മാലിന്യം വലിച്ചെറിഞ്ഞ കോച്ചുകൾ,പൗരബോധം തീരെയില്ല; വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യയാത്ര- വീഡിയോ വൈറൽ

#ന്യൂസ് ഡെസ്ക്
X Video Grab
X Video Grab

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ നിന്നുള്ള വീഡിയോ വൈറലാകുക മാത്രമല്ല, ട്രെയിനിനുള്ളിൽ യാത്രക്കാർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന നിലയിലാണ് വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് അവതരിപ്പിച്ചത്. ഹൗറയും ഗുവാഹാട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശനിയാഴ്ചയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

മാൽഡയ്ക്ക് സമീപമുള്ള ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ, ആദ്യ യാത്ര കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഒരു കോച്ചിൽ പ്ലാസ്റ്റിക് പാക്കറ്റുകൾ, ഡിസ്പോസിബിൾ സ്പൂണുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ചിതറിക്കിടക്കുന്നതായി കാണാം. ഈ സംഭവം ഓൺലൈനിൽ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അടിസ്ഥാനമായി പാലിക്കേണ്ട പൊതു അച്ചടക്കമില്ലാതെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് എത്തരത്തിലാണ് മികച്ച രീതിയിൽ നിലനിൽക്കാൻ സാധിക്കുക എന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തു. 

"വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ആദ്യ യാത്ര കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ആളുകൾ മാലിന്യം വലിച്ചെറിയുന്നു. ഇത് പൗരബോധത്തിന്റെ ഒരു ഉദാഹരണമാണ്," എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. "പൗരബോധം ഇല്ലെങ്കിൽ, വന്ദേഭാരത്, ലക്ഷ്വറി വിമാനത്താവളങ്ങൾ, വിശാലമായ റോഡുകൾ പോലുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ പോലും നിലനിർത്താൻ പ്രയാസമാകും. പൗരബോധം എന്നത് പൊതുവിടങ്ങളിലെ അടിസ്ഥാനപരമായ ബോധമാണ്, ഇത് ഈ തലമുറ മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കണം, അല്ലെങ്കിൽ ഈ പ്രശ്നം ‌എക്കാലവും തുടരും", ഒരാൾ കമന്റ് ചെയ്തു. "ജപ്പാനിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും പോലെ LKG മുതൽ പൗരബോധം ക്ലാസുകൾ ഏർപ്പെടുത്താൻ സർക്കാർ ഉടൻ ഒരു നിയമം പാസാക്കണം", ഇതാണ് മറ്റൊരു എക്സ് ഉപയോക്താവിന്റെ കമന്റ്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ ഇന്ത്യൻ റെയിൽവേ ഗൗരവത്തിലെടുത്തിട്ടുണ്ട്. റെയിൽവേയുടെ ശുചിത്വം നിലനിർത്തുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും റെയിൽവേ സംവിധാനം പൊതുസ്വത്താണെന്നും ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, വന്ദേഭാരത് ട്രെയിനുകളിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുകയോ വൃത്തിഹീനമായ പെരുമാറ്റം ഉണ്ടാകുകയോ ചെയ്താൽ ആവശ്യാനുസരണം ആ സ്ഥലം ഉടൻ വൃത്തിയാക്കാൻ ഹൗസ് കീപ്പിങ് സ്റ്റാഫ് എപ്പോഴും ലഭ്യമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

വന്ദേഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ പതിപ്പാണ് ഹൗറയ്ക്കും കാമഖ്യയ്ക്കും (ഗുവാഹാട്ടി) ഇടയിൽ യാത്ര ആരംഭിച്ചത്. 958 കിലോമീറ്ററാണ് യാത്രാദൂരം. ദീർഘദൂര രാത്രി യാത്രകൾ വേഗതയേറിയതും കൂടുതൽ സുഖപ്രദവുമാക്കുന്നതിനായാണ് വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: First Vande Bharat Sleeper train journey marred by passenger litter. Passengers criticized for leaving plastic waste, food scraps. Urgent need for civic sense.