‘എംഎൽഎ’മാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടംചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) 'റിസോർട്ട് രാഷ്ട്രീയത്തിന്' തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കേ തമിഴ്നാട്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ സൂചനകളുടെ പശ്ചാത്തലത്തിലാണ് ടിവികെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിജയസാധ്യതയുള്ള തങ്ങളുടെ സ്ഥാനാർഥികളെ മറ്റു പാർട്ടികൾ സ്വാധീനിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.
വിജയിക്കുന്ന ടിവികെ സ്ഥാനാർഥികളെ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റാനാണ് പാർട്ടി തീരുമാനം. കുറഞ്ഞത് 100 സ്ഥാനാർഥികളെയെങ്കിലും താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ട് സജ്ജമാക്കാൻ വിജയ് ഭാരവാഹികൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൂക്കുമന്ത്രിസഭ വരാനുള്ള സാധ്യത കണക്കിലെടുത്ത് കുതിരക്കച്ചവടം തടയാനും പാർട്ടി ഐക്യം ഉറപ്പാക്കാനുമാണ് ഈ മുൻകരുതൽ നടപടി.
സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞാലുടൻ കാലതാമസം കൂടാതെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. 'സീറ്റ് ജയിച്ചുകഴിഞ്ഞാൽ എങ്ങോട്ടും പോകരുത്' എന്ന് അദ്ദേഹം തമാശരൂപേണ സ്ഥാനാർഥികളോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എല്ലാ സാഹചര്യങ്ങൾക്കും സജ്ജരായിരിക്കാൻ വിജയ് തന്റെ പാർട്ടിയുടെ നിയമവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി ആധവ് അർജുനയോട് നിർദേശിച്ചിട്ടുണ്ടെന്നും വിജയിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Content Highlights: TVK preparing for a potential hung assembly scenario in 2026., Vijay has arranged a resort in Pooncheri to secure winning candidates., Proactive measures taken to prevent horse-trading and poaching., Strict instructions issued to candidates to report to party headquarters immediately.