എസ്.ഐ.ആറും ബംഗാളിൽ പൊതിഞ്ഞുനിൽക്കുന്ന മൗനവും; തിങ്കളാഴ്ച വോട്ടെണ്ണുമ്പോൾ ചിരിക്കുന്നതാരാകും?

വടക്കൻ മാൽദയിലെ മാൽതിപൂരിൽ, കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഉച്ചയ്ക്ക് 12 മണിയോടടുപ്പിച്ച് അഞ്ച് സ്ത്രീകൾ വന്നു. അഞ്ച് പേർക്കും ഇത്തവണ വോട്ടില്ലായെന്നുള്ള പരാതിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്തവരാണിവർ. ഓഫീസിൽ അവിടവിടെയായി ഇരുന്ന ചില പ്രാദേശിക കോൺഗ്രസ് നേതാക്കളോട് ഇവർ പരാതി പറയുന്നു. അവരുടെ വേദന ക്ഷോഭമായും സങ്കടമായും ഭാവപ്പകർച്ച കൈവരിക്കുമ്പോൾ, എന്തു ചെയ്യാനാകുമെന്ന നിസ്സഹായാവസ്ഥ ആ പ്രാദേശികനേതാവിൽ കനപ്പെട്ടു. അദ്ദേഹം അൽപ്പനേരം കേട്ടുനിന്ന ശേഷം അവരെ സമാധാനിപ്പിച്ചു. രണ്ട് ദിവസത്തിനകം ശരിയാക്കാം. പശ്ചിമബംഗാൾ ഒന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കാൻ, ഇത് സംഭവിക്കുമ്പോൾ നാല് ദിവസമാണ് അവശേഷിച്ചിരുന്നത്. തൃപ്തികരമായ ഉത്തരം കിട്ടാതെ, ആ അഞ്ച് സ്ത്രീകളും ഭയം വിങ്ങിയ മനസ്സോടെ പുറത്തേക്ക് നടന്നുനീങ്ങി. വോട്ടർപട്ടികയിൽ നിന്നൊഴിവാക്കപ്പെടുന്നതോടെ തങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിലാകുമോയെന്ന ആധി.
വഴിയിൽ കണ്ട ചിലരോടെല്ലാം ഈ ലേഖകൻ ചോദിച്ചു. 'നിങ്ങൾക്ക് വോട്ടുണ്ടല്ലോ അല്ലേ?'ചിലരെല്ലാം ചിരിച്ചു. ചില സ്ത്രീകൾ പറഞ്ഞു: 'എനിക്കുണ്ട്. എന്റെ വീട്ടിൽ ഭർത്താവിനില്ല.'ചില പുരുഷന്മാർ പറഞ്ഞു: 'വീട്ടിൽ എനിക്കും രണ്ട് സഹോദരങ്ങൾക്കും വോട്ടുണ്ട്. ഭാര്യക്കും ഭാര്യാമാതാവിനും വോട്ടില്ല.'മുർഷിദാബാദിൽ ചെന്നപ്പോൾ അറിഞ്ഞത്, അവിടെ ബംഗാൾ നവാബിന്റെ പിന്മുറക്കാർക്ക് പോലും ഇത്തവണ വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വർത്തമാനമാണ്. നവാബിന്റെ പിന്മുറക്കാർ തർക്കിക്കാനോ അപ്പീലുമായി, സുപ്രീംകോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള ട്രിബ്യൂണൽ മുമ്പാകെയോ പോയില്ല.
മുർഷിദാബാദിലെ ഭഗവൻഗോള ജില്ലയിലെ അസൻപാറ കോളനിയിൽ മോസ്താരിബാനു എന്ന സി.പി.എം പ്രവർത്തകയായ സ്ത്രീയെ കണ്ടു. എസ്.ഐ.ആറിന്റെ തുടക്കത്തിൽ തന്നെ പന്തികേട് മനസ്സിലാക്കി ആദ്യം സുപ്രീംകോടതിയിൽ ഹർജിയുമായി ചെന്ന സ്ത്രീയാണിവർ. അവരുടെ വീട് റാണിനഗറിലാണ്. വിവാഹിതയായി അസൻപാറയിലേക്കെത്തിയതാണ്. ഭർത്താവ് കമാൽ ഹുസൈൻ സി.ഐ.ടി.യുവിന് കീഴിലെ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ നേതാവ്. എസ്.ഐ.ആറിന്റെ ആദ്യഘട്ട പരിശോധനയിൽ കമാൽ ഹുസൈൻ കടന്നുകൂടി. പക്ഷേ മോസ്താരിബാനുവിന് വോട്ടില്ല. എസ്.ഐ.ആറിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്, മുമ്പ് എസ്.ഐ.ആർ നടന്ന വർഷത്തിൽ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവർക്ക് മറ്റ് രേഖകളുടെ ആവശ്യമില്ലെന്നാണ്. മോസ്താരി ബാനു മുമ്പ് എസ്.ഐ.ആർ നടന്ന 2002ൽ വോട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ എങ്ങനെ പുറത്തായി?
