മുതിര്‍ന്ന ബിജെപി നേതാവ് വിജയകുമാര്‍ മല്‍ഹോത്ര അന്തരിച്ചു

വിജയ് കുമാർ മൽഹോത്ര | Photo: PTI
വിജയ് കുമാർ മൽഹോത്ര | Photo: PTI

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെൻ്റംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര (94) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു.

മദൻലാൽഖുറാന, കേദാർനാഥ് സാഹ്നി എന്നിവർക്കൊപ്പം ഡൽഹി രാഷ്ട്രീയത്തിലെ അതികായനായിരുന്ന മൽഹോത്ര, അഞ്ച് തവണ എംപിയും രണ്ട് തവണ എംഎൽഎയുമായിരുന്നു. 1980-കളിലും 1990-കളിലും തലസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് തുല്യമായ പദവിയായ ഡൽഹിയുടെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999 ലെ പൊതുതിരഞ്ഞെടുപ്പില്‍ സൗത്ത് ഡെൽഹി മണ്ഡലത്തിൽ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ മല്‍ഹോത്ര പരാജയപ്പെടുത്തിയിരുന്നു. 2004ലെ തിരഞ്ഞെടുപ്പിൽ ഡെൽഹിയിൽ നിന്നു വിജയിച്ച ഏക ബി.ജെ.പി സ്ഥാനാർഥിയും മൽഹോത്രയായിരുന്നു.

മൽഹോത്ര ദീർഘകാലമായി വിഭാവനം ചെയ്തിരുന്ന ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഡൽഹി ബിജെപിയുടെ ആദ്യത്തെ സ്ഥിരം സംസ്ഥാന ഓഫീസ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മരണം.

കായികസംഘടനാരംഗത്തും സജീവമായിരുന്നു മൽഹോത്ര. നാൽപത്തിനാലു വർഷം ദേശീയ ആർച്ചറി അസോസിയേഷന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുരേഷ് കൽമാഡി അറസ്റ്റിലായപ്പോൾ ഒളിമ്പിക് അസാേസിയേഷന്റെ പ്രസിഡന്റുമായി. കായികസംഘടനകളുടെ സംയുക്തവേദിയായ  ജനറൽ അസോസിയേഷൻ ഓഫ് നാഷണൽ സ്പോർട്സ് ഫെഡറേഷൻസിന്റെയും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സിന്റെയും അധ്യക്ഷനായിരുന്നു.

"മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഡൽഹി ഘടകത്തിൻ്റെ ആദ്യ അധ്യക്ഷനുമായ പ്രൊഫ. വിജയ് കുമാർ മൽഹോത്ര ജി ഇന്ന് രാവിലെ അന്തരിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം ലാളിത്യത്തിൻ്റെയും പൊതുസേവനത്തിനുള്ള സമർപ്പണത്തിൻ്റെയും ഉത്തമ ഉദാഹരണമായിരുന്നു", ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിൽ സംഘത്തിൻ്റെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച ജനസംഘത്തിൻ്റെ കാലം മുതലുള്ളതാണ് മൽഹോത്രയുടെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന മികച്ച നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ അനുശോചിച്ചു. ‘’ഡൽഹിയിൽ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളുടെ പേരിലും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമുള്ള അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’’-പ്രധാനമന്ത്രി കുറിച്ചു.

Content Highlights: Senior BJP leader and former MP, Prof. Vijay Kumar Malhotra, aged 94, passed away. A key figure in Delhi politics, his contributions to the party were significant.