രാഹുലിന്റെ യാത്ര മുന്നേറുന്നു; പ്രതിരോധത്തിന് ബിജെപി

ന്യൂഡൽഹി: രാഹുൽഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുമായി പ്രതിപക്ഷം സംസ്ഥാനത്ത് പ്രചാരണത്തിൽ മുന്നേറിയതോടെ ബിഹാറിൽ സഖ്യകക്ഷികളുമായിച്ചേർന്ന് സംയുക്തമുന്നൊരുക്കങ്ങൾക്ക് ബിജെപി. വോട്ട് കവർച്ച ആരോപണമുയർത്തി ബിജെപിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ച് രാഹുലിന്റെ യാത്രയും എസ്‌ഐആറിനെതിരേ ആർജെഡിയും കോൺഗ്രസും നടത്തുന്ന ശക്തമായ പ്രചാരണവും പ്രതിപക്ഷത്തിന് വലിയ ഊർജം പകർന്നിട്ടുണ്ട്. ഇത് ഉൾക്കൊണ്ട് എൻഡിഎ സഖ്യത്തിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താനാണ് ബിജെപി ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബിഹാറിൽ റാലിയിൽ പങ്കെടുത്തിരുന്നു. സഖ്യം ശക്തിപ്പെടുത്താൻ 14 സമിതികൾക്ക് സംസ്ഥാന എൻഡിഎ രൂപംനൽകി. ഇതിൽ ഏഴെണ്ണം ബിജെപിയും ഏഴെണ്ണം ജെഡിയുവുമാണ് നയിക്കുന്നത്.
ആദ്യഘട്ടമായി സംസ്ഥാനത്തുടനീളം പ്രവർത്തക യോഗങ്ങൾ വിളിച്ചുചേർക്കാനാണ് നീക്കം. ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ ലോക്ജൻശക്തി പാർട്ടി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ), രാഷ്ട്രീയ ലോക്‌മോർച്ച എന്നിവരുടെ പ്രതിനിധികളെയും സമിതികളിൽ ഉൾപ്പെടുത്താനാണ് ശ്രമം. താഴേത്തട്ടിലെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് സംയുക്ത പ്രവർത്തകയോഗങ്ങൾ ചേരുന്നത്.
Content Highlights: vote adhikar yatra rahul gandhi bjp