സാവരിയയുടെ മരണം: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി; ഗൂഢാലോചനയെന്ന് ആരോപണം

ന്യൂഡൽഹി: ഉസ്‌ബെകിസ്താനിൽ ഇന്ത്യൻ വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) ആവശ്യപ്പെട്ടു. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയായിരുന്ന സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും അതിന് വഴങ്ങാത്തതിനെത്തുടർന്ന് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംഘടന ആരോപിക്കുന്നത്.
ഈ സംഭവത്തെ ഒരു സാധാരണ കുറ്റകൃത്യമായി കാണാനാവില്ലെന്നും ഇതിന് പിന്നിൽ തീവ്രവാദ പ്രത്യയശാസ്ത്രം നയിക്കുന്ന ആസൂത്രിതമായ ക്രിമിനൽ ശൃംഖലകളുടെ പങ്കുണ്ടെന്നും എബിവിപി സംശയിക്കുന്നു. 'ലവ് ജിഹാദ്' എന്ന വ്യാജേന പ്രവർത്തിക്കുന്ന ഇത്തരം സംഘടിത ഗൂഢാലോചനകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സംഘടനയുടെ നിലപാട്. ഇതിനായി പ്രതികളുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ എൻഐഎ പരിശോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
ഭുവനേശ്വറിൽ നടന്ന എബിവിപി ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ, സ്ത്രീ ചൂഷണത്തിനും മതപരിവർത്തനത്തിനും പിന്നിലെ സംഘടിത ക്രിമിനൽ ശൃംഖലകളെ തടയണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. വ്യാജ ഐഡന്റിറ്റികൾ, സൈബർ ബ്ലാക്ക്‌മെയിലിംഗ്, വഞ്ചന എന്നിവയിലൂടെ സ്ത്രീകളെ ലക്ഷ്യമിടുന്നത് ദേശീയ സുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം ഉസ്‌ബെകിസ്താൻ അധികൃതരുമായി ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വിരേന്ദ്ര സിംഗ് സോളങ്കി ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സംഘടിത മതപരിവർത്തനവും ചൂഷണങ്ങളും തടയാൻ കർശനമായ ദേശീയ നിയമനിർമ്മാണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, 'മിഷൻ സാഹ്സി' പോലുള്ള വനിതാ ശാക്തീകരണ സംരംഭങ്ങൾ നടപ്പിലാക്കുക, കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്. വിദേശത്തുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക സുരക്ഷാ-സഹായ സംവിധാനം വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും എബിവിപി അറിയിച്ചു.