'വന്ദേമാതര'ത്തിന് 'ജനഗണമന'യുടെ പ്രോട്ടക്കോൾ?

ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതര'ത്തിന് ദേശീയഗാനമായ 'ജനഗണമന'യ്ക്കുള്ള ഭരണഘടനാധിഷ്ഠിത പ്രോട്ടക്കോൾ ബാധകമാക്കുന്നകാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതലയോഗം ഇക്കാര്യം ചർച്ചചെയ്തു. വന്ദേമാതരം ആലപിക്കുന്നതിന് പ്രത്യേകമായ ചട്ടങ്ങളോ നിയമാവലിയോ ബാധകമാക്കേണ്ടതുണ്ടോയെന്നാണ് യോഗം ചർച്ചചെയ്തത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വന്ദേമാതരത്തോട് കൂടുതൽ ആദരം കാട്ടണമെന്നാണ് നയമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 150-ാം വാർഷികാഘോഷ പരിപാടികളുടെ രണ്ടാംഘട്ടം ഈ മാസവും മൂന്നാംഘട്ടം ഓഗസ്റ്റിലും നാലാംഘട്ടം നവംബറിലും സമാപിക്കും.
1870-ൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം 1905-08 കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യ മുദ്രാവാക്യമായിരുന്നു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സർക്കാർ നീക്കത്തിനുപിന്നിൽ രാഷ്ട്രീയലക്ഷ്യവും ചൂണ്ടിക്കാട്ടുന്നു. ദേശീയഗീതം എപ്പോൾ പാടണം, ദേശീയഗാനത്തോടൊപ്പം ഇതും ആലപിക്കണോ, ദേശീയഗീതത്തെ അപമാനിക്കുന്ന സാഹചര്യമുണ്ടായാൽ ശിക്ഷാനടപടിക്ക് വ്യവസ്ഥവേണോ എന്നിവയാണ് ചർച്ചചെയ്തതെന്നാണ് വിവരം. ദേശീയചിഹ്നങ്ങളോടുള്ള അനാദരം തടയുന്നതിനുള്ള 1971-ലെ നിയമം ബാധകമാക്കാനാണ് ആലോചന.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പ്രത്യേക നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് 2022-ൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
Content Highlights: Central government mulls constitutional protocol for `Vande Mataram`, aligning it with `Jana Gana Mana`. Discussions focus on singing rules & potential penalties.