'നിങ്ങളെന്താണ് ഇവിടെ ചെയ്യുന്നത്?'; വേദിയിൽവെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അടിക്കാനോങ്ങി സിദ്ധരാമയ്യ

ബെലഗാവി: പോലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയിൽവെച്ച് അടിക്കാനോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്ര സർക്കാരിനെതിരേ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ വെച്ചായിരുന്നു പോലീസുകാരനെതിരേ സിദ്ധരാമയ്യ തിരിഞ്ഞത്.
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ചില പരാമർശങ്ങളുണ്ടായി എന്നത് ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ ഇതേ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്ന് ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.
ഇവിടത്തെ എസ്പി ആരാണ് എന്ന് ചോദിച്ച് പോലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യ അടിക്കാനോങ്ങിയത്. ദ്വാരക എസ്പി നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യയുടെ രോഷപ്രകടനം. 'ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്' എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വീഡിയോയിൽ കാണാം. കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജെവാലയും മന്ത്രി പാട്ടീലും അടക്കമുള്ളവർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാവുകയായിരുന്നു. അടിക്കാനോങ്ങുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പിന്നോട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ സിദ്ദരാമയ്യയ്ക്കെതിരേ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികാരം എന്നെന്നേക്കുമല്ലെന്ന മുന്നറിയിപ്പുമായി ജെഡിഎസും രംഗത്തെത്തി.
Content Highlights: Video Siddaramaiahs Slap Gesture At Cop After He Loses Cool On Stage