ചെങ്കോട്ടയിൽ മുഴങ്ങും ‘വന്ദേ മാതരം’ യുവശക്തിക്ക് ഊന്നൽ നൽകി 80-ാം സ്വാതന്ത്ര്യദിനാഘോഷം

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
ചെങ്കോട്ട | ഫോട്ടോ: മാതൃഭൂമി
ചെങ്കോട്ട | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ വന്ദേ മാതരം ആലപിക്കും. ചരിത്രത്തിലാദ്യമായിട്ടാണ് ചെങ്കോട്ടയിലെ സ്വതന്ത്ര ദിന ആഘോഷങ്ങളിൽ ‘വന്ദേ മാതരം’ ആലപിക്കുന്നത് എന്ന് കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർ കെ സിംഗ് അറിയിച്ചു. വന്ദേ മാതരം, യുവശക്തി എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന ആഘോഷം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ വന്ദേ മാതരം 150-ാം വാർഷികത്തിലെത്തുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ആദരം ഒരുക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി അറിയിച്ചു. പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുന്നതോടെ വന്ദേമാതരം ആലപിക്കും. തുടർന്നാകും പ്രധാനമന്ത്രി ദേശിയ പതാക ഉയർത്തുന്നതും, ദേശിയ ഗാനം ആലാപനവും നടക്കുക. വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്റർ വന്ദേമാതരം എന്ന് എഴുതി ബാനറുമായി ചെങ്കോട്ടയ്ക്ക് മുകളിൽ പറക്കും.

2047ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യുവതലമുറയുടെ പങ്ക് അടിവരയിടുന്നതാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത. രാജ്യത്തിന്റെ ഭാവി വികസനത്തിന്റെ പ്രധാന ചാലകശക്തിയായി യുവാക്കളെയാണ് ആഘോഷങ്ങൾ ഉയർത്തിക്കാട്ടുന്നത്. ഇന്ത്യൻ യുവതയുടെ ശാസ്ത്രരംഗത്തെ നേട്ടങ്ങൾക്ക് ആദരമായി 2026ലെ അന്താരാഷ്ട്ര ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയ 19 വിദ്യാർഥികളെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 5,000 ‘പ്രത്യേക അതിഥികളെയാണ്’ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവപ്രതിഭകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് അതിഥിപ്പട്ടികയുടെ സവിശേഷത.

Content Highlights: Vandemataram will be included in official Red Fort Independence Day celebrations for the first time in 2026., Comes after the passage of the National Honors (Amendment) Bill 2026 providing legal protection., Intentional obstruction of Vandemataram punishable with up to 3 years imprisonment., Debate continues between BJP and opposition regarding the history and verses of the national song.