നൊമ്പരമായി മകന്റെ വിയോഗം; സമ്പാദ്യത്തിന്റെ 75 ശതമാനവും തിരികെ സമൂഹത്തിനെന്ന് വ്യവസായി അനിൽ അഗർവാൾ

#ന്യൂസ് ഡെസ്ക്
അനില്‍ അഗര്‍വാളും(ഇടത്ത്) മകന്‍ അഗ്നിവേശ് അഗര്‍വാളും | Photo: x.com/AnilAgarwal_Ved
അനില്‍ അഗര്‍വാളും(ഇടത്ത്) മകന്‍ അഗ്നിവേശ് അഗര്‍വാളും | Photo: x.com/AnilAgarwal_Ved

ന്യൂഡൽഹി: സമ്പാദ്യത്തിന്റെ 75 ശതമാനം സമൂഹത്തിനായി നൽകുമെന്ന പ്രഖ്യാപനം ആവർത്തിച്ച് വേദാന്ത ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ അനിൽ അഗർവാൾ. മകൻ അഗ്നിവേശ് അഗർവാളിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയാണ് അനിൽ അഗർവാൾ തന്റെ വാഗ്ദാനം ആവർത്തിച്ചത്. മകന്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

ജീവിതത്തിലെ ഏറ്റവും ഇരുണ്ടദിവസമെന്നാണ് മകന്റെ വിയോഗമുണ്ടായ ദിവസത്തെ അനിൽ അഗർവാൾ വിശേഷിപ്പിച്ചത്. 'എനിക്ക് അവൻ മകൻ മാത്രമായിരുന്നില്ല. എന്റെ സുഹൃത്തും അഭിമാനവും എന്റെ ലോകവുമായിരുന്നു. ഒരുകുട്ടിയും വിശന്നുറങ്ങരുത്, ഒരുകുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്, ഓരോസ്ത്രീയും സ്വന്തംകാലിൽ നിൽക്കണം. യുവാക്കളായ ഓരോ ഇന്ത്യക്കാരനും ജോലിവേണം എന്നീ സ്വപ്‌നങ്ങൾ ഞങ്ങൾ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ സമ്പാദ്യത്തിന്റെ 75 ശതമാനത്തിലധികം സമൂഹത്തിന് തിരികെ നൽകുമെന്നും ഞാൻ അഗ്നിവേശിന് വാക്കുകൊടുത്തിരുന്നു. ഇന്ന്, ആ വാഗ്ദാനം ഞാൻ ആവർത്തിക്കുന്നു. ലളിതജീവിതം നയിക്കുമെന്നും ദൃഢനിശ്ചയം ചെയ്യുന്നു. അവന്റെ മുന്നിൽ ഒരുപാട് ജീവിതമുണ്ടായിരുന്നു, ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. അഗ്നി, നീ ഇല്ലാത്ത ഈ പാതയിലൂടെ എങ്ങനെ സഞ്ചരിക്കണമെന്ന് എനിക്കറിയില്ല. പക്ഷേ, നീ പകർന്ന വെളിച്ചം മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ ശ്രമിക്കും'', അനിൽ അഗർവാൾ കുറിച്ചു.

അനിൽ അഗർവാളിന്റെ മകനും വ്യവസായിയുമായ അഗ്നിവേശ് അഗർവാൾ(49) കഴിഞ്ഞദിവസമാണ് യുഎസിൽ അന്തരിച്ചത്. സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

വേദാന്ത ഗ്രൂപ്പ് സ്ഥാപകനായ അനിൽ അഗർവാളിന്റെയും കിരൺ അഗർവാളിന്റെയും മകനായ അഗ്നിവേശ് അഗർവാൾ അജ്‌മേറിലെ മായോ കോളേജിലെ പഠനത്തിനുശേഷമാണ് ബിസിനസ് രംഗത്തേക്കിറങ്ങിയത്. തുടർന്ന് വേദാന്ത ഗ്രൂപ്പിന് കീഴിൽ 'ഫുജൈറ ഗോൾഡ്' എന്ന കമ്പനി സ്ഥാപിച്ചു. 'ഹിന്ദുസ്ഥാൻ സിങ്കി'ന്റെ ചെയർമാനായി. തൽവാണ്ടി സാബോ പവർ ലിമിറ്റഡ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. വേദാന്ത ലിമിറ്റഡിന്റെ ബോർഡ് അംഗവും ഹിന്ദുസ്ഥാൻ സിങ്കിന്റെ ചെയർപേഴ്‌സണുമായ പ്രിയ അഗർവാൾ ഏകസഹോദരിയാണ്.

Content Highlights: Vedanta Chairman Anil Agarwal vows to donate over 75% of his wealth to society in memory of his late son, Agnivash Agarwal. A heartfelt tribute.