് അടുത്ത അറുപതു ദിവസത്തേക്ക് ഇവിടെത്തന്നെയുണ്ടാകും’, ബെഹാലയിലെ റോഡ് ഷോയിൽ പങ്കെടുക്കവേ അമിത് ഷാ കൂട്ടിച്ചേർത്തു.

ഇക്കുറി രണ്ടുഘട്ടമായാണ് ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23-ന് കഴിഞ്ഞു. രണ്ടാംഘട്ടം 29-ാം തീയതിയാണ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.

Content Highlights: PM Modi describes the West Bengal campaign as a pilgrimage for development., Amit Shah reassures voters about security, promising CAPF presence for 60 days post-election., Second phase of polling scheduled for April 29., Vote counting date set for May 4.