ആരാധനാലയങ്ങളെ ചൊല്ലി പുതിയ തർക്കമുയർത്തി ഹിന്ദുക്കളുടെ നേതാവാകാമെന്ന് ചിലർ കരുതുന്നു;വെങ്കയ്യ നായിഡു

കോഴിക്കോട്: ആരാധനാലയങ്ങളെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ രാജ്യത്ത് ഉടലെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ്. മേധാവി മോഹന്‍ഭാഗവതിന്റെ നിലപാട് ജനം സ്വാഗതം ചെയ്തിട്ടുണ്ടെന്നും അത് നല്ല സമീപനമാണെന്നും മുന്‍ ഉപരാഷ്ട്രപതി എന്‍. വെങ്കയ്യനായിഡു. മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ഭാഗവതിന്റെ പ്രസ്താവനയെ വെങ്കയ്യനായിഡു പ്രശംസിച്ചത്.
മോഹന്‍ ഭാഗവതിന്റെ സന്ദര്‍ഭോചിതമായ പ്രതികരണം എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. ആരാധനാലയങ്ങളെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ത്തി ഹിന്ദുക്കളുടെ നേതാക്കളാവാമെന്ന് ചിലര്‍ കരുതുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്ന് ആരുടെയും പേരെടുത്ത് പറയാതെ മോഹന്‍ഭാഗവത് വ്യക്തമാക്കിയിരുന്നു.
അയോധ്യ, കാശി, മധുര എന്നീ മൂന്ന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ചരിത്രപരമായും വിശ്വാസപരമായും തര്‍ക്കങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്കപ്പുറം പുതിയ പുതിയ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത് ശരിയല്ലെന്ന് വെങ്കയ്യനായിഡു പറഞ്ഞു. തര്‍ക്കങ്ങളെല്ലാം എവിടെയെങ്കിലും വെച്ച് അവസാനിപ്പിക്കണം. പുതിയ തര്‍ക്കങ്ങള്‍ ഉന്നയിക്കില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ പൊതുധാരണയിലെത്തണം.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്നതെന്ന് പറയുന്ന വിഷയങ്ങള്‍ ഇനിയും കുത്തിപൊക്കി പ്രശ്നങ്ങളുണ്ടാക്കരുത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്. കൈക്കൊണ്ട നിലപാട് മാതൃകാപരമാണ്. രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും തമ്മില്‍ ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തക്കണം. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയുടെ തീരുമാനം വരുന്നതുവരെ എല്ലാവരും കാത്തിരിക്കണം.
പുതിയ വിഷയങ്ങള്‍ കുത്തിപൊക്കുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കണമെന്ന് വെങ്കയ്യനായിഡു പറഞ്ഞു. ജാതി, മതം, വര്‍ണം, ലിംഗം എന്നീ വേര്‍തിരിവിന്റെ പേരില്‍ ഇനിയും നമ്മള്‍ തര്‍ക്കിക്കുന്നതും കലഹിക്കുന്നതും അടിയന്തിരമായി അവസാനിപ്പിക്കണം. നമ്മള്‍ എല്ലാം ഇന്ത്യക്കാരാണെന്നും ഒരുമിച്ച് പ്രവര്‍ത്തിച്ച് മുന്നേറേണ്ടവരാണെന്നുമുള്ള ബോധം എല്ലാവരിലും ഉണ്ടാവേണമെന്നും വെങ്കയ്യ ഓര്‍മിപ്പിച്ചു.
Content Highlights: Former Venkaiah naidu praised Mohan Bhagwat`s call for an end to new temple disputes