'ഞാൻ മെട്രിക്കുലേഷൻ രേഖയുൾപ്പെടെ ഹാജരാക്കിയിട്ടും അവർ അനുവദിച്ചില്ല'- മോസ്താരിബാനു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ' ലോജിക്കൽ ഡിസ്‌ക്രിപൻസി' അഥവാ യുക്തിപരമായ അപാകതയിൽ കുരുങ്ങിയാണ് പോലും മോസ്താരി ബാനുവിന് വോട്ട് നിഷേധിക്കപ്പെട്ടത്. ഒടുവിൽ തർക്കത്തിൽ കുരുങ്ങിയ പട്ടികയിൽ പെട്ട് ഇവരുടെ അപേക്ഷ തർക്കപരിഹാര ട്രിബ്യൂണൽ മുമ്പാകെയെത്തി. കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി വാട്ടർ ആൻഡ് സാനിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ട്രിബ്യൂണലിൽ വാദിച്ച് ജയിച്ചാണ് മോസ്താരി ബാനു ഏപ്രിൽ ആറിന് വോട്ടറായത്. അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പേര് മോസ്താരി ബാനു പറഞ്ഞു: 'മാവൂൻ സർക്കാർ', 'മോയിൻ സർക്കാർ'. എന്തുകൊണ്ട് സർക്കാർ എന്ന പേര്?
സംശയത്തിന് അവർ ഉത്തരം നൽകി. 'ഇവരുടെ പിതാവിന്റെ പേര് കമാൽ ഹുസൈൻ എന്നാണ്. പ്രായപൂർത്തിയായി വോട്ടവകാശം ലഭിക്കാറാവുമ്പോൾ മുസ്ലിം നാമധാരികളായാൽ ഇതുപോലെ സാങ്കേതികത്വം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെട്ടാലോ?' വോട്ടവകാശം നിഷേധിക്കപ്പെട്ട്, അസ്തിത്വം തന്നെ ചോദ്യചിഹ്നമാകുന്നുവെന്ന ആശങ്കകളാൽ പൊതിഞ്ഞ നിരവധി ജീവിതങ്ങൾ നോക്കിനിൽക്കെയാണ് ഇത്തവണ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. മുൻ വോട്ടർപട്ടികയിലുണ്ടായിരുന്നതിൽ നിന്ന് 90 ലക്ഷത്തോളം പേരുകളാണ് ഇക്കുറി വെട്ടിപ്പോയത്. ആദ്യഘട്ടത്തിൽ കരട് പട്ടിക തയാറാക്കുമ്പോൾ 63 ലക്ഷം പേർ ഒഴിവായി. ഇവരിൽ മരിച്ചവരും സ്ഥലം മാറിപ്പോയവരും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരുമുണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട്, കമ്മിഷൻ നിയോഗിച്ച മൈക്രോ ഒബ്സർവാരുടെയടക്കം പരിശോധനകളിൽ ലോജിക്കൽ ഡിസ്‌ക്രിപൻസിയിൽ കുടുങ്ങി മറ്റൊരു 27 ലക്ഷം പേർ കൂടി വെട്ടിമാറ്റപ്പെട്ടു. പേരുകളിലെ ചില സ്പെല്ലിങ് മാറ്റമൊക്കെയാണ്, കമ്മിഷന്റെ അൽഗോരിതം സ്വീകരിക്കാതെ, തർക്കപ്പട്ടികയിലേക്ക് മാറ്റപ്പെട്ടത്.
ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയായ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി കോടതിയിൽ വാദിച്ചത് വലിയ വാർത്തയായി. സുപ്രീംകോടതി ഇടപെട്ട് അയൽസംസ്ഥാനങ്ങളിലെയടക്കം 700 ജുഡിഷ്യൽ ഓഫീസർമാരടങ്ങുന്ന 19 അപ്പലേറ്റ് ട്രിബ്യൂണലുകൾ നിയോഗിച്ച് ഈ തർക്കത്തിന് പരിഹാരമുണ്ടാക്കാൻ വിധിച്ചു. കൊൽക്കത്ത കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിച്ച ട്രിബ്യൂണലിന്റെ പ്രവർത്തനം വളരെ ഇഴഞ്ഞാണ് നീങ്ങിയത്. നാമമാത്രമായ അപേക്ഷകളിലാണ് ഇവർക്ക് തീർപ്പാക്കാനായത്. വിദൂരജില്ലകളിൽ നിന്ന് ദൈനംദിന ജീവിതം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക്, സ്വന്തം വോട്ടവകാശം ഉറപ്പിച്ചെടുക്കാൻ കൊൽക്കത്തയിലേക്കെത്തുക പ്രായോഗികമായി അസാധ്യമായിരുന്നു. പലരും വന്നില്ല. വരേണ്ടതില്ല, ഓൺലൈനായി അപേക്ഷിക്കാമെന്നൊക്കെ ട്രിബ്യൂണൽ പറഞ്ഞെങ്കിലും, പാവപ്പെട്ട ജീവിതങ്ങളെ നോക്കി ആ പറച്ചിലുകൾ കൊഞ്ഞനം കുത്തുകയായിരുന്നു.
90 ലക്ഷം വെട്ടിനീക്കപ്പെട്ട വോട്ടുകളിൽ 57.47 ലക്ഷം ( 63 ശതമാനം) ഹിന്ദുക്കളും 31.1 ലക്ഷം ( 34 ശതമാനം) മുസ്ലിങ്ങളുമാണ്. 2011ലെ സെൻസസ് പ്രകാരം ബംഗാളിൽ മൊത്തം ജനസംഖ്യയുടെ 27 ശതമാനമാണ് മുസ്ലിങ്ങൾ. ഇവരിൽ 34 ശതമാനം നീക്കപ്പെട്ടു. മൊത്തത്തിൽ നീക്കം ചെയ്യപ്പെട്ടവരുടെ തോത് നോക്കിയാൽ ഹിന്ദുക്കളാണ് ഏറെ. ഇവരിൽ ഭൂരിഭാഗവും അതിർത്തി ജില്ലകളിലുള്ള, ആദ്യകാലത്ത് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയെത്തിയ മതുവ, നാമശൂദ്ര വിഭാഗത്തിൽ പെട്ടവരാണ്. ഇവരും വോട്ട് വെട്ടിമാറ്റപ്പെട്ടതിൽ നിരാശയും ആശങ്കയും രോഷവും പേറുന്നവരാണ്. തങ്ങളെ ബംഗ്ലാദേശിലേക്ക് നാട് കടത്തുമോയെന്ന ഭീതി ഇവരിലുമുണ്ട്.
കൗതുകമെന്തെന്നാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ മതുവ വിഭാഗക്കാർ ബി.ജെ.പിയുടെ വോട്ടുബാങ്കുകളായി മാറിയെന്നതാണ്. ഇവർക്ക് ഇന്ത്യൻ പൗരത്വമുൾപ്പെടെ ബി.ജെ.പി ഇത്തവണയും യഥേഷ്ടം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും നേരിട്ട് ഈ വാഗ്ദാനപ്രഖ്യാപനം നടത്തി. ഇത് അവരെ ബി.ജെ.പിക്കനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുമോ? അറിയില്ല.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവുമധികം വോട്ടർമാർ രണ്ടാംഘട്ടത്തിൽ വെട്ടിമാറ്റപ്പെട്ടത്. 4.50ലക്ഷം പേർ. അതിൽ തന്നെ അന്യസംസ്ഥാനത്തൊഴിലാളികൾ ഏറെയുള്ള ഷംശേർഗഞ്ചിൽ വൻതോതിലാണ് ആളുകൾ പട്ടികയ്ക്ക് പുറത്തായത്. നോർത്ത് 24 പർഗാന ജില്ലയിൽ 3.25 ലക്ഷം പേർ വെട്ടിമാറ്റപ്പെട്ടു. മാൽദയിൽ പുറത്താക്കപ്പെട്ടത് 2.39 ലക്ഷം പേർ.
മുസ്ലിം, ആദിവാസി ജനവിഭാഗങ്ങൾ- ഇവരിൽ തന്നെ സ്ത്രീകൾ- ആണ് ഏറ്റവുമധികം എസ്.ഐ.ആർ ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത്. ഒരുതരം അന്യവൽക്കരണ ഭീതിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ഒരു വലിയ വിഭാഗം ജനതയെ മറികടന്നാണ് പശ്ചിമബംഗാൾ ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. വോട്ട് ചെയ്യാൻ അർഹത നേടിയവരിൽ ഏറെക്കുറെ ഭൂരിഭാഗം പേരും അത് വിനിയോഗിക്കാൻ തയാറായി. ഇത്തവണ ചെയ്തില്ലെങ്കിൽ അടുത്തതവണ വോട്ടില്ലാതായെങ്കിലോ എന്ന ഭീതിയിൽ പോയവരുമുണ്ടാകാം. എസ്.ഐ.ആറിന്റെ പേരിൽ വോട്ട് റദ്ദാക്കപ്പെടുമ്പോൾ തങ്ങൾക്ക് അർഹമായ ക്ഷേമാനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടുമോയെന്ന് ആശങ്കപ്പെട്ടവരുടെ അനുഭാവികളും കുടുംബക്കാരുമെല്ലാം അതിനുള്ള പ്രതികാരം തീർക്കാൻ വോട്ട് ചെയ്തിരിക്കാം. അത് എതിരായിത്തീരുക കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്കാകും. ഇന്ത്യൻ പൗരത്വം പുനസ്ഥാപിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ വോട്ടവകാശ ഭാഗ്യം സിദ്ധിച്ച മതുവ, നാമശൂദ്ര ജനവിഭാഗങ്ങൾ അതിനനുസരിച്ച് ഒരു പക്ഷേ വോട്ട് ചെയ്തിരിക്കാം. അത് വിനയാവുക തൃണമൂൽ കോൺഗ്രസിനാകും.
പതിനഞ്ച് വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് കാര്യമായൊന്നും നടന്നിട്ടില്ലെന്ന് ചിന്തിക്കുന്ന ജനങ്ങളുടെ ഭരണവിരുദ്ധവികാരത്തേക്കാളേറെ, വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ ഭീതി മുഴച്ചുനിന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗാളി അസ്മിത എന്ന ബംഗാളി സ്വത്വം പേറാത്ത ഗോസായി പാർട്ടിയെന്ന പേരുദോഷം പേറുന്ന ബി.ജെ.പിക്ക് അതിനെ മറികടക്കാനുള്ള സംഘടനാശേഷി ദുർബലമായിട്ടും അധികാരശേഷിയും പണവും അവർക്ക് സംസ്ഥാനത്ത് വൻതോതിൽ പ്രയോജനം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലുമേറെ. ഭരണവിരുദ്ധ വികാരത്തെ നിശ്ശബ്ദ തരംഗമായി ആളിക്കത്തിക്കാൻ ഈ ശേഷിയെ അവരുപയോഗിച്ചിട്ടുണ്ട്. മമത ബാനർജിയെന്ന ഒറ്റയാൾപട്ടാളത്തിന്റെ വീര്യം ഇതിനെ മറികടക്കുമോയെന്ന് ബംഗാൾ ഉറ്റുനോക്കുന്നു. എന്നാൽ, ഇത്തവണ ബംഗാളിൽ ഭീതി പരത്തിനിന്നത് വോട്ടർമാർക്കിടയിൽ നിലനിന്ന അതിഭയങ്കരമായ ഒരു മൗനമാണ്. വലിയ നിശ്ശബ്ദത. അതിൽ ഭീതിയുടെ ആഴമുണ്ട്. അതേതുതരം ഭയമെന്ന ചോദ്യത്തിനാകും തിങ്കളാഴ്ച വംഗനാട് ഉത്തരം പറയുക.
Content Highlights: est Bengal Elections: How Algorithmic Errors Deny Citizenship