1998-ലെ കരാളരാത്രി, കൊല്ലപ്പെട്ടത് 23 കശ്മീരി പണ്ഡിറ്റുകൾ; പഴയ കേസുകൾ വീണ്ടും അന്വേഷിക്കുന്നു

ശ്രീനഗർ: കശ്മീർ താഴ്വരയെ നടുക്കിയ 1998-ലെ വംധാമ കൂട്ടക്കൊലക്കേസിൽ ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം പുനരാരംഭിച്ചു. കശ്മീർ താഴ്വരയിൽ ഭീകരവാദം ശക്തമായിരുന്ന കാലത്തുണ്ടായ കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങളിലെ പഴയ കേസുകൾ വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 23 കശ്മീരി പണ്ഡിറ്റുകളാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 1998 ജനുവരി 25-നാണ് ഗന്ദർബാൽ ജില്ലയിലെ വംധാമ ഗ്രാമത്തിൽ കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്. മാരകായുധങ്ങളുമായി എത്തിയ ഭീകരർ വീടുകളിൽ അതിക്രമിച്ചുകയറി ഒൻപത് സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന 23 പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്നും റംസാനിലെ ഏറ്റവും പവിത്രമായ രാവിലുമാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. സംഭവം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേസിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. വംധാമ കൂട്ടക്കൊലയുമായും കശ്മീരി പണ്ഡിറ്റ് നേതാവ് ടികാ ലാൽ തപ്ലുവിന്റെ വധവുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കശ്മീർ താഴ്വരയിലെ വിവിധയിടങ്ങളിൽ എസ്ഐഎ റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരരെയും അവർക്ക് ഒത്താശ ചെയ്ത കൂട്ടാളികളെയും കണ്ടെത്തി അവരുടെ പങ്ക് തെളിയിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രമിക്കുന്നത്.
പണ്ഡിറ്റ് നേതാവ് ടികാ ലാൽ തപ്ലു, ജസ്റ്റിസ് നീലകണ്ഠ് ഗഞ്ചു എന്നിവരുടെ വധക്കേസുകളിലും എസ്ഐഎ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ, കശ്മീരി പണ്ഡിറ്റായിരുന്ന നഴ്‌സ് സർള ഭട്ട്, എഴുത്തുകാരൻ സർവാനന്ദ് കൗൾ പ്രേമി, അദ്ദേഹത്തിന്റെ മകൻ വിരേന്ദർ കൗൾ എന്നിവരുടെ കൊലപാതകക്കേസുകളിലും എസ്ഐഎ അന്വേഷണം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ സർള ഭട്ട് വധക്കേസിൽ എസ്ഐഎ സമർപ്പിച്ച 737 പേജുള്ള കുറ്റപത്രത്തിൽ, നിലവിൽ ജയിലിൽ കഴിയുന്ന ജെകെഎൽഎഫ് (JKLF) തലവൻ യാസിൻ മാലിക്കാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരൻ എന്നാണ് ആരോപിക്കുന്നത്.
തെളിയാതെ പോയ പണ്ഡിറ്റുകൾക്കെതിരായ പഴയ കേസുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നിലവിൽ ജീവിച്ചിരിപ്പുള്ള പ്രതികളെയും ഭീകരരുടെ കൂട്ടാളികളെയും തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്.
Content Highlights: SIA reopens the investigation into the 1998 Wandhama massacre where 23 Kashmiri Pandits were killed., Raids conducted across the Kashmir valley related to the Wandhama attack and Tika Lal Taploo's assassination., Renewed focus on unsolved historical cases including the murders of Sarla Bhatt and other prominent figures., JKLF chief Yasin Malik accused as a key mastermind in related Pandit targeted killing cases.