180 KM വേഗത, വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം; ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ഹൗറ: ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള (കാമാഖ്യ) ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി 'കവച്' (Kavach), എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
400 കിലോമീറ്റർ വരെയുള്ള യാത്രാങ്ങൾക്ക് എസി ത്രീ-ടയർ ടിക്കറ്റുകൾക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റർ യാത്രകൾക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതൽ 3,800 രൂപ വരെയാണ്. ഇത് ഭൂരിഭാഗം വിമാന നിരക്കുകളേക്കാളും കുറവാണ്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും അതോടൊപ്പം പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കും. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പും. മികച്ച കുഷ്യനുകളോട് കൂടിയ ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദം കുറഞ്ഞ യാത്ര എന്നിവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. രാത്രി ഭക്ഷണവും രാവിലെ ചായയും ഉൾപ്പെടുന്ന രീതിയിൽ രാത്രികാല സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പറിൽ വിഐപി പരിഗണനകളോ എമർജൻസി ക്വാട്ടയോ ഉണ്ടായിരിക്കില്ല. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും പാസ് ഉപയോഗിച്ച് ഇതിൽ യാത്ര ചെയ്യാൻ സാധിക്കില്ല. കൺഫേം ടിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
Content Highlights: India`s first Vande Bharat Sleeper train on the Howrah-Guwahati route. Experience faster, comfortable, and economical overnight journeys.