'കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം'; വയനാട് തുരങ്കപാതയ്‌ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
വയനാട് തുരങ്ക പാതയ്ക്കായുള്ള നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ |ഫോട്ടോ:മാതൃഭൂമി
വയനാട് തുരങ്ക പാതയ്ക്കായുള്ള നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ.

Content Highlights: Wayanad Nature Protection Committee challenges the tunnel project in the Supreme Court