VDS സർക്കാരിന്റെ അഭിഭാഷകപട്ടികയിൽ മൻമോഹൻ, പിണറായി സർക്കാരുകളുടെ അഭിഭാഷകരും; ഒപ്പം തങ്ങൾ കുടുംബാംഗവും

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: Special Arrangement
പ്രതീകാത്മക ചിത്രം | Photo: Special Arrangement

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയത് മൻമോഹൻ സിങ്ങിന്റെയും പിണറായി വിജയന്റെയും സർക്കാരുകളുടെ അഭിഭാഷകർ ഉൾപ്പെടുന്ന സർക്കാർ അഭിഭാഷക പട്ടിക. മൻമോഹൻ സിങ് മന്ത്രിസഭയുടെ കാലത്ത് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയിരുന്ന ജോൺ വർഗീസിനെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡറായിരുന്ന പൂജ സുരേന്ദ്രൻ ആണ് വി.ഡി. സതീശൻ സർക്കാരിന്റെ അഭിഭാഷക പട്ടികയിലും സ്ഥാനംപിടിച്ചത്.

യു.പി.എ സർക്കാരിന്റെ കാലത്ത് അസിസ്റ്റന്റ് സോളിസിസ്റ്റർ ജനറൽ ആയിരുന്ന ജോൺ വർഗീസ് സുപ്രധാനമായ സാമ്പത്തിക, നികുതി കേസുകളിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും നിർണായകമായ ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി ജോൺ വർഗീസ് പ്രവർത്തിക്കുമെന്നാണ് സൂചന. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ഗവൺമെന്റ് പ്ലീഡർ ആയാണ് പൂജ സുരേന്ദ്രൻ സേവനം അനുഷ്ഠിച്ചത്.

പൂജ സുരേന്ദ്രന്റെ നിയമനത്തിൽ വിവാദമില്ലെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന സുധാകർ പ്രസാദിന്റെ ജൂനിയറായിരുന്നു പൂജ. അക്കാരണത്താലാണ് പിണറായി സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡറായി പൂജ സുരേന്ദ്രന് നിയമനം ലഭിച്ചതെന്നും പൂജയ്ക്ക് ഇടത് സംഘടനാ പ്രവർത്തന പാരമ്പര്യം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

മുസ്ലിം ലീഗിന് 2 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, തങ്ങൾ കുടുംബാംഗവും പട്ടികയിൽ

പി.എം. സനീർ, എം.കെ. അബൂബക്കർ എന്നിവരാണ് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായ മുസ്ലിം ലീഗിന്റെ അഭിഭാഷകർ. ഇതിൽ സനീർ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷായുടെ ഓഫീസിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയിരിക്കും എം.കെ അബൂബക്കർ. ടി.പി സാജിദ്, നവാസ് വി.എ, മുഹമ്മദ് സവാദ് എ. എന്നിവരാണ് സീനിയർ ഗവൺമെന്റ് പ്ലീഡർമാരായ മുസ്ലിം ലീഗ്‌ അഭിഭാഷകർ. തങ്ങൾ കുടുംബാംഗമായ സയ്യിദ് മൻസൂർ ബാഫഖി തങ്ങളെ ഗവൺന്മന്റ് പ്ലീഡറായി നിയമിക്കാനാണ് വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം. ഇത് ആദ്യമായാണ് തങ്ങൾ കുടുംബാംഗം സർക്കാർ അഭിഭാഷകനാകുന്നത്.

മൂന്ന് പതിറ്റാണ്ടിന് മുമ്പ് ഒരേ കോളേജിലെ SFI-KSU പോരാളികൾ, ഇന്ന് AG ഓഫീസിലെ പിൻഗാമികൾ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയിരുന്നത് വി. മനു ആയിരുന്നു. മനു രാജിവച്ച പദവിയിലേക്ക് വി.ഡി. സതീശൻ സർക്കാർ നിയമിക്കുന്നത് അഭിഭാഷക രശ്മി ആർ. നായരെ ആണ്. ഇരുവരും തിരുവനന്തപുരം ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1993-98 കാലത്താണ് ഇരുവരും നിയമപഠനം നടത്തിയത്. അക്കാലത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു മനു. കോളേജിലെ കെ.എസ്.യുവിന്റെ മുന്നണി പോരാളി ആയിരുന്നു രശ്മി.

സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിതിരായ വി. റഷീദ്, സോയൂസ് പി.കെ, ഡി.പി രേണു, ഷൈസൺ പി. മൻഗുഴ, എം.കെ അബൂബക്കർ, സുമിത വിനോദ്, സി.ആർ ശ്യാം കുമാർ, രഞ്ജിത് എ. എന്നിവർ മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡർമാർ ആയിരുന്നു. കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കന്റെയും, കെ. ബാബുവിന്റെയും അടുത്ത ബന്ധുക്കളും ടി.എൻ പ്രതാപന്റെ മുൻ പേർസണൽ സ്റ്റാഫ്‌ അംഗവും ഗവൺമെന്റ് പ്ലീഡർമാരുടെ ആദ്യ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. സീനിയർ അഭിഭാഷകരായി നിയമിക്കണമെങ്കിൽ എൻറോൾ ചെയ്തശേഷം പത്ത് വർഷത്തെ പ്രാക്ടീസ് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് മറികടന്ന് ഒരു അഭിഭാഷകനെ സീനിയർ ഗവൺമന്റ് പ്ലീഡറായി നിയമിച്ചുവെന്ന ആരോപണവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.

Content Highlights: Cabinet approval for a new panel of government pleaders under VD Satheesan's leadership., Appointment of John Varghese as Special Government Pleader for financial and tax-related cases., Pooja Surendran retained from the previous administration's legal team., Inclusion of Muslim League-affiliated lawyers and prominent family members in the panel., Controversies regarding seniority requirements and political affiliations of new appointees